കാലാവസ്ഥാവ്യതിയാനം - കേരളത്തിന്റെ അനുഭവങ്ങൾ - സുമ ടി.ആർ (M S Swaminathan Research Foundation), സി.കെ.വിഷ്ണുദാസ് (Indian Institute of Science Education & Research IISER, Tirupati) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു, കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കർഷകരും സംസാരിക്കുന്നു.
രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ കാലാവസ്ഥയും അതിന്റെ താളം മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു. ആദ്യം അതു അനുഭവിച്ചു തുടങ്ങിയത് കർഷകർ തന്നെയാണ്. വിത്തും മഴയും കൊയ്ത്തും മഞ്ഞും തമ്മിലുള്ള അകലവും അടുപ്പവും മാറുന്നതായി അവർ പറഞ്ഞുതുടങ്ങി. അതെ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണങ്ങൾ കേരളക്കര അനുഭവിച്ചു തുടങ്ങിയത് കാർഷിക രംഗത്തു തന്നെയാണ്. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ പൊതുവെ കായ്ഫലം കുറഞ്ഞിരുന്ന തെങ്ങു പോലുള്ള വിളകൾ കൂടുതൽ കായ്ഫലം തരാൻ തുടങ്ങി. നെല്ല് പോലുള്ള സഹൃസ്വകാല വിളകൾ നേരത്തെ മൂപ്പെത്താൻ തുടങ്ങി . കുരുമുളക് പോലെ ഏലംപോലെയുള്ള അന്തരീക്ഷ ത്തിലും മണ്ണിലും ഈർപ്പം വേണ്ട വിളകൾക്കു രോഗങ്ങളും മറ്റു പ്രശ്നങ്ങളും കണ്ടുതുടങ്ങി . മലമ്പ്രദേശങ്ങളിൽ പൊതുവിൽ കാർഷിക ഉത്പാദനം കുറഞ്ഞുവന്നു.
രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകം മഴക്കുറവിന്റെയും വരൾച്ചയുടെയും പ്രശ്നങ്ങൾ ആണ് ഉയർത്തിയത്. അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായ വർധനവും ഭൂഗർഭ ജലവിതാനത്തിന്റെ താഴ്ചയും കാർഷിക ഉല്പാദനത്തെയും കുടിവെള്ള ലഭ്യതയെയും ബാധിച്ചു. കേരളത്തിനു ലഭിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളൊക്കെ സമുദ്രനിരപ്പ് ഉയരുന്നതിനെപ്പറ്റിയും തീര ദ്വീപ് വാസികളെപ്പറ്റിയും സാർവത്രികമായി ഉണ്ടാകാൻ പോകുന്ന ജല ദൗർലഭ്യത്തെക്കുറിച്ചും ആയിരുന്നു. എന്നാൽ 2018 ൽ രണ്ടു ഘട്ടങ്ങളിലായി മൺസൂൺ കാലത്തു പശ്ചിമഘട്ട സാനുക്കളിൽ പെയ്തിറങ്ങിയ അതിരൂക്ഷമായ മഴയിൽ മലചെരിവുകൾ അടർന്നുവീഴുകയും നദികളിൽ വെള്ളം പൊങ്ങുകയും ചെയ്തു. കേരളത്തിൻറെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള തീവ്ര കാലാവസ്ഥാ അനുഭവങ്ങൾ ഉണ്ടായി. വളരെ പെട്ടെന്ന് കേരളത്തിന്റെ തുടർച്ചയായി വരുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ സാമൂഹിക വികസ പ്രശ്നമായി മാറി.
പൊതുവിൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുരണങ്ങളാണ് നമ്മൾ കാണുന്നതെന്ന് പറയുമ്പോളും പ്രാദേശികമായ കാരണങ്ങൾ കൂടി ഇതിന്റെ ആഘാതത്തെ സ്വാധീനിക്കുണ്ട്. നമ്മുടെ മലനിരകളിലെ ഭൂവിനിയോഗം നദീതടങ്ങളുടെ പരിപാലനം തണ്ണീർ തടങ്ങളുടെയും കായലുകളുടെയും അശാസ്ത്രീയമായ ഉപയോഗം എന്നിവ പൊതുവിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനകാലത്തെ വികസനവും ജീവിതവും കുറച്ചു കൂടി ശാസ്ത്രീയമായി ആസൂത്രണം ചെയ്യേണ്ടതുണ്ട് എന്ന് തന്നെയാണ് പുതിയ സാഹചര്യങ്ങൾ നമ്മോടു പറയുന്നത്. പ്രാദേശീകമായി നമ്മുടെ ഭൂപ്രകൃതി ഇത്തരം പ്രതിഭാസങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുകയും ആഘാതങ്ങൾ കുറയ്ക്കുന്ന നാശനഷ്ട്ടങ്ങൾ കുറയ്ക്കുന്ന ജീവിത രീതികൾ വികസിപ്പിക്കാൻ നമുക്കാവണം. ഇതിൽ ഏറ്റവും പ്രധാനം കേരളത്തിനു ഒരു ഭൂവിനിയോഗനയം ഉണ്ടാകുക എന്നതാണ്.
കർഷകർ : മിനി (കൊല്ലം), ജോസഫ് (വയനാട്), അരവിന്ദൻ (കർഷകൻ പാലക്കാട്), മാർട്ടിൻ ആന്റണി കല്ലുപുരയ്ക്കൽ (കുട്ടനാട്)
ഗാനങ്ങൾ - രചന: എം.എം. സചീന്ദ്രൻ, കരിവള്ളൂർ മുരളി, ആലാപനം : ഗായത്രി, കോട്ടക്കൽ മുരളി
ലൂക്കയിൽ കേൾക്കാം https://luca.co.in/category/luca-podcast/