ആര്‍ടിസ്റ്റുകള്‍ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് കലയുടെ ഭാഷകൊണ്ടാണ്. സിതാര കൃഷ്ണകുമാര്‍ എന്ന മ്യൂസിക് ആര്‍ടിസ്റ്റ് പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും ഈ കാലത്തിന്റെ സങ്കീര്‍ണതകളെ രേഖപ്പെടുത്തുകയാണിവിടെ. ഈ വര്‍ത്തമാനത്തില്‍ സിതാര ലോകം മുഴുവന്‍ കടന്നു പോന്ന കൊറോണക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. കലയിലും മനുഷ്യരിലും സംഭവിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സ്ത്രീകളെക്കുറിച്ചും സംഗീതത്തിന്റെ രാഷ്ട്രീയ ശേഷിയെക്കുറിച്ചും പറയുന്നുണ്ട്. പല കാലത്തെയും പല ശബ്ദങ്ങളെയും കുറിച്ച് പറയുന്നുണ്ട്. സിനിമാ സംഗീതത്തിന്റെയും ടെലിവിഷന്‍ ഷോകളുടേയും ജനപ്രിയ വഴികളിലും ക്ലാസിക്കല്‍ സംഗീതത്തിന്റെ കര്‍ക്കശ വഴികളിലും ഇതൊന്നുമല്ലാത്ത പാട്ടുകളുടെ ആവിഷ്‌കാരത്തിന്റെയും ആസ്വാദനത്തിന്റെയും വഴികളിലും ആഹ്ലാദത്തോടെ പാടി നടക്കുന്ന സിതാര മലയാളികള്‍ക്ക് ഏറെ പരിചിതയും പ്രിയപ്പെട്ടവളുമാണ്.