ബദാം ഉൾപ്പെടെ നട്സ് കഴിക്കുന്നതു മൂലം ഹൃദയാഘാതം, ഹൃദയത്തകരാറ്, ആട്രിയൽ ഫൈബ്രിലേഷൻ, അബ്ഡൊമിനൽ അയോർട്ടിക് അന്യൂറിസം ഇവ വരാനുള്ള സാധ്യത കുറവാണ്.പ്രോട്ടീൻ, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമായ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലം ഇൻസുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗർ ലെവൽ കുറയ്ക്കാനും ബദാം സഹായിക്കുന്നു.മാസത്തിൽ ഒന്നു മുതൽ മൂന്നു തവണ വരെ ബദാം കഴിക്കുന്നത് രോഗ സാധ്യത 3 ശതമാനം കുറയ്ക്കുന്നു.എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ബദാം കഴിച്ചാൽ രോഗസാധ്യത 12 ശതമാനവും ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിച്ചാൽ 18 ശതമാനവും രോഗസാധ്യത കുറയും.ആഴ്ചതോറും കഴിക്കുന്ന ബദാം ഉൾപ്പെടെയുള്ള നട്സിന്റെ അളവ് എത്ര കൂടുന്നുവോ ആർട്രിയൽ ഫൈബ്രിലേഷൻ വരാനുള്ള സാധ്യതയും അത്ര കണ്ട് കുറയുന്നു.അണ്ടിപ്പരിപ്പിൽ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം ഹൃദയ സംബന്ധമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.ഒരു പിടി ബദാമിൽ ജീവകം ഇ, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ തുടങ്ങി പതിനഞ്ചോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസത്തിന്റെ ഏതു സമയത്തും ലഘുഭക്ഷണമായി ബദാം കഴിക്കാം. വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുന്നതാകും നല്ലത്. കുട്ടികൾ മുതൽ പ്രായമായവർക്കു വരെ ഏതു പ്രായക്കാർക്കും ധൈര്യമായി കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമാണ് ബദാം.