ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഭാഷ ഉണ്ടാകേണ്ടതാണെന്നും അത് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഹിന്ദി ഔദ്യോഗികഭാഷാ പ്രചാരണസമിതിയുടെ അധ്യക്ഷൻകൂടിയാണ് അദ്ദേഹം. ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. അതിനെതിരെ ഹിന്ദി ഇതര ഭാഷാസംസ്ഥാനങ്ങളും പുരോഗമന ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെയും സാംസ്കാരിക സമന്വയത്തെയും തകർക്കാൻ ഉദ്ദേശിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയം ആദ്യമായല്ല അമിത് ഷാ അവതരിപ്പിക്കുന്നത്. 2018ലും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.