ചന്തമേറും താരകങ്ങൾ കണ്മിഴിച്ചാദരാൽ നിന്നു
ചന്ദ്രികാലംകൃതയായി വസുന്ധരയും.
പരിണാമ തരുവിന്റെ നെറുകയിൽ നവ ശാഖ
പതിയെ മിഴി തുറക്കാൻ മുഹൂർത്തമായി.
നോബൽ സമ്മാനാർജ്ജിതരാം പണ്ഡിതപ്രവരന്മാരോ
നോബിളിൻറെ പിറവിക്കു സാക്ഷികളാവാൻ
പൊളിത്തീനും, പോളിസ്റ്ററും, പോളി വിറ്റാമിനുകളും
പോളിബാഗിന്നുള്ളിലാക്കി യാത്രയുമായി.
പ്ലാസ്റ്റിക്കാഴി കടന്നു, വൻ പ്ലാസ്റ്റിക്കചലങ്ങൾ താണ്ടി
പ്ലാസ്റ്റിക് മരുഭൂമി തന്റെ നടുവിലെത്തി.
ആണവോർജ്ജ നിലയങ്ങൾ ആഭയേകിപ്പുലർത്തുന്ന
ആരാമത്തിൽ സിന്തറ്റിക്കിൻ നികുഞ്ജമദ്ധ്യേ,
പുംസവനം കഴിഞ്ഞു ഭൂ കുംഭോദരസമാനയായ്
പുണ്യജന്മമേകുവതിന്നൊരുങ്ങിടുന്നു.
ആസകലം വിറപൂണ്ടു, സ്വേതതീർത്ഥത്തിലാറാടി
പൂമിഴിയാൾ തിരുവയറൊഴിഞ്ഞനേരം,
വാനവർ നിരന്നു ബഹിരാകാശരാജവീഥിയിൽ
വാസനപ്പൂവൃഷ്ടികൊണ്ടു പൊറുതി മുട്ടി.
ട്രമ്പറ്റൂതി മാലാഖകൾ, ദഫ് മുട്ടി ഹൂറികളും
സന്തോഷത്താൽ സാത്താൻ പോലും ഭയങ്കരനായ്.
പഞ്ചബാണൻ തോൽക്കും രൂപം, സുന്ദരാസ്യനവജാതൻ
ചുണ്ടു കോട്ടിച്ചിരിക്കവേ മുഴങ്ങി വാനിൽ.
"നവ യുഗം പിറന്നല്ലോ, നവ ലോകം പിറന്നല്ലോ
നവ കേളീഗ്രഹങ്ങൾക്കു ശാന്തിയേകുവാൻ,
ഇണ്ടലൊഴിഞ്ഞുലകിനു ചണ്ഡസൗഖ്യം പകരുവാൻ
ഇന്ദ്രസമൻ പിറന്നല്ലോ ഹോമോ പ്ലാസ്റ്റിയൻ."
പ്ലാസ്റ്റിക്കസ്ഥി, കശേരുക്കൾ, പ്ലാസ്റ്റിക്കോലും മജ്ജ, ചർമ്മം
പ്ലാസ്റ്റിക്കു മോണയും കാട്ടി പ്ലാസ്റ്റിക്കു കുട്ടൻ.
വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി
വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്,
പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ്
പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല.
തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ
പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല.
മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു
മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു.