ക്യാപ്റ്റൻ യംഗ്, ക്യാപ്റ്റൻ ട്രുമോണ്ട്, ക്യാപ്റ്റൻ സ്റ്റിവർട്ട് എന്നിവരും ദ്വിഭാഷിയായ സാമും, പിന്നെ ഡുഡേ ദമ്പതികളും, റോബിനും മറ്റ് നാവികരും ഉൾപ്പെടുന്ന സംഘം തെക്കൻ മഡഗാസ്ക്കറിലെ ആൻഡ്രോയ് രാജ്യത്തിലെ കിംഗ് കിരീന്ദ്രയെ തടവുകാരനാക്കി അവിടെ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ശ്രമിക്കുകയും, അയാളെയുംകൊണ്ട് കൊട്ടാരത്തിൽ നിന്നും തൊട്ടടുത്തുള്ള കിങ് സാമുവേലിന്റെ രാജ്യം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. എന്നാൽ റോബിന്റെ കപ്പിത്താനായ ക്യാപ്റ്റൻ യംഗിന്റെ തെറ്റായ തീരുമാനങ്ങൾ മൂലം രാജാവിനെയും, അയാളുടെ മകനെയും അവർക്ക് വിട്ടുകൊടുക്കേണ്ടി വരികയും അതുമൂലം അവരുടെ കൂടെയുണ്ടായിരുന്ന ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തു. അവസാനം യാത്രയുടെ നാലാം ദിവസം അവർ കിംഗ് കിരീന്ദ്രയുടെയും, കിങ് സാമുവേലിന്റെയും രാജ്യങ്ങളുടെ അതിർത്തിയിലുള്ള നദി മറികടന്ന് അപ്പുറം കടന്നെങ്കിലും അന്നത്തെ പ്രഭാതത്തിൽ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പലരെയും കാണ്മാനില്ല എന്നവർക്ക് പിടികിട്ടി. ക്യാപ്റ്റൻ ഡ്രൂമോണ്ട് , ക്യാപ്റ്റൻ സ്റ്റീവാർഡ്, മിസ്റ്റർ ബെൻബോ, ഡൂഡേയ് ദമ്പതികൾ, കൂടെ നാലോ അഞ്ചോപേർ, ഇത്രയും ആളുകളെയാണ് ഇപ്പോൾ കാണ്മാനില്ലാത്തത്. പക്ഷെ ആകെ മുപ്പതോളം ആളുകൾ പോയിട്ടുണ്ടെന്ന് പിന്നീട് അവർക്ക് പിടികിട്ടി. മറ്റുള്ളവരോട് ഒരു വാക്ക് പോലും പറയാതെ അവർ രാത്രിയിൽ കടന്നു കളഞ്ഞതാണ്. ക്യാപ്റ്റൻ യങിന്റെ മണ്ടൻ തീരുമാനങ്ങൾക്കൊപ്പം ഇനിയും സഹകരിക്കാനാവില്ല എന്നവർ തീരുമാനിച്ചു കാണണം. എന്തായാലും അവർ രക്ഷപെട്ടു കഴിഞ്ഞു. എന്നാൽ ഇനിയും അവശേഷിക്കുന്നവരുടെ കാര്യത്തിൽ ഈ യാത്ര അവസാനിക്കുകയാണ്. അവരുടെ വിധി പകൽവെളിച്ചംപോലെ വ്യക്തമാണ്. ആയുധങ്ങളോ, ഭക്ഷണമോ കയ്യിലില്ല. ഇനിയെന്തും സംഭവിക്കാം!