ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി... ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്‌ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം.
നാലു കൊല്ലം മുന്‍പത്തെ മാനക്കേടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മെസ്സിയാണ് ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. മുപ്പത്തൊന്‍പതാം മിനിറ്റില്‍ അല്‍വാരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തൊന്‍പതാം മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് അല്‍വാരസ് തന്നെ വിജയമുറപ്പിച്ച് ഒരിക്കല്‍ക്കൂടി വല കുലുക്കി.
2014-ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
മത്സരങ്ങളുടെ കൂടുതല്‍ വിവരണങ്ങളുമായി മാതൃഭൂമി പ്രതിനിധികള്‍ ചേരുന്നു. സൗണ്ട് മിക്സിങ്-സൗരവ്