സുഗതകുമാരി ടീച്ചര്‍ക്ക് എന്റെ ഹൃദയത്തില്‍ മരണമില്ല. ഏകാന്തമായ എന്റെ കൗമാരദിനങ്ങളുടെ പ്രകാശവും സംഗീതവുമായിരുന്നു ടീച്ചറുടെ കവിതകള്‍. വീട്ടിലെ വലിയ പുസ്തകശേഖരത്തില്‍നിന്ന് ‘മുത്തുച്ചിപ്പി' കണ്ടെത്തിയതാണ് തുടക്കം. അന്നുഞാന്‍ ഏഴാം ക്ലാസിലായിരുന്നു. പിന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും സ്വന്തമാക്കി വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കിയ വര്‍ഷങ്ങള്‍. സ്വയം കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ എല്ലാം സുഗതകുമാരിക്കവിതകളുടെ ദുര്‍ബലമായ അനുകരണങ്ങളായിരുന്നു. അത് തിരിച്ചറിഞ്ഞ അന്ന് ഞാന്‍ ആ സമാഹാരങ്ങള്‍ കണ്‍വെട്ടത്തുനിന്നു മാറ്റി ഒളിച്ചുവെച്ചു- വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായൊരു ശൈലി ആര്‍ജിച്ചു എന്ന ആത്മവിശ്വാസം വരുംവരെ. എന്റെ രണ്ടാമത്തെ സമാഹാരം ‘ദൈവത്തിന്റെ സൊന്തം' ടീച്ചറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനുള്ള ഭാഗ്യം എനിക്കുകിട്ടി...സ്‌കൂളില്‍ ചൊല്ലി നടന്നിരുന്ന രണ്ട് കവിതകള്‍ ഞാനിവിടെ വീണ്ടുമൊന്ന് ഓര്‍ത്തെടുക്കട്ടെ, എന്റെ എളിയ അന്ത്യോപഹാരം...