
Sign up to save your podcasts
Or


ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചതി
ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചതിയുടെ കഥ പിന്നീടാണ് നടന്നത്. ആദ്യ ഗ്രൂപ്പില്‍ ഹോളണ്ട്, ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന, ബ്രസീല്‍, പോളണ്ട്, പെറു. ആദ്യ മത്സരത്തില്‍ പെറു ബ്രസീലിനോട് 0-3 ന് തോറ്റു. അര്‍ജന്റീന 2-0ത്തിന് പോളണ്ടിനെ തോല്‍പ്പിച്ചു. പോളണ്ടിനോട് പെറു ഒരു ഗോളിന് തോറ്റു. അര്‍ജന്റീന ബ്രസീല്‍ മത്സരം ഗോള്‍രഹിത സമനിലയായി. പോളണ്ടിനെ ബ്രസീല്‍ 1-3ന് തോല്‍പ്പിച്ചു. ജൂണ്‍ 21നായിരുന്നു ആ മത്സരം. 4. 45നായിരുന്നു ആ മത്സരം. അതിന് പിന്നാലെ വൈകിട്ട് 7.15ന് ആയിരുന്നു അര്‍ജന്റീന- പെറു മത്സരം. അന്ന് പെറുവിനെ 0-6ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന പ്ലേ ഓഫ് ഉറപ്പിച്ചത്.
പക്ഷെ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സംഭവം പുറത്തുവന്നത്. തങ്ങളുടെ ആറു കളിക്കാരെ അര്‍ജന്റീന വിലയ്ക്കെടുത്തെന്ന് ആരോപിച്ച് മുന്‍ പെറുവിയന്‍ താരം ജോസ് വലസ്ക്കെസ് അടുത്തിടെ രംഗത്ത് എത്തി. തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്ത സത്യമാണിത്. ടീമിനെ ചതിച്ച് അര്‍ജന്റീനന്‍ പണം വാങ്ങിയവരുടെ പേരുകളും ജോസ് വലസ്ക്കെ പുറത്തുവിട്ടു. റോഡുള്‍ഫോ മാന്‍സോ, റൗള്‍ ഗോറിറ്റി, യുവാന്‍ ജോസ് മുനാണ്ടേ, റാമണ്‍ കൈ്വറോഗ എന്നിവരാണ് ആറില്‍ നാലു പേര്. രണ്ടു പേര് പിന്നീട് പ്രസിദ്ധരായ ഫുട്ബോള്‍ താരങ്ങളായി മാറി എന്നതിനാല്‍ അവരുടെ പേര് പുറത്തു പറയുന്നില്ലെന്നും വലസ്ക്കസ് പറഞ്ഞു. മുന്‍ മിഡ് ഫീല്‍ഡറും പെറുവിന്റെ കോച്ചുമായ മാര്‍ക്കോസ് കാല്ഡ്രോണ് അക്കാര്യം അറിയാം. നിര്‍ണ്ണായക മത്സരത്തിന് മുമ്പ്, ഗോളി കൈവറോഗയെ ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തങ്ങള്‍ക്ക് എന്തോ അപകടം മണക്കുന്നുണ്ടെന്ന് വാലസ്ക്കസും മറ്റു അഞ്ചു കളിക്കാരും പരിശീലകനെ സമീപിച്ച് മുന്നറിയിപ്പ് കൊടുത്തു. പക്ഷേ ഗോളിയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തി. എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങുകയും 90 മിനിറ്റ് കളിക്കുകയും ചെയ്തിരുന്ന തന്നെ 2-0 പിന്നില്‍ നില്‍ക്കേ ആദ്യ പകുതിക്ക് ശേഷം പെറു പരിശീലകന് തിരിച്ചു വിളിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ചറപറ ഗോളുകളും വാങ്ങി. ഈ മത്സരം അന്ന് ഏറെ വിവാദം വിളിച്ചുവരുത്തി. ബ്രസീലിന് പുറത്തേക്കുള്ള വഴിയൊരുക്കിയതും ഈ മാച്ചായിരുന്നു. ഇത് ഒത്തുകളിയാണെന്ന് അന്ന് ബ്രസീല്‍ പത്രങ്ങള്‍ ആരോപിച്ചിരുന്നു. തങ്ങള്‍ ലോകകപ്പിന് മുന്‍പ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നുവെന്ന് വലസ്ക്കസ് പറയുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ പോലും അര്‍ജന്റീനയെ പെറു ലിമയില്‍ വെച്ച 1-3ന് തോല്‍പ്പിച്ചതായിരുന്നു. അതിനാല്‍ തീര്‍ത്തും അവിശ്വസനീയമായിരുന്നു ആ പരാജയം എന്ന് വലസ്ക്കസ് പറയുന്നു. ഇത് സംബന്ധിച്ച് പുസ്തകം എഴുതിയതായും വലസ്ക്കസ് പറയുന്നു.
പിന്നീട് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ട തെളിവ് പ്രകാരം അര്‍ജന്റിനന്‍ സെന്‍ട്രല്‍ ബാങ്കിലെ ഒരു പെറുവിയന്‍ അക്കൌണ്ടിലൂടെ കോടിക്കണക്കിന് രൂപ ഒരു ദിവസത്തില്‍ മാറിയതായി പറയുന്നു. ഇത് പെറുവിയന്‍ കളിക്കാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നു. ഇതിന് പുറമേ പെറുവിന്റെ ഭീമന് തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന 13 പെറുവീയന്‍ തടവുകാരെ ജയില്‍ മോചിതരാക്കി എന്ന വാര്‍ത്തയും അക്കാലത്ത് പ്രചരിച്ചു.
ഫൈനലിലും നടന്നത് ചതിയോ
ഫൈനല്‍ ദിവസം. ബ്രൂണേസ് അയേസിലെ എസ്റ്റഡിയോ മൊണിമെന്റല് സ്റ്റേഡിയം. 71,483 കാണികള്‍. അതില്‍ നെതര്ലാന്റുകാര് തുച്ഛം. പക്ഷേ ഫൈനലിലും അര്‍ജന്റീനക്കാരുടെ ചതി തീര്‍ന്നില്ലെന്ന് പറയാം. നെതര്‍ലാന്റിന്റെ ടീം ബസ് വളരെ ചുറ്റി പത്ത് മിനുട്ട് വൈകിയാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ഒരു വാം അപ്പിന് പോലും സമയം നല്‍കിയില്ലെന്ന് ചുരുക്കം. മത്സരം ആരംഭിച്ചപ്പോള്‍ മരിയോ കോംപസ് സ്കോര്‍ ബോര്‍ഡ് തുറന്നു. അധികം വൈകാതെ ഡ്രിഗ് നാനിംഗ ഡച്ചുകാരുടെ സ്കോര്‍ ഒപ്പം എത്തിച്ചു. ഹാഫ് ടൈം കഴിയുമ്പോള്‍ ഇരുവരുടെയും സ്കോര്‍ 1-1. തൊണ്ണൂറാമത്തെ മിനുട്ടിന് അടുത്തപ്പോള്‍ ഡച്ച് സ്ട്രൈക്കര്‍ റെന്സന്ബ്രിക്കിന്റെ ഒരു കിക്ക് പോസ്റ്റില്‍ തട്ടി അകന്നു.
അതീവ കൌതുകമുള്ള ഒരു കാര്യം കൂടി പറയാം..
"ആ ലോകകപ്പില്‍ ഫെയര്‍ പ്ലേ അവാര്‍ഡ് കിട്ടിയത് അര്‍ജന്റീനയ്ക്ക് തന്നെ ആയിരുന്നു.!!
പാട്രിസ് ലുമുംബ:
ആഫ്രിക്കയുടെ ഹൃദയത്തിൽ തറച്ച വിപ്ലവനക്ഷത്രം
ചരിത്രം ചിലപ്പോഴൊക്കെ ചോരകൊണ്ടാണ് അതിന്റെ ഏറ്റവും തീക്ഷ്ണമായ അധ്യായങ്ങൾ എഴുതാറുള്ളത്. അത്തരമൊരു അധ്യായത്തിന്റെ പേരാണ് പാട്രിസ് ലുമുംബ.
വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല അദ്ദേഹം; മറിച്ച്, നൂറ്റാണ്ടുകളോളം അടിമത്തത്തിന്റെ ഇരുട്ടിൽ തളച്ചിടപ്പെട്ട ഒരു ഭൂഖണ്ഡത്തിന്റെ ഉണർത്തുപാട്ടായിരുന്നു. കറുത്ത വർഗക്കാരന്റെ ആത്മാഭിമാനത്തെ ലോകവേദിയിൽ ഭയമില്ലാതെ മുഴക്കിക്കേൾപ്പിച്ച വിപ്ലവകാരി. ബെൽജിയത്തിന്റെ ക്രൂരമായ കോളനി ഭരണത്തിൻ കീഴിൽ ശ്വാസം മുട്ടിയ കോംഗോയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നൽകിയത് ലുമുംബയായിരുന്നു.
1960 ജൂൺ 30-ന് കോംഗോ സ്വതന്ത്രമായപ്പോൾ, പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം നടത്തിയ പ്രസംഗം ലോകത്തെ ഞെട്ടിച്ചു. വേദിയിൽ ബെൽജിയം രാജാവ് ബോദ്വാൻ ഇരിക്കെ, പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തി ലുമുംബ മൈക്കിന് മുന്നിലെത്തി. "നമ്മുടെ ഈ സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല, കണ്ണുനീരും ചോരയും നൽകി നമ്മൾ പിടിച്ചുവാങ്ങിയതാണ്. ചമ്മട്ടിയടികളും അപമാനങ്ങളും ഏറ്റുവാങ്ങിയ ആ കറുത്ത ദിനങ്ങൾ ഇനി അവസാനിച്ചിരിക്കുന്നു. ഇനി നമ്മൾ ആരുടെയും അടിമകളല്ല!" എന്ന് അദ്ദേഹം വിറയ്ക്കാത്ത ശബ്ദത്തിൽ പ്രഖ്യാപിച്ചു.
പാൻ-ആഫ്രിക്കനിസം എന്ന മഹത്തായ ആശയത്തിലൂടെ ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യത്തിനായി അദ്ദേഹം ദാഹിച്ചു.
എന്നാൽ കോംഗോയുടെ മണ്ണിലെ വജ്രവും യുറേനിയവും കൊള്ളയടിക്കാൻ കാത്തിരുന്ന പാശ്ചാത്യ ശക്തികൾക്ക് ലുമുംബ ഒരു പേടിസ്വപ്നമായി മാറി. സ്വന്തം രാജ്യത്തെ വഞ്ചകരും വിദേശ ചാരസംഘടനകളും ചേർന്ന് ആ പാവം മനുഷ്യനെ വേട്ടയാടി. അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം തടവിലാക്കപ്പെട്ടു.
1961 ജനുവരിയിലെ ആ ക്രൂരമായ രാത്രിയിൽ, മരണം തൊട്ടടുത്തെത്തി നിൽക്കുമ്പോൾ അദ്ദേഹം തന്റെ പ്രിയപ്പെട്ടവൾക്ക്, പോളിന് ഒരു കത്തെഴുതി. അത് വെറുമൊരു വിടവാങ്ങൽ കത്തായിരുന്നില്ല; മറിച്ച്, ഒരു ജനതയുടെ മുഴുവൻ പോരാട്ടവീര്യത്തെയും പ്രണയത്തെയും ആവാഹിച്ചുവെച്ച അഗ്നിനാളമായിരുന്നു.
"എന്റെ പ്രിയപ്പെട്ടവളേ... ഈ വരികൾ നിനക്ക് ലഭിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാകാം. പക്ഷേ എനിക്ക് സങ്കടമില്ല. എന്റെ മരണം ഒരു അവസാനമല്ല, മറിച്ച് ഒരു വലിയ തുടക്കമാണ്. അവർക്ക് എന്റെ ശരീരത്തെ തകർക്കാം, ആസിഡിലൊഴുക്കി ഇല്ലാതാക്കാം. പക്ഷേ എന്റെ സ്വപ്നങ്ങളെയും ആദർശങ്ങളെയും തകർക്കാൻ ഒരു സാമ്രാജ്യത്വ ശക്തിക്കും കഴിയില്ല. കരയരുത് പോളിൻ... നിന്റെ കണ്ണുനീർ ശത്രുക്കൾക്ക് ആയുധമാകരുത്. പകരം നമ്മുടെ മക്കൾക്ക് നീ പറഞ്ഞു കൊടുക്കുക—അവരുടെ അച്ഛൻ ഒരു രാജ്യത്തിനുവേണ്ടി, ഒരു ജനതയുടെ അഭിമാനത്തിനുവേണ്ടി ചിരിച്ചുകൊണ്ട് മരണം വരിച്ചവനാണെന്ന്. വിട... നമ്മൾ വീണ്ടും കാണും, ഒരു സ്വതന്ത്രമായ ആഫ്രിക്കയുടെ ആകാശത്തിന് കീഴിൽ!"
ആ കത്തെഴുതി മണിക്കൂറുകൾക്കുള്ളിൽ കാട്ടിലെ ഒരു മരത്തിൽ കെട്ടിയിട്ട് ആ വിപ്ലവകാരിയെ അവർ വെടിവെച്ചുകൊന്നു. തെളിവ് നശിപ്പിക്കാനായി അദ്ദേഹത്തിന്റെ ശരീരം ആസിഡിൽ ലയിപ്പിച്ചു കളഞ്ഞു. എന്നാൽ ശരീരം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ലുമുംബ എന്ന 'ആശയത്തെ' കൊന്നുതള്ളാൻ അവർക്ക് കഴിഞ്ഞില്ല. ലുമുംബയുടെ ഈ പോരാട്ടവീര്യം ലോകമെമ്പാടുമുള്ള വിപ്ലവകാരികളെ സ്വാധീനിച്ചു. വിശ്വവിഖ്യാതനായ മാൽക്കം എക്സ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് "ആഫ്രിക്കയിലെ ഏറ്റവും മഹാനായ വ്യക്തി" എന്നാണ്.
മഹാനായ നെൽസൺ മണ്ടേല തന്റെ പോരാട്ടങ്ങളിൽ ലുമുംബ നൽകിയ ആവേശം എടുത്തുപറഞ്ഞിട്ടുണ്ട്. വിപ്ലവകാരി ചെഗുവേര ലുമുംബയുടെ രക്തസാക്ഷിത്വത്തെ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ ക്രൂരതയായിട്ടാണ് അടയാളപ്പെടുത്തിയത്.
ഈ വീരനായകന്റെ ജീവിതം അറിയാൻ ആഗ്രഹിക്കുന്നവർക്ക് ലുഡോ ഡി വിറ്റിന്റെ 'The Assassination of Lumumba' എന്ന പുസ്തകം ഒരു കണ്ണ് തുറപ്പിക്കലാണ്. ലുമുംബ സ്വന്തം നിലപാടുകൾ വ്യക്തമാക്കിയ 'Congo, My Country' എന്ന കൃതിയും ആഫ്രിക്കയുടെ വിമോചന സ്വപ്നങ്ങൾ തിരിച്ചറിയാൻ സഹായിക്കും. എമ ബ്രൗണിന്റെ 'The Lumumba Plot' എന്ന പുസ്തകം അദ്ദേഹത്തിനെതിരെയുള്ള ആഗോള ഗൂഢാലോചനകളെ തുറന്നു കാണിക്കുന്നു.
ഇന്നും ലോകമെമ്പാടുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ലുമുംബ ഒരു ഊർജ്ജമാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ കത്തുന്ന ജ്വാലയായി പാട്രിസ് ലുമുംബ ചരിത്രത്തിൽ അനശ്വരനായി നിലകൊള്ളുന്നു.
✍️ Shan Salim
From the publisher's feed