
Sign up to save your podcasts
Or


മെയ് 18 അന്താരാഷ്‌ട്ര മ്യൂസിയം ദിനമാണ് . മ്യൂസിയം മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച ഡോ . വേണു വാസുദേവനാണ് ഇന്ന് ദില്ലി - ദാലിയിൽ അതിഥി . അദ്ദേഹം ഇപ്പോൾ കേരളാ സർക്കാരിൽ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് . ഡൽഹിയിലെ നാഷണൽ മ്യൂസിയം ഡയറക്ടർ ജനറൽ ആയിരുന്ന അദ്ദേഹം കേരളത്തിലെ മ്യൂസിയം മേഖലയിൽ ഗുണപരമായ നിരവധി പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിൽ വലിയ പങ്കു വഹിച്ചു.
2021 ലെ അന്താരാഷ്‌ട്ര മ്യൂസിയം ദിനത്തിൽ ലോകമാകമാനം ഈ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും , മ്യൂസിയങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുന്നു. സാമ്പത്തികഞെരുക്കം വന്നാൽ അതാദ്യം ബാധിക്കുന്നത് സാംസ്കാരികപ്രവർത്തങ്ങളെയാണ് ...മ്യൂസിയങ്ങൾ എന്തുകൊണ്ട് അടഞ്ഞുപോകുന്നു ? ബ്രിട്ടീഷ് മ്യൂസിയം എങ്ങനെ പരിണമിക്കുന്നു ? എങ്ങനെ കാലത്തിനനുസരിച്ച് മാറാം ? മ്യൂസിയങ്ങൾ പ്രധാനപ്പെട്ട സാംസ്കാരികയിടങ്ങൾ ആണെന്ന് കരുതുന്നവർ നിർബന്ധമായും കേട്ടിരിക്കേണ്ട 27 മിനിറ്റ് ദൈർഘ്യമുള്ള പോഡ്കാസ്റ്റ്.
ദയവുചെയ്ത് ഹെഡ്‍ഫോൺസ് ഉപയോഗിച്ച് പോഡ്കാസ്റ്റ് കേൾക്കുവാൻ ശ്രമിക്കുക , കൂടുതൽ നല്ല കേൾവി അനുഭവത്തിനാണത് .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
18 മെയ്
1911 ഡിസംബർ പന്ത്രണ്ടാം തീയതിയാണ് ജോർജ് അഞ്ചാമൻ രാജാവ് ന്യൂ ഡൽഹി എന്ന നഗരത്തിന് തറക്കല്ലിട്ടത്. അതിനും നാലുവർഷങ്ങൾക്കുശേഷമാണ് ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് രാഷ്ട്രീയപ്രവർത്തനത്തിനായി തിരിച്ചെത്തിയത്. ബ്രിട്ടീഷുകാർ വിദൂരസ്വപ്നങ്ങളിൽ പോലും ഇന്ത്യൻ ദേശീയത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ഉയർന്നെഴുന്നേൽക്കും എന്ന് കരുതാത്ത കാലം. അല്ലെങ്കിൽ എന്തിന് ഷാജഹാനാബാദിനുപുറത്ത് വരണ്ടവനങ്ങൾ അറുത്തുമാറ്റി റൈസീന കുന്നിൽ അവർ പുതിയ നഗരം പണിതു ?
മതത്തിന്റെ പേരിൽ ബംഗാളിനെ 1905 ൽ രണ്ടായി വിഭജിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തിനെതിരെയുള്ള ജനരോഷം കണ്ട ഇന്ത്യയുടെ വൈസ്രോയി ഹാര്ഡിന്ജ് പ്രഭുവിന് മനസ്സിലായിരുന്നു കൽക്കത്ത ഒരു തലസ്ഥാനം എന്ന നിലയിൽ മേലിൽ സുരക്ഷിതമല്ല എന്ന് . അതിനാൽ 1911 ൽ തന്നെ രാജ്യതലസ്ഥാനം മധ്യേന്ത്യയിലേക്ക് മാറ്റണമെന്ന് അദ്ദേഹം ലണ്ടനിലേക്ക് അറിയിച്ചിരുന്നു.
ലോകത്തിന്റെ തന്നെ തലസ്ഥാനമാകാൻ പോരുന്ന ഒരു തലച്ചോറുപോലെ തോന്നിപ്പിക്കുന്ന , ഭീമൻ തൂണുകളിൽ തല ഉയർത്തി നിൽക്കുന്ന അതിസുന്ദരമായ ആധുനിക വാസ്തുബൃഹദീശ്വരം ! ഇന്ത്യൻ പാർലമെന്റ് മന്ദിരം . അതുണ്ടായപ്പോൾ കൊളോണിയലിസത്തിന്റെ സൂര്യനസ്തമിക്കാത്ത വിജയവൈജയന്തിയുടെ അനശ്വരസ്വപ്നമായിരുന്നെങ്കിൽ , ഇന്ത്യൻ ജനത അത് ആധുനിക ജനാധിപത്യത്തിന്റെ സ്വപ്നമന്ദിരമാക്കിമാറ്റാൻ അതിനെ പിടിച്ചെടുത്തു.
ആറേക്കർ സ്ഥലത്ത് പണി പൂർത്തിയായ കെട്ടിടം കണ്ടിട്ട് Prince Arthur, the Duke of Connaught പറഞ്ഞത് ഏതെൻസിലെ അക്രോപോളിസിനെപ്പോലെ , ഞെട്ടിപ്പിക്കുന്ന എടുപ്പ് എന്നാണ്. വാസ്തുശില്പികളായിരുന്ന ഹെർബെർട് ബേക്കറും എഡ്വിൻ ലറ്റിയൻസും തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങൾ ഭാവിയിലെ ഏതുനഗരനിർമ്മാതാക്കൾക്കുമുള്ള വഴികാട്ടിയാണ്. ബേക്കർ നിർദേശിച്ചിരുന്നത് ത്രികോണാകൃതിയിലുള്ള ഒരു പാർലമെന്റായിരുന്നു , എന്നാൽ ലറ്റിയൻസകാട്ടെ പുതിയ മന്ദിരത്തെ വൃത്താകൃതിയിൽ സങ്കൽപ്പിച്ചു .
ഇന്ത്യ പുതിയ പാർലമെന്റ് മന്ദിരം പണിയുമ്പോൾ നമുക്ക് നിലവിലുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ രോമാഞ്ചജനകമായ കഥ കേൾക്കാം .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ! Please use headphones to listen the podcast .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
16 May 2021
ഡൽഹി
dillidalipodcast.com
ഇസ്രായേൽ : മിഥ്യാബോധങ്ങളുടെ തടവിലായ രാഷ്ട്രം
ഇസ്രയേലിന് ഈ ഭീകരതയുമായി അധികകാലം നിലനിൽക്കാൻ കഴിയില്ല. ഇസ്രയേലിലെ ഇന്ത്യൻ പണ്ഡിതനും കവിയും സമാധാനപ്രവർത്തകനുമായ പ്രൊഫസ്സർ ഡേവിഡ് ഷുൽമാൻ പറയുന്നു. ഇസ്രയേലിലെ ഹീബ്രു സർവകലാശാലയിലെ എമെരിറ്റസ് പ്രൊഫസറായ ഷുൽമാൻ കൂടിയാട്ടം പഠനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. അദ്ദേഹം ഇന്നലെ The Wire ൽ എഴുതിയ ലേഖനത്തിന്റെ മലയാളതർജ്ജുമയാണിത്. ദില്ലി -ദാലിയിൽ ഈ മലയാളപരിഭാഷയ്ക്ക് അനുമതി നൽകിയ പ്രൊഫസ്സർ ഡേവിഡ് ഷുൽമാന് നന്ദി.
അനന്തമായി മനുഷ്യനെ അടിച്ചമർത്താൻ ആർക്കും കഴിയില്ല. മനുഷ്യാവകാശങ്ങൾ അനന്തമായി നിഷേധിക്കാനാകില്ല . അപരന്റെ ഭൂമി അനന്തകാലത്തേക്ക് അപഹരിക്കാനാകില്ല ...
ഈ പോഡ്കാസ്റ്റ് കേട്ടാലും .
സ്‌നേഹത്തോടെ
എസ്. ഗോപാലകൃഷ്ണൻ
മെയ് പതിന്നാല് , 2021
ഇനിയൊരു ഗൗരിയമ്മ ഉണ്ടാകുമോ ?
കെ സുരേഷ് കുറുപ്പ്, ജെ . ദേവിക എന്നിവർ നടത്തുന്ന കെ ആർ ഗൗരിയമ്മ അനുസ്മരണ പോഡ്കാസ്റ്റ്.
ഗൗരിയമ്മ ആധുനികകേരളസമൂഹത്തിന് ആരാണ്, എന്തുകൊണ്ട് ഗൗരിയമ്മ ഒരിക്കലും മരിക്കില്ല ? അവർ തുറന്നിട്ട വിവിധ സമരമുഖങ്ങളുടെ അനന്യത എന്തൊക്കെയാണ്, ദേവിക അന്വേഷിക്കുന്നു .
കെ . സുരേഷ് കുറുപ്പ് 1957 ലെ മന്തിസഭയിലെ ഗൗരിയമ്മയുടെ അസാധാരണ സംഭാവനകൾ വിലയിരുത്തുന്നു. പുന്നപ്രവയലാർ സമരശേഷമുള്ള ആലപ്പുഴയിലെ പാർട്ടിയെ ഊർജസ്വലമാക്കുന്നതിൽ ഗൗരിയമ്മ വഹിച്ച പങ്ക് , കേരളത്തെ മാറ്റിമറിച്ച കാർഷികബന്ധനിയമത്തിന്റെ പ്രത്യേകതകൾ, അവർ നടത്തിയ അസാമാന്യമായ പാർലമെന്ററി പ്രവർത്തനം, ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്തുപോകേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ നഷ്ടമായിരുന്നോ, ആണ്കോയ്മകളെ അവർ എങ്ങനെ വെല്ലുവിളിച്ചു? അജിതയെ പാവാടയും ബ്ലൗസും മാത്രമിട്ട് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചു ഫോട്ടോയെടുത്തതിനെതിരേ കമ്മ്യുണിസ്റ് മന്ത്രിസഭയിൽ പൊട്ടിത്തെറിച്ച ഗൗരിയമ്മ ...കേരളത്തിലെ വനിതാപൊലീസുകാർ ഇന്ന് വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അതിനുകാരണവും ഗൗരിയമ്മ തന്നെ... എല്ലാം സുരേഷ് കുറുപ്പ് വിലയിരുത്തുന്നു .
സ്നേഹപൂർവ്വം,
എസ് . ഗോപാലകൃഷ്ണൻ
11 മെയ് 2021
dillidalipodcast.com
നാളെ നമ്മുടേതാണ്, നാളൈ നമതേ!
മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .
സംസാരിക്കുന്നത് MK സ്റ്റാലിനുമായി പലപ്പോഴും ഇടപഴകിയിട്ടുള്ള, തമിഴ്‌രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന പത്രപ്രവർത്തകൻ അരുൺ ജനാർദ്ദനനാണ്. അരുൺ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ചെന്നൈയിലെ അസിസ്റ്റൻറ് എഡിറ്ററാണ്.
അഴഗിരി , കനിമൊഴി തുടങ്ങിയ മനോഹര തമിഴ് പേരുകൾ മക്കൾക്കു കൊടുത്ത കരുണാനിധി 1950 ൽ എന്തേ ഒരാൺകുട്ടിയ്ക്ക് സ്റ്റാലിൻ എന്നു പേരിട്ടു ? പതിനൊന്നുവയസ്സിൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അയാളുടെ ക്ഷമാപൂർവ്വമായ കാത്തിരിപ്പിന്റെ മാനങ്ങൾ എന്താണ് ?
സ്റ്റാലിൻ തമിഴ്നാട്ടിൽ ഇന്നുള്ളതിൽ ഏറ്റവും പ്രബലനായ നേതാവായി മാറിയോ ? DMK ജില്ലാ സെക്രട്ടറിമാരുടെ മാഫിയാസംഘങ്ങളെ സ്റ്റാലിൻ എങ്ങനെ വരുതിക്കുനിർത്തുന്നു ? സ്റ്റാലിന്റെ ശക്തി -ദൗർബല്യങ്ങൾ എന്തൊക്കെയാണ് ? അഴിമതിയുടെ നിഴൽ ഇതുവരെ വീഴാതെ സ്റ്റാലിൻ തുടന്നർന്നതെങ്ങനെ ?
ഈ സ്റ്റാലിൻ വിജയം 2031 വരെയുള്ള വിജയമാണെന്ന് പ്രശാന്ത് കിഷോർ പറയാനുള്ള കാരണമെന്താണ് ?
ദേശീയരാഷ്ട്രീയത്തിൽ സ്റ്റാലിന് സംഭാവനകൾ ചെയ്യാൻ കഴിയുമോ ? ഇത്തവണ തമിഴ്‌നാട്ടിൽ പ്രചാരണവേദിയിൽ രാഹുൽ ഗാന്ധിയെ സ്റ്റേജിൽ ഇരുത്തി 'നിങ്ങൾ ഇനിയും ശരിയാകാനുണ്ട്' എന്ന് വിമർശിച്ച സ്റ്റാലിൻ ...ഊഷ്മളമായ പെരുമാറ്റം , വിഷമം തോന്നുമ്പോൾ കരയുന്ന സ്റ്റാലിൻ , പ്രതിപക്ഷബഹുമാനമുള്ള സ്റ്റാലിൻ ..ജയലളിതയെ സ്റ്റാലിൻ അമ്പരപ്പിച്ച ഒരു സംഭവം ...
സ്റ്റാലിനെക്കുറിച്ച് വിശദമായ ഒരു സംഭാഷണം .
കേരളത്തിന്റെ അയൽപക്കത്തെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
09 മെയ് 2021
ഡൽഹി
www.dillidalipodcast.com
വീണയുടെ സഹസ്രശ്രദ്ധകൾ : ഒരു അഹിർ ഭൈരവ് കേൾവി അനുഭവം
കുറച്ചുകൊല്ലങ്ങൾക്കുമുൻപ് ഏതൻസിൽ പോയപ്പോൾ പ്ലേറ്റോ ശിഷ്യന്മാരുമായി ഉലാത്തിയിരുന്ന ഉദ്യാനത്തിൽ പോകാനിടയായി . ആ ഉദ്യാനത്തിലൂടെ നടക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്കു മുൻപ് പ്ലേറ്റോ ശിഷ്യന്മാരോട് മാതൃകാ റിപ്പബ്ലിക്കിൽ സംഗീതം വേണമോ എന്ന് ചർച്ച ചെയ്തത് . ഞാൻ ആ പാർക്കിലൂടെ നടക്കുമ്പോൾ അശരണനായ ഒരു യാചകഗായകൻ ഒരു ബെഞ്ചിലിരുന്ന് ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. പ്ലേറ്റോയ്ക്കുള്ള മറുപടി ആണോ അത് .
ഇന്നലെ രാവിലേ നടക്കുമ്പോൾ വീണ സഹസ്രബുദ്ധേ ആദ്യത്തെ മുപ്പതുസെക്കന്റുകളിൽ എന്നെ തടവിലാക്കുകയായിരുന്നു. മഴ വൃത്തിയാക്കിയ മാനം പോലെ വ്യക്തവും വൃത്തിയും. ഏകാകിയായ ഒരു പരുന്ത് , ചിറകുവിടർത്തി ആകാശത്ത് വിളമ്പിതകാലത്തിൽ , അനങ്ങാതെ , എന്നാൽ അനങ്ങി ...അത്തരത്തിൽ ആഴമനനത്തിൽ വീണ സഹസ്രബുദ്ധേ ഈ ഖയാൽ ആലാപനം തുടങ്ങുന്നതു നോക്കൂ .... സംഗീതപരിശീലനം മാത്രമല്ല അവരെ ഇതിന് പ്രാപ്തമാക്കിയത് . വിവിധ ഘരാനകളുടെ ധൈഷണികരഥ്യകൾ മനസ്സിലാക്കി അവയിലൂടെ സഞ്ചരിക്കാനുള്ള ലാവണ്യകാന്തി അവർ നേടിയതുകൊണ്ടാണ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
07 May 2021
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുഫലത്തെ ആഴത്തിൽ അവലോകനം ചെയ്ത് മനോജ് മേനോൻ സംസാരിക്കുന്നു.
ബംഗാൾ രാഷ്ട്രീയത്തിൽ താൽപര്യം ഉണ്ടെങ്കിൽ ഉറപ്പായും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് .
ഡൽഹിയുടെയും പ്രധാന്മന്ത്രിയുടേയും അമിത് ഷായുടേയും അതിരുകളില്ലാത്ത ശ്രമങ്ങളെ ഒരു സ്ത്രീ ഒറ്റക്കെങ്ങിനെ പരാജയപ്പെടുത്തി ?
എങ്ങനെ മമത ബാനർജി തെരഞ്ഞെടുപ്പിനെ അടിമുടി രാഷ്ട്രീയപോരാട്ടമാക്കി മാറ്റി ? ആദ്യഘട്ടങ്ങളിൽ ബിജെപി കാണിച്ചിരുന്ന മേൽക്കൈ എങ്ങനെ ഇല്ലാതായി ?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതൽക്കുള്ള ഹിന്ദു -മുസ്‌ലിം വൈരം എന്ന വിരുദ്ധചരിത്രം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനെ ബംഗാൾ എങ്ങനെ നിരസിച്ചു ? ജയ് ശ്രീറാം വിളിയെ ജയ് ബംഗ്ലാ വിളി പരാജയപ്പെടുത്തുകയായിരുന്നോ ? ബംഗാളി ബുദ്ധിജീവികളും നവഇടതുപക്ഷവും എന്തു നിലപാടെടുത്തു ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് സാന്താൾ -കുറുമി വിഭാഗങ്ങളിൽ ബിജെപി ഉണ്ടാക്കിയ സ്വാധീനം എന്തുകൊണ്ട് നിലനിർത്താൻ കഴിഞ്ഞില്ല ?
ഒരു പോരാളിയായി മമതയെ നമുക്കറിയാം , എന്നാൽ ഒരു ഭരണാധികാരി എന്ന നിലയിൽ അവർ എങ്ങനെ ?
ബംഗാളിലെ വിജയം ഇന്ത്യൻ പ്രതിപക്ഷത്തോട് പറയുന്ന സന്ദേശം എന്താണ് ?
ബംഗാളിൽ പ്രചാരണസമയത്ത് നിരവധി തവണ പോയിരുന്ന മനോജ് മേനോൻ സംസാരിക്കുന്നു . മനോജ് മാതൃഭൂമി ദിനപ്പത്രത്തിന്റെ ഡൽഹിയിലെ സ്പെഷ്യൽ correspondent ആണ്.
Please use headphones to listen the podcast
സ്നേഹപൂർവം
എസ് ഗോപാലകൃഷ്ണൻ
04 മെയ് 2021
dillidalipodcast.com
സത്യജിത് റായ് യുടെ സംഗീതം
ജന്മശതാബ്ദി പോഡ്കാസ്റ്റ്
സത്യജിത് റായ് ഒരിക്കൽ പറഞ്ഞു : "സംഗീതവും സിനിമയും സമയത്തിലാണ് നിൽക്കുന്നത് . ഈ രണ്ടുകലാരൂപങ്ങൾ മാത്രമാണ് സമയത്തിനുള്ളിൽ നിൽക്കുന്നത്."
ഈ പോഡ്കാസ്റ്റ് റായ് സിനിമകളിലെ സംഗീതത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നു . നാടകീയതയ്‌ക്കു വഴങ്ങാത്തതാണ് ഇന്ത്യൻ ശാസ്ത്രീയസംഗീതം എന്ന് അദ്ദേഹം എന്തുകൊണ്ട് വിശ്വസിച്ചു ? ബാല്യകാലം മുതൽക്കേ പാശ്ചാത്യശാസ്ത്രീയസംഗീതത്തോട് അദ്ദേഹം എങ്ങനെ അടുത്തു ? എന്തുകൊണ്ട് ചലച്ചിത്രത്തിന്റെ ഘടന സൊനാറ്റയോട് ചേർന്നുനിൽക്കുന്നു ?
സത്യജിത് റായ്‍യുമായുള്ള അഭിമുഖവും, അദ്ദേഹത്തിൻറെ ചലച്ചിത്രങ്ങളിലെ സംഗീതഖണ്ഡങ്ങളും , അദ്ദേഹത്തെ സ്വാധീനിച്ച സംഗീതഖണ്ഡങ്ങളും ചേർത്ത ഒരു പോഡ്കാസ്റ്റ് .
നൂറാംജന്മദിനമായ 2021 മെയ് രണ്ടിന് ദില്ലി ദാലി നൽകുന്ന ശബ്ദപൂജ .
ദയവായി Headphones ഉപയോഗിക്കുമല്ലോ. ദൈർഘ്യം : പതിനേഴുമിനിറ്റ്
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
03 May 2021
ഡൽഹി
dillidalipodcast.com
പ്രിയ സുഹൃത്തേ ,
" ഞാൻ ഒരാത്മകഥ എഴുതാൻ പോകുന്നു , അനുഗ്രഹിക്കണം , ഉപദേശിക്കണം ", പി കുഞ്ഞിരാമൻ നായർ ഒരു കത്തെഴുതി , എം ടി വാസുദേവൻ നായർക്ക് . എം . ടി മറുപടി എഴുതി : " ആത്മനിന്ദയോടുകൂടി എഴുതുകയാണ് നല്ലത് "
ഈ പോഡ്കാസ്റ്റ് ലോകചിത്രകലയിലെ self portraits നെ കുറിച്ചാണ് . ഓരോ ആത്മഛായയും ആത്മനിന്ദ കലർന്ന ശിര:ച്ഛേദങ്ങൾ ആയിരുന്നു . ജീവനോടെ തൊലിയുരിയപ്പെട്ട് വധിക്കപ്പെട്ട വിശുദ്ധ ബർത്തിലോമിയോയുടെ മൃതശിരസ്സായി സ്വന്തം ആത്മഛായ മൈക്കലാഞ്ജലോ വരച്ചത് അതുകൊണ്ടാണ് . ഗോഗൈൻ പറഞ്ഞതുപോലെ "കാണുവാനായി ഞാൻ കണ്ണടയ്ക്കുന്നു "
റെംബ്രാൻഡ് , പിക്കാസോ , ഫ്രിഡ കഹ്ലോ, ഡ്യൂറർ , അമൃത ഷെർഗിൽ , പാരിതോഷ് സെൻ , കെ സി എസ് പണിക്കർ തുടങ്ങിയവരുടെ ശിര:ച്ഛേദങ്ങളെ മനസ്സിൽ വെച്ചു ചെയ്ത പോഡ്കാസ്റ്റ് .
എന്റെ മകൻ കോവിഡ് ബാധിച്ച് ഡൽഹിയിൽ ആയിരുന്നപ്പോൾ കേരളത്തിൽ നിന്നും കൃത്യമായി നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്ന ഡോ . ഹരികൃഷ്ണന് ഈ പോഡ്കാസ്റ്റ് സമർപ്പിക്കുന്നു . വലിയ ചിത്രകലാപ്രണയിയാണ് ഈ നല്ലവനായ ഡോക്ടർ .
Head Phones ഉപയോഗിച്ച് പോഡ്കാസ്റ്റ് കേൾക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
28 ഏപ്രിൽ 2021
dillidalipodcast.com
പ്രിയസുഹൃത്തേ ,
ബനാറസിലെ ഗംഗയിൽ ഇന്നലെ കണ്ണീരാകണം ഒഴുകിയത് . ബനാറസ് കബീറിന്റെ നാടാണ് . ശ്രീബുദ്ധന് ചിന്തയിലെ വിപ്ലവം തോന്നിപ്പിച്ച നാടാണ് ...എപ്പോഴും പണ്ഡിറ്റ് രാജൻ മിശ്ര പറയുമായിരുന്നു തങ്ങളുടെ സംഗീതത്തിൽ ആത്മീയത ഉണ്ടെങ്കിൽ അത് വിവിധധർമ്മപദ്ധതികളുടെ ജുഗൽബന്ദിയാണെന്ന്.
എഴുപതുവയസ്സ് പണ്ഡിറ്റ് രാജൻ മിശ്ര അരങ്ങിൽ നിന്നും പിരിയേണ്ട പ്രായമായിരുന്നില്ല . അപാരമായ ശബ്ദസംസ്കാരവും , സംഗീതസംസ്കാരബോധവും , ലാവണ്യഭംഗിയും ഇപ്പോഴും അദ്ദേഹം പാടുമ്പോൾ ഉണ്ടായിരുന്നു . ഈ കെട്ടകാലത്തായിരുന്നില്ല എങ്കിൽ അദ്ദേഹം ഒരാഴ്ചയിലെ ആശുപത്രിവാസം കഴിഞ്ഞു തിരികെ നമുക്കിടയിലേക്ക് വരുമായിരുന്നു ...അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു വെന്റിലേറ്റർ ഒരു പക്ഷേ കേരളത്തിലെ ഒരാശുപത്രിയിലായിരുന്നെങ്കിൽ ലഭിക്കുമായിരുന്നു . സംഗീതത്തിന് ഒരു ദേവതയുണ്ടെങ്കിൽ ആ ദേവത ഡൽഹിയിലെ രാഷ്ട്രീയ -ആരോഗ്യസംവിധാനങ്ങളെ ഏറ്റവും വെറുത്ത ദിവസമായിരിക്കും ശ്വാസനിയന്ത്രണത്താൽ അസാമാന്യമനോഹാരിതകൾ തീർത്ത പണ്ഡിറ്റ് രാജൻ മിശ്ര ശ്വാസം കിട്ടാതെ ഡൽഹിയിൽ മരിച്ച 2021 ലെ ഏപ്രിൽ 25.
മഹാനായ ഗായകൻ പണ്ഡിറ്റ് രാജൻ മിശ്രയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഈ പോഡ്കാസ്റ്റിൽ അദ്ദേഹത്തിൻറെ സംഗീതത്തിന്റെ പ്രത്യേകതകളെ കാണാൻ ശ്രമിക്കുന്നു . രാജൻ -സാജൻ മിശ്രമാരുടെ രണ്ടു സംഗീതഖണ്ഡങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .
Headphones ഉപയോഗിച്ചു കേൾക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
26 ഏപ്രിൽ 2021
ഡൽഹി
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners