നന്നായി തുടങ്ങും, പക്ഷേ പടിക്കല്‍ കലമുടയ്ക്കും. ക്രിക്കറ്റില്‍ നിര്‍ഭാഗ്യം എന്ന വാക്കിനെ അടയാളപ്പെടുത്താന്‍ ഇന്നലെ വരെ ദക്ഷിണാഫ്രിക്കയോളം പോന്ന മറ്റൊരു പേരില്ലായിരുന്നു. ഒടുവിലിതാ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട്, നിര്‍ഭാഗ്യമെന്ന ആ ദുര്‍ഭൂതത്തെ അടിച്ച് ബൗണ്ടറി കടത്തിയിരിക്കുന്നു പ്രോട്ടീസ്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അവരുടെ ആദ്യ ഐസിസി കിരീടം. അല്ലെങ്കിലും അതങ്ങനെയാണ്, കാത്തിരിപ്പുകള്‍ക്ക് എപ്പോഴും ഒരു അറുതിയുണ്ടാകും. അതാണ് കായിക ലോകത്തെ കാവ്യനീതി. കൈവിട്ടുപോയ കിരീടങ്ങളെക്കുറിച്ചോര്‍ത്ത് അവര്‍ക്കിന്ന് തെല്ലും സങ്കടമില്ല. മറ്റെല്ലാം മറന്ന് ലോര്‍ഡ്‌സില്‍ ഉയര്‍ത്തിയ ഈ ലോകകിരീടം അവരത്രമേല്‍ നെഞ്ചോട് ചേര്‍ത്തിരിക്കുന്നു. ചോക്കേഴ്‌സ് എന്ന പരിഹാസവും ഇനിയവര്‍ കേള്‍ക്കേണ്ട. ലോകം കീഴടക്കിയ ചാമ്പ്യന്‍മാരാണവര്‍.