ദേവിക എം എ എഴുതിയത്..💛
മുംബൈലേക്കുള്ള പതിവ് ട്രെയിൻ യാത്രകളിലൊന്നിൽ യാദ്ഗിറിൽ നിന്നോ സോളാപൂരിൽ നിന്നോ മറ്റോ അവിചാരിതമായി നീ ഓടി കയറുമെന്നും തിരക്കൊഴിഞ്ഞ സ്ലീപ്പർ ക്ലാസിന്റെ വിൻഡോ സീറ്റിൽ എനിക്കഭിമുഖമായി വന്നിരിക്കുമെന്നും ഞാൻ കരുതാറുണ്ട്. അവസാനം കണ്ടപ്പോഴും നീ ധരിച്ച അയഞ്ഞ ഡെനീമിന്റെ ഷർട്ടിൽ, ട്രെയിനിന്റെ താളത്തിനൊപ്പം നെറ്റിയിലേക്ക് ഊർന്നു വീഴുന്ന നിന്റെ ചെമ്പൻ മുടിയിഴകൾ,
നിറയെ അറകളുള്ള ബ്രൗൺ ബാഗ് പാക്ക്,
ഓറഞ്ചിന്റെ മണമുള്ള നിന്റെ ഹാന്റ് കർച്ചീഫ്,
ഉറക്കമളച്ച കണ്ണുകൾ...
അവസാനം എഴുതിയ കഥയെക്കുറിച്ചും ഇനിയും വരച്ച് പൂർത്തികരിക്കാത്ത ആ വയലറ്റ് പൂവിനെക്കുറിച്ചും നീയെന്നോട് സംസാരിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുണ്ട്.
തീവണ്ടിയുടെ ജനലിലൂടെ നമ്മൾ അസ്തമയം കാണുമെന്നും തുരങ്കങ്ങളിലെ ഇരുട്ടിൽ നിന്നെ ഞാൻ തൊടാനായുമെന്നും കരുതാറുണ്ട്.
പൂനെയിലെ തിരക്കുള്ള സ്റ്റേഷനിൽ നിന്നും നമ്മുടെ കോച്ചിലേക്ക് നൂണ്ട് വന്ന നീല കണ്ണുകളുള്ള മറാത്തിക്കാരിയിൽ നിന്നും നീ ചായയും ഞാൻ കാപ്പിയും വാങ്ങി കുടിക്കുമെന്ന്
നിന്റെ തോളിൽ വീണ് ഞാൻ അനേക കാലത്തിന് ശേഷം ശാന്തമായി ഉറങ്ങുമെന്ന്
വിവേകം കൊണ്ട് വിലക്കാനാവാത്ത ഒരുമ്മ നീ എന്റെ ഇടത്തെ കവിളിൽ തരുമെന്ന് ഞാൻ ധൈര്യപൂർവ്വം സ്വപ്നം കാണാറുണ്ട്.
മുംബൈലിറങ്ങി വി.ടി സ്റ്റേഷന് എതിർവശത്തുള്ള സ്റ്റാളിൽ നിന്നും വട പാവ് വാങ്ങി കഴിച്ച് നമ്മൾ പതിവ് പോലെ യാത്ര പറയുമെന്നും ഇനിയൊരിക്കലും കാണില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് ധ്യതിയിൽ നടന്ന് നീങ്ങുമെന്നും തനിച്ചുള്ള എല്ലാ ട്രെയിൻ യാത്രകളിലും ഞാൻ വെറുതെ വെറുതെ കരുതാറുണ്ട്....
❤️
ദേവിക