അടിയുറച്ച സി.പി.എം പ്രവർത്തകയാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ സഖാവ് സുഹറ. പാർട്ടി ജീവിതം ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന താഴെത്തട്ടിലുള്ള ലക്ഷക്കണക്കിന് സഖാക്കളിലൊരാൾ.
മുസ്ലീം സമുദായത്തിൽ നിന്ന് സജീവ പാർടി പ്രവർത്തനത്തിലേക്ക് തീരെ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ടീയാവേശങ്ങളാൽ എത്തിച്ചേർന്ന സ്ത്രീ. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ച തോക്ക് പരീക്കുട്ടിയുടെ ഭാര്യ. തുരുത്തി എന്ന പ്രദേശത്തിന് മോസ്കോ എന്ന് വിളിപ്പേരുണ്ടായിരുന്നു മുൻപ്. കമ്യൂണിസ്റ്റ് കോട്ടയായിരുന്നു അത്. മുദ്രാവാക്യം വിളിച്ചും സമരം ചെയ്തും തൊഴിലെടുത്തും തൊഴിൽ പങ്കുവെച്ചും കുടുംബം പോറ്റിയും സഖാവ് സുഹറ ജീവിച്ച കമ്യൂണിസ്റ്റ് ജീവിതം ഒരു ചരിത്ര പാഠ പുസ്തകം പോലെ പുതിയ തലമുറയ്ക്ക് കേട്ടിരിക്കാൻ കഴിയും.