ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാളം ഓൺലൈൻ എഴുത്തുകാരിൽ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ കാച്ചിക്കുറുക്കിയ കഥകൾ കൊണ്ടും, അകൃത്രിമസൗന്ദര്യം നിറഞ്ഞ ഗദ്യശൈലി കൊണ്ടും, സാമൂഹികപ്രാധാന്യമുള്ള കവിതകൾ കൊണ്ടും, സാഹിത്യവും ചരിത്രവും രാഷ്ട്രീയവും അളന്നുമുറിച്ചു വിശകലനം ചെയ്യുന്ന ലേഖനങ്ങൾ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ പെരിങ്ങോടൻ എന്ന രാജ് നീട്ടിയത്തിന്റെ "വെളുത്ത രക്ഷസ്സുകൾ" എന്ന കഥയാണ് ഈ ലക്കത്തിൽ.
യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.