ലോകകപ്പിന്റെ അവസാന നാലില്‍ ഇതാ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു. അറ്റ്‌ലസ് സിംഹങ്ങള്‍ എന്ന വീറുറ്റ അപരനാമം പേറുന്ന, അറബി സംസാരിക്കുന്ന മൊറോക്കോയാണ് ഒരു വന്‍കരയുടെ കൊടിയടയാളം പേറി അറബിനാട്ടിലെ ലോകകപ്പിന്റെ സെമിയില്‍ സ്ഥാനം പിടിച്ചത്. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്.
അതേസമയം കന്നി ലോകകപ്പ് സെമിയില്‍ മൊറക്കോയ്ക്ക് നേരിടാനുള്ളത് വീഞ്ഞിനേക്കാള്‍ വീര്യമുള്ള ഫ്രഞ്ച് പടയെയാണ്. നിലവിലെ ചാമ്പ്യനെ. നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.