കുടുക്ക
നന്ദനൻ മുള്ളമ്പത്ത്
വെള്ളരി നനയ്ക്കുവാൻ
വെള്ളം കൊണ്ടുവരുന്നതിന്
പണിക്കാരി ഉണിച്ചിരയോട്
പണിക്കാരൻ പൊക്കിണൻ
മൺകുടുക്ക
കടം ചോദിച്ചു
കുടുക്ക പൊട്ടിയാൽ
ആങ്ങളമാർ
പൊരയിൽ കയറ്റില്ലെന്ന്
ഉണിച്ചിര
വിഷമം പിടിച്ചു
പൊരയിൽ കയറ്റിയില്ലെങ്കിൽ
എന്റെ പൊരയിൽ പോരാമെന്ന്
പൊക്കിണൻ
വീരം പറഞ്ഞു
മറ്റൊന്നുമറിയാത്ത
പെണ്ണായിരുന്നതിനാൽ
ഉണിച്ചിര
കുടുക്ക കടം കൊടുത്തു.
എടുപ്പുള്ള
എന്തെങ്കിലും
നടത്താൻ വിചാരിക്കുന്ന
'ബാല്യേക്കാരനായിരുന്നതിനാൽ
വെള്ളം മതിയായപ്പോൾ
പൊക്കിണൻ
കുടുക്ക പൊട്ടിച്ചു.
ഉണിച്ചിര
പൊരയിലേക്ക് പോയില്ല
പൊക്കിൻ
വാക്ക് മാറിയുമില്ല.അവർക്ക്
കുറെ മക്കളുണ്ടായി
മടുപ്പുവന്ന്
ഒരു ദിവസം
പളനിക്കുപോയ
പൊക്കിണൻ
മടങ്ങിവന്നില്ല
മക്കളെല്ലാം
പല നാടുകളിൽ
ഗതിപിടിക്കാതെ
തുലഞ്ഞു
ഒറ്റക്കായ
ഉണിച്ചിര
മഴക്കാലത്ത്
മരിക്കാൻ കിടക്കുമ്പോൾ
ചിതറിപ്പായ
മക്കള ഓർമവന്ന്
അവസാനമായ്
പറഞ്ഞു
കുടുക്ക്
പൊട്ടേത് കൊണ്ടല്ലേ...