Quran Hadith Learning School (QHLS)
📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 75-76
അവലംബം: അമാനി മൗലവി തഫ്സീർ
--------------------------------------
19:75 قُلْ مَن كَانَ فِى ٱلضَّلَٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ﴾٧٥﴿
(നബിയേ) പറയുക: ' വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന് അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!' - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും!
قُلْ
പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന് مَدًّا ഒരു അയച്ചുകൊടുക്കല് (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന് شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം (ജനസ്വാധീനം)
19:76 وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا ﴾٧٦﴿
സന്മാര്ഗ്ഗത്തില് ചരിക്കുന്നവനു അല്ലാഹു സന്മാര്ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.
وَيَزِيدُ اللَّـهُ
അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്ഗ്ഗത്തില് ചരിക്കുന്നവര്‍ക്കു, സന്മാര്ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്ഗ്ഗം (സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ഉത്തമവും, നല്ലതും مَّرَدًّا പരിണാമം, മടക്കം, പര്യവസാനം
ഹിജ്റയുടെ മുമ്പ് മദ്ധ്യദശയില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ അദ്ധ്യായം. സത്യപ്രബോധനത്തില് വിശ്വസിക്കുന്നവര്‍ അന്നു ഭൗതികമായ കഴിവുകളൊന്നുമില്ലാത്ത ദുര്‍ബ്ബലരായിരുന്നു. നിഷേധകന്മാരുടെ നിലയാകട്ടെ നേരെ മറിച്ചും. ഐഹികമായ എല്ലാ സുഖസൗകര്യങ്ങളും അവര്‍ക്കുണ്ട്. നബി (സ) തിരുമേനിയും സഹാബികളും സമ്മേളിക്കുന്ന സദസ്സ് കേവലം ചെറുതാണ്. പേരും പ്രശസ്തിയുമില്ലാത്ത കുറേ സാധുക്കളാണ് അതില്‍ പങ്കുകൊണ്ടിരുന്നത്. അതേ അവസരത്തില്‍ ഖുറൈശികള്‍ ‘ദാറുന്നദ് വ’ത്തില്‍ (*) ചേരുന്ന യോഗങ്ങളാകട്ടെ, കുബേരന്മാരുടെയും, നേതാക്കളുടെയും മഹാസമ്മേളനങ്ങളുമാണ്. സാധനസാമഗ്രികളിലും, ബാഹ്യമായ ആഢംബരമോടികളിലും അവരുടെ നില ഉന്നതമായിരുന്നു.
തല്‍ഫലമായി, വിശുദ്ധഖുര്ആനില് സത്യവിശ്വാസികള്‍ക്ക് നല്കപ്പെടുന്ന സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അവിശ്വാസികള്‍ പരിഹസിക്കുകയും, അഹങ്കാരപൂര്‍വ്വം പലതും പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് മേല്‍ പ്രസ്താവിച്ച ചോദ്യങ്ങളും. ആര്‍ക്കാണ് കൂടുതല്‍ പ്രതാപവും സ്വാധീനവുമുള്ളത്? ആരുടെ സദസ്സാണ് കൂടുതല്‍ അന്തസ്സുള്ളത്? എന്നിങ്ങനെ പലതും. ഇത്തരം വാക്കുകള്‍ ഇന്നും ചില ആളുകള്‍ സദ്വൃത്തരായ ആളുകളെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുള്ളതാണ്. ഇങ്ങിനെയുള്ളവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതിന്റെ സാരം ഇതാകുന്നു: അല്ലാഹുവിന്റെ ഭരണചട്ടം അവര്‍ മനസ്സിലാക്കുന്നില്ല. ദുര്‍മ്മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് അല്ലാഹു കുറേ അയച്ചുവിട്ടുകൊടുക്കുക പതിവാകുന്നു. അതുപോലെത്തന്നെ, സന്മാര്‍ഗ്ഗചാരികളായ ആളുകള്‍ക്കു സന്മാര്ഗ്ഗബോധവും, അതിനുള്ള സാഹചര്യങ്ങളും അധികരിപ്പിച്ചുകൊടുക്കലും അവന്റെ പതിവത്രെ. ഈ നടപടിയാണ് ഇവിടെയും അവന് സ്വീകരിച്ചിട്ടുള്ളത്. സല്ക്കര്മ്മ ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് അപ്പപ്പോള്‍തന്നെ അവന് തികഞ്ഞ പ്രതിഫലം കൊടുക്കുകയല്ല ചെയ്യുന്നത്. ഓരോന്നിന്റേയും പ്രതിഫലം പൂര്‍ത്തിയായും, പരിപൂര്‍ണ്ണമായും നല്കപ്പെടുന്നതിനു ഒരു സമയമുണ്ട്. അപ്പോള്‍ മാത്രമേ ഓരോ വിഭാഗക്കാര്‍ക്കും അവരുടെ യഥാര്‍ത്ഥവും, സ്ഥിരവുമായ നിലപാടുകള്‍ ഇന്നതാണെന്ന് ശരിക്ക് വെളിപ്പെടുകയുള്ളു. അതുകൊണ്ട് തല്ക്കാലത്തെ സുഖസൗകര്യങ്ങളും, സ്വാധീനശക്തികളും കണ്ടു അവര്‍ വഞ്ചിതരാകേണ്ടതില്ല.