
Sign up to save your podcasts
Or


റോയിട്ടേഴ്‌സ് 2021 ൽ നടത്തിയ പഠനം വാർത്താമാധ്യമരംഗത്തെ വലിയ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു .
ലോകത്തിൽ 74 ശതമാനം ആളുകൾ വാർത്തകൾക്കായി Smartphones നെ ആശ്രയിക്കുന്നു എന്ന് പഠനം കാണിക്കുന്നു
പുതിയ മാറ്റം വാർത്താവിശ്വാസ്യതയെ കുറിച്ച് എന്തുപറയുന്നു ?
ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ കോർപ്പറേറ്റ് യാഥാർഥ്യം എന്താണ് ?
മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കും ?
ജനാധിപത്യസ്ഥാപനങ്ങൾ ഡിജിറ്റൽ മുതലാളിത്തത്തെ എങ്ങനെ സമീപിക്കുന്നു ?
സാധാരണജനങ്ങൾക്ക് പുതിയ മാധ്യമവിപ്ലവം കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ടോ ?
എന്താണ് Prosumer എന്ന പുതിയ വാക്ക് ?
എന്താണ് വാർത്തയിലെ സത്യം ?
പ്രമുഖ മാധ്യമനിരീക്ഷകനും ഗവേഷകനും മാധ്യമരംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്ത ശശികുമാർ ( Chairman , Asian College of Journalism ) സംസാരിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
24 ജൂൺ 2021
പ്രൊഫസ്സർ പി മാധവൻപിള്ളയുടെ എൺപതാം പിറന്നാൾ ഇക്കഴിഞ്ഞ ജൂൺ ഇരുപതിനായിരുന്നു. പിറന്നാൾ ദിവസം അദ്ദേഹവുമായി നടത്തിയ സുദീർഘമായ അഭിമുഖമാണിത് .
വിവർത്തനമാണ് തട്ടകമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ?
എങ്ങനെ ഖാണ്ഡേക്കറുടെ യയാതി വിവർത്തനം ചെയ്യാനിടയായി ? എം ടി വാസുദേവൻ നായർ എന്തുപങ്കാണ് നിർവഹിച്ചത് ? എ .എസ്സിന്റെ വരകൾ എങ്ങനെ സഹായിച്ചു ? യയാതിയിലെ ഇഷ്ടമുഹൂർത്തമേതാണ് ? എൺപതാം പിറന്നാളിൽ യൗവ്വനം ആരോടെങ്കിലും വാങ്ങണമെന്നു തോന്നുന്നുണ്ടോ ?
പി കെ ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ , രണ്ടാമൂഴം വന്ന വഴി ...സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയത്തിന്റെ മൗലികത ....എല്ലാം പ്രൊഫസ്സർ പി മാധവൻ പിള്ള ഈ അപൂർവ അഭിമുഖത്തിൽ പറയുന്നു .
ഖാണ്ഡേക്കറിൽ നിന്നും എങ്ങനെ ഒഡിയ എഴുത്തുകാരി പ്രതിഭ റായിയിൽ എത്തി ? എന്തുകൊണ്ട് ഭീഷ്മ സാഹ്നിയുടെ തമസ്സ് വിവർത്തനം ഒരു വെല്ലുവിളിയായി ?
അർഹിക്കുന്ന അംഗീകാരം ഇന്ത്യൻ ഭാഷകളിൽ വിവർത്തകർക്ക് കിട്ടുന്നുണ്ടോ ?
തകഴിയുടെ 'കയർ' ഹിന്ദിയിലേക്കാക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമോ ?
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
22 ജൂൺ 2021
ലോകസംഗീതദിനം 2021
കേരളസംഗീതം എന്ന ഒന്നുണ്ടോ ?
കലാനിരീക്ഷകൻ വി . കലാധരൻ സംസാരിക്കുന്നു
അശ്ലീലത്തെ കുറിച്ച് മൂന്നു ചിന്തകൾ
MS സുബ്ബുലക്ഷ്മി അന്തരിച്ചപ്പോൾ MF ഹുസൈൻ വരച്ച സുബ്ബുലക്ഷ്മിയുടെ ഒരു ഛായാചിത്രം കഴിഞ്ഞ ദിവസം ഞാൻ Twitter ൽ പോസ്റ്റ് ചെയ്തിരുന്നു . MF എന്ന രണ്ടക്ഷരം ഇംഗ്ളീഷിൽ പ്രതിനിധീകരിക്കുന്ന ഒരു തെറിയിലേക്ക് ആ മഹാകലാകാരനെ ചിത്രീകരിക്കുന്ന രണ്ടു comments എന്റെ tweet ന് താഴേ വന്നു . അപമാനത്താൽ ഭൂമി പിളർന്ന് അപ്രത്യക്ഷനാകണമെന്ന് എനിക്ക് തോന്നി. അതാണ് ദില്ലി ദാലിയുടെ ഈ ലക്കത്തിലേക്ക് നയിച്ചത് . കഴിഞ്ഞ ദിവസം നൈജീരിയൻ എഴുത്തുകാരി ഷിമാമണ്ട നെഗോസി എടിച്ചേ അവരുടെ വെബ്സൈറ്റിൽ IT IS OBSCENE: A TRUE REFLECTION IN THREE PARTS എന്ന ഒരു സാമൂഹ്യമാധ്യമവിമർശം നടത്തിയിരുന്നു. ആ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ , എന്റെ വ്യക്ത്യാനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പോഡ്കാസ്റ്റ് . നുണകളുടെ മിന്നൽവേഗങ്ങളിൽ മുടന്തിനടക്കുന്ന സത്യം എന്ന ഒറ്റപ്പെട്ട ആട് !
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
20 ജൂൺ 2021
ഡൽഹി
പ്രിയ സുഹൃത്തേ
കർണാടകസംഗീതത്തിലെ വലിയ മലയാളികളിൽ ഒരാളായിരുന്ന നെയ്യാറ്റിൻകര വാസുദേവനെ പ്രിയശിഷ്യൻ ശ്രീവത്സൻ ജെ മേനോൻ അനുസ്മരിക്കുകയാണ് ഈ ലക്കം ദില്ലി ദാലിയിൽ .
ഗുരു ഒരു നിത്യപ്രക്രിയയായി എങ്ങനെ ശ്രീവത്സനിൽ പ്രവർത്തിക്കുന്നു ?
നെയ്യാറ്റിൻകര വാസുദേവൻ ആർജ്ജിച്ചത് ഏത് ലാവണ്യസംസ്കാരം ? ആ സംഗീതപദ്ധതിയുടെ സവിഷേതകൾ എന്തൊക്കെയായിരുന്നു ? ബ്രാഹ്മണ്യത്തിന്റെ തലസ്ഥാനത്ത് അദ്ദേഹത്തിന് അപമാനങ്ങൾ നേരിടേണ്ടിവന്നോ ?
യേശുദാസുമായി ഒരുമിച്ചു പാട്ടുകേട്ട നീണ്ടരാപ്പകലുകൾ...
ഗുരുക്കന്മാരിൽ നിന്നും എത്രകണ്ട് മുന്നോട്ടുപോയി അദ്ദേഹം ? ശെമ്മാങ്കുടിയും എം ഡി രാമനാഥനും ജി എൻ ബിയും രാമനാട് കൃഷ്ണനും ബൃന്ദ -മുക്തമാരും എത്ര സ്വാധീനിച്ചു ? എന്തുകൊണ്ട് അദ്ദേഹത്തിൻറെ സംഗീതത്തിന്റെ വിപുലശേഖരം ഇല്ലാതായിപ്പോയി ?
വിശദമായ സംഭാഷണത്തിലേക്ക് സ്വാഗതം .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
18 ജൂൺ 2021
www.dillidalipodcast.com
ദില്ലി ദാലിയിലേക്ക് സ്വാഗതം .
ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല .
കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജയിലിൽ കിടക്കുന്ന മൂന്നുയുവാക്കൾക്ക് ജാമ്യം നൽകികൊണ്ട് പറഞ്ഞു , വിയോജിപ്പ് രാജ്യദ്രോഹമല്ല എന്ന് .
വിയോജിപ്പിന്റെ ദാർശനികഭംഗി അന്വേഷിക്കുവാൻ ശ്രമിക്കുന്ന ഒരു പോഡ്കാസ്റ്റ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
16 ജൂൺ 2021
ഡൽഹി
സത്യൻ അൻപതാം ചരമവാർഷികദിന പോഡ്‌കാസ്റ്റ്
ഷാജി ചെന്നൈയുമായി സംഭാഷണം .
മലയാളിയുടെ ചലച്ചിത്രഭ്രാന്തിന്റെ യഥാർത്ഥപ്രതിനിധിയായ ഷാജി ചെന്നൈ സത്യന്റെ അഭിനയകലയെ വിലയിരുത്തുന്നു .
സത്യൻ അഭിനയിക്കുകയല്ലായിരുന്നു , വിശ്വസിക്കുകയായിരുന്നു , ഷാജി പറയുന്നു. ക്ളീഷേ ആയിപ്പറയുന്നതല്ല സത്യന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു .
സത്യന് പൂർവ്വമാതൃകകൾ ഉണ്ടായിരുന്നോ ? സത്യന് പിൻഗാമികൾ ഉണ്ടായോ ?
ഒരു വാർപ്പുമാതൃകയാകാതെ എങ്ങനെ മലയാള ചലച്ചിത്രവ്യവസായത്തെ സത്യൻ സഹായിച്ചു ?
ഷാജിയുടെ ഇഷ്ട സത്യൻ കഥാപാത്രങ്ങൾ ഏതൊക്കെ ?
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹത്തോടെ ,
എസ് . ഗോപാലകൃഷ്ണൻ
15 ജൂൺ 2021
ഡൽഹി
പ്രിയ സുഹൃത്തേ ,
കേരളചരിത്രത്തിലെ ചില ഇരുണ്ട ഏടുകളെക്കുറിച്ച് ചരിത്രഗവേഷകനായ വിനിൽ പോളുമായുള്ള ഒരഭിമുഖസംഭാഷണമാണ് ഈ ലക്കം ദില്ലി ദാലി .
കേരളത്തിൽ അടിമക്കച്ചവടം നിലവിൽ നിന്നിരുന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ് ?, കേരളത്തിലെ മുഖ്യധാരാചരിത്രരചനകൾ കണ്ടില്ല എന്നു നടിക്കുന്ന ചരിത്രവസ്തുതകൾ ഉണ്ടോ ? എന്തുകൊണ്ട് മറ്റിന്ത്യൻ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അടിമക്കച്ചവടം കൂടുതലായി എന്ന് വിനിൽ വിശ്വസിക്കുന്നു ?
കൊളോണിയൽ കാലത്തിനുമുന്നേ തന്നെ അടിമ സമ്പ്രദായം കേരളത്തിൽ ഉണ്ടായിരുന്നോ ?
കേരള സന്ദർഭത്തിൽ അടിമ എന്ന വാക്കിന്റെ നിർവചനം എന്താണ് ?
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
14 ജൂൺ 2021
www.dillidalipodcast.com
പ്രിയ സുഹൃത്തേ ,
Anicius Boethius 'തത്ത്വചിന്തയുടെ സമാശ്വാസം' എന്ന കൃതി എഴുതിയത് വധശിക്ഷയ്ക്കു വിധേയനാകുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് . ഉറപ്പായ മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ തത്വചിന്തയെക്കുറിച്ചെഴുതുവാൻ അസാമാന്യമായ മനഃസ്സാന്നിദ്ധ്യം വേണം . ബഷീറിന് മതിലുകൾക്കുള്ളിൽ ആശ്വാസമായാത് നാരയണിയെങ്കിൽ, ബോതിയുസിന് അത് ലേഡി ഫിലോസഫി ആയിരുന്നു.
രണ്ടു രചനകളും പൂങ്കാവനമാകുന്നു , പൂവും കായും ...
രണ്ടു മഹാരചനകളെ ഒരുമിച്ചു വായിക്കുമ്പോൾ ....ഒരു പോഡ്കാസ്റ്റ് .
Please use headphones
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
13 ജൂൺ 2021
പ്രിയ സുഹൃത്തേ ,
ദ്വീപുമാനോഭാവം എന്ന ഒരു പ്രയോഗം ലോകഭാഷകളിലുണ്ട്. അപരലോകങ്ങളിൽ നിന്നും , അപരജനതകളിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ഭാവത്തെയാണ് അത് സൂചിപ്പിക്കുന്നത് . അങ്ങനെയൊന്ന് ലക്ഷദ്വീപുസമൂഹങ്ങളിലെ ജനങ്ങളിൽ ഉണ്ടോ ? എത്രമാത്രം ഈ ദ്വീപുകളിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും മലയാണ്മയുടെ തുടർച്ചയാണ് ? ദ്വീപിലെ ഒരു നാടൻപാട്ടിൽ ചൂണ്ടയിൽ കുരുങ്ങിയ ഒരു മീൻ ചൂണ്ടയോട് പരാതി പറയുന്ന ഒരു ഭാഗമുണ്ട്..ചൂണ്ടയുടെ മറുപടിയാകട്ടെ ..." എന്നോടു പരാതി പറഞ്ഞിട്ടു കാര്യമില്ല ...കാര്യങ്ങൾ തീരുമാനിക്കുന്നത് കരയിൽ ഇരിക്കുന്ന ഒരാളാണ് " എന്നാണ് .
മലയാളികളുടെ പ്രിയകവി അൻവർ അലി ലക്ഷദ്വീപിലെ നാടൻപാട്ടുകളെക്കുറിച്ച് നടത്തിയ പഠനമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിനെ കനപ്പെട്ടതാക്കുന്നത്, അതേസമയം സാന്ദ്രമാക്കുന്നതും. നാടൻ പാട്ടുകളിലെ സ്ത്രീകേന്ദ്രങ്ങൾ , മഴമേഘം കൊണ്ടുവരുന്ന ഒരു മഹാവൃക്ഷം, സ്വപ്നങ്ങളിലെ പോർച്ചുഗീസ് പടക്കപ്പലുകൾ... എല്ലാം നമ്മോട് പറയുന്നത് എന്താണ് ?
ദ്വീപുജീവിതത്തിന്റെ സ്വത്വത്തെ അവരുടെ നാടൻപാട്ടുകളിൽ അന്വേഷിക്കുന്ന അൻവർ അലിയുമായി ഒരു സംഭാഷണം .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
11 ജൂൺ 2021
ഡൽഹി
https://www.youtube.com/watch?v=Wlgobr3-a6w
www.dillidalipodcast.com
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners