തനിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തെ അതിജീവിച്ച നടി ഇന്നലെ ശക്തമായ നിലപാടാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരുപാട് നാളായി തന്റെ വ്യക്തിത്വവും പേരും അടിച്ചമര്‍ത്തപ്പെടുകയായിരുന്നു എന്നും, തന്നെ കരിവാരി തേക്കാന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു എന്നും, താന്‍ ഇനിയും ശക്തമായി ഉറച്ചു നില്ക്കും എന്നും നടി പങ്കു വെച്ച പോസ്റ്റില്‍ പറഞ്ഞു.
ഇരയാക്കപ്പെടുന്നവരുടെ അതിജീവനം എന്നത് വളരെയധികം സമയം എടുത്ത് ഉണ്ടാകുന്ന ഒരു പ്രൊസ്സസ് ആണ്. അത് പലര്‍ക്കും പല തരത്തിലാണ് ഉണ്ടാകുക. ചിലര്‍ക്ക് ഏതാനും മിനുറ്റുകള്‍ മതിയാവും മറ്റു ചിലര്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. റേപ്പ് /അബ്യൂസ് പോലെയുള്ള സംഭവങ്ങളില്‍ നിന്നുണ്ടാകുന്ന ട്രോമ നമ്മളില്‍ ഒരുപാട് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. നമ്മുടേതായ കംഫര്‍ട്ട് സ്പേസില്‍ ഇരുന്നുകൊണ്ട് നമുക്ക് ഒരിക്കലും ഒരു ഇരയെ ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ല. ഇത്രകാലം എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇത്രകാലം അതിനുള്ള സാഹചര്യം ഇവിടെ ഉണ്ടായിരുന്നില്ല എന്ന് മാത്രം.
കേസില്‍ വളരെ നിര്‍ണായകമായ പല തെളിവുകളും പുറത്ത് വന്ന് കഴിഞ്ഞതോടെ ഇതുവരെ യാതൊരു അഭിപ്രായവും പറയാതെ, തങ്ങളുടെ നിശബ്ദത കൊണ്ട് പ്രതിക്ക് കൂട്ടു നിന്ന പലരും ഇപ്പോള്‍ ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 2017ല്‍ നടന്ന പീഡനത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ ശക്തമായി അപലപിക്കുന്ന പ്രമുഖരുടെ ഉദ്ദേശശുദ്ധിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.