വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം സമൂഹം വേണ്ടത്ര പരിഗണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ രോഗങ്ങളാല്‍ നിരന്തരം ശ്രദ്ധ വേണ്ടിവരുന്നവരെ പരിചരിക്കുന്നവര്‍ പലതരം സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡിമന്‍ഷ്യ പോലുള്ള അവസ്ഥകളുള്ളവരെ പരിചരിക്കുന്നവരില്‍. ഇത്തരക്കാര്‍ക്ക് ശാരീരികവും മാനസികവുമായ ശ്രദ്ധ വേണ്ടിവരും. പ്രത്യേകിച്ച്, ആ പരിചരണത്തിന്റെ ഉത്തരവാദിത്തം വീടുകളിലെ സ്ത്രീകളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുമുണ്ട്. ഒപ്പം, മെഡിക്കല്‍ രംഗത്തും ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം ആവശ്യമാണ്. മാനസികപ്രശ്നങ്ങള്‍ക്ക് ഇന്നത്തെ മെഡിക്കല്‍ ട്രെയിനിങ്ങില്‍ ആവശ്യത്തിന് ഫോക്കസ് ലഭിക്കുന്നില്ല എന്ന സ്ഥിതിയുണ്ട്. സ്പെഷലൈസേഷനുകളുടെ കാലത്ത്, അത് ആരുടെയും ഉത്തരവാദിത്തമല്ലാതായി മാറുകയാണ്.
ജീവിതദൈര്‍ഘ്യവും വയോധികരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തില്‍, മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. മനോജ് കുമാര്‍.