കസ്തൂരിരംഗൻ അധ്യക്ഷനായുള്ള സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണല്ലോ.
വിദ്യാഭ്യാസ നയത്തെപ്പറ്റി വ്യത്യസ്ത വീക്ഷണങ്ങളും വാദങ്ങളും വന്നു കൊണ്ടിരിക്കുന്നു, എന്നാല്‍ ഏവര്‍ക്കും ഇതില്‍ വ്യക്തമായ ധാരണ ഉണ്ടോ എന്നത് സംശയമാണ്. രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഏറെയുണ്ടെന്നതിനാലും അറിവ് നിർമ്മാണ പ്രക്രിയയിൽ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെയും യുവതയുടെയും സ്ഥാനവും പ്രധാനമായതിനാലും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വിദ്യാഭ്യാസ നയത്തെ തുറന്ന ചർച്ചയ്ക്കും പഠനത്തിനും വിധേയമാക്കുന്നതിനും അതുവഴി നിലപാട് രൂപീകരണത്തിനും ശ്രമിക്കുകയാണ്. ഈ പരിപാടിയുടെ ആമുഖമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ നയത്തെ പതിനഞ്ചോളം ഉപ വിഷയങ്ങളായി തിരിച്ച് ഓഗസ്റ്റ് 8 മുതൽ തുടർച്ചയായുള്ള അവതരണങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഓരോ വിഷയത്തിലും വിദഗ്ദ്ധരുടെ അവതരണങ്ങളും പ്രതികരണങ്ങളും നടക്കും.
തുടർന്ന് 29, 30 തീയതികളിലായി അഞ്ഞൂറ് പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഒരു ദേശീയ സെമിനാറും (വെബിനാർ) സംഘടിപ്പിക്കുന്നുണ്ട്. ദേശീയതലത്തിലെ വിദ്യാഭ്യാസ വിദഗ്ധർ ഈ വെബിനാറിൽ വിഷയാവതാരകരാവും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം വിവിധ ഭാഷകളിൽ പുതിയ വിദ്യാഭ്യാസ നയത്തിനെ പറ്റിയുള്ള യുവതയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു രേഖയായി പുറത്തിറക്കുന്നതും, കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, യുവജന സംഘടനകൾക്കും, ശാസ്ത്രസംഘടനകൾക്കും ഇവ എത്തിച്ചു കൊടുക്കുക എന്നതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
പൂർണ്ണമായും കോപ്പി ലെഫ്റ്റ് ആയി ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ഈ രേഖയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്കും, പ്രചരണ കാര്യങ്ങളിലേക്കും, വെബിനാറിന്റെ സംഘാടനത്തിലേക്കും ഏവരേയും ക്ഷണിക്കുന്നു.
പാരിഷത്തികാഭിവാദ്യങ്ങളോടെ,
സംഘാടക സമിതി
കേരള യുവസമിതി,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. തത്സമയ വിവരങ്ങൾക്ക് യുവസമിതി ടെലഗ്രാം ചാനല്‍ സന്ദര്‍ശിക്കാവുന്നതാണ്.... t.me/yuvasamithiupdate