കേരളത്തിൽ 3 ജാതി കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018ൽ കോട്ടയത്ത് കെവിനും 2020 അവസാനമായപ്പോൾ പാലക്കാട് തേങ്കുറിശ്ശിയിൽ അനീഷും ഭാര്യയുടെ ബന്ധുക്കളാൽ കൊല്ലപ്പെട്ടപ്പോൾ 2018ൽ മറ്റൊരു സംഭവത്തിൽ അരീക്കോടുള്ള ഒരു പിതാവ് ദളിത് യുവാവിനെ വിവാഹം കഴിച്ച സ്വന്തം മകളെയാണ് കൊന്നത്! കൃത്യമായും ജാതിയാണ് ഈ അരുംകൊലകൾക്ക് കാരണമെന്ന് അറിയാമെങ്കിലും അതിനെ മറച്ചു വെച്ചു 'ദുരഭിമാനക്കൊല' എന്നു വിളിക്കുകയാണ് സാംസ്കാരിക - പുരോഗമന കേരളം. സമൂഹത്തിൽ നടക്കുന്ന ജാതി വിവേചനങ്ങളെ കണ്ടില്ല എന്നു നടിക്കാൻ മലയാളിക്ക് ഒരു പ്രത്യേക മിടുക്കുള്ളതുപോലെ. ജാതിക്കൊല പോലെ തന്നെ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഉണ്ടായ 'സ്ഥലപ്രശ്നത്തിൽ' ആത്മഹത്യ ഭീഷണി മുഴക്കി ദമ്പതികൾ അഗ്നിക്കിരയായതും ഒരു ലോക്കൽ സിവിൽ കേസിനപ്പുറം ജാതി പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഭൂ-ഉടമസ്ഥതയിലെ അസമത്വം കാരണം ദളിത് - ആദിവാസി - മറ്റു പിന്നാക്ക വിഭാഗക്കാർ തുച്ഛമായ ഭൂമിയിൽ കെട്ടുറപ്പില്ലാത്ത കോളനി വീടുകളിൽ ജീവിക്കുന്നുണ്ട്. ഇങ്ങനെ നരകതുല്യ ജീവിതം നയിക്കുന്നവരിൽ സവർണ സമുദായക്കാർ ഇല്ല എന്നത് തന്നെയാണ് അതിനെ ഒരു ജാതിപ്രശ്നമെന്ന് വിളിക്കാൻ കാരണം. ഭൂവിതരണത്തിലെ അനീതികൊണ്ട് വീടുമാത്രം വെക്കാൻ സ്ഥലമുള്ളവർ തറപൊളിച്ച് മരിച്ചവരെ അടക്കുന്നതിനുൾപ്പെടെ കേരളം സാക്ഷിയായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ കേരളപൊതുസമൂഹം ജാതി പ്രശ്നമായി എന്തുകൊണ്ടാണ് കാണാത്തത് എന്നത് പരിശോധിക്കുകയാണ് ഈ എപ്പിസോഡിൽ. അതിഥി: ആക്ടിവിസ്റ്റ് എസ്. മൃദുലാദേവി.