
Sign up to save your podcasts
Or


ഡൽഹി അതിർത്തിയിൽ സമരരംഗത്തുള്ള കർഷകർക്കായി ഒരു ഹോളി പോഡ്കാസ്റ്റ് .
രംഗ്ഭരി ഏകാദശിയുടെ അടുത്ത ദിവസം ഞാൻ ബനാറസിലെ മണികർണ്ണികാ ഘാട്ടിലെ കത്തുന്നചിതകൾക്കു നടുവിൽ ചിദംബരശിവന്റെ ചിതാഭസ്മഹോളി കാണാനിടയായി. നിറങ്ങളില്ല . പൂക്കളില്ല . ദൈവങ്ങളില്ല . മനുഷ്യരില്ല . ഭൂതങ്ങളോടൊത്ത് ഭസ്മത്തിൽ ഹോളിയാടുന്ന ചിദംബരശിവന്റെ നൃത്തം .
ഡൽഹി അതിർത്തിയിൽ അനാഥമാകുന്നു എന്ന് നമുക്ക് തോന്നുമ്പോഴും ഉള്ളിലെ അഗ്നികെടാത്ത സമരഭൂമിയ്ക്ക് , നമ്മുടെ ജനാധിപത്യ ഉടുത്തുകെട്ടുകൾ അഴിഞ്ഞുവീണ് നഗ്നമാകുന്ന ഈ വേളയിൽ , ക്രൂദ്ധഗംഗയെ തലയിലേറ്റി , പൂക്കളും നിറവുമില്ലാതെ , മരിച്ചവന്റെ ചിതയിലെ ഭസ്മത്തിൽ കളിക്കുന്ന ചിദംബരന്റെ ശ്മാശാനഹോളി .
ഈ പോഡ്‌കാസ്റ്റിൽ ബനാറസിലെ പണ്ഡിറ്റ് ചന്നുലാൽ മിശ്ര പാടിയ 'ഖേലെ ശ്‌മശാനേ മേ ഹോളി ദിഗംബർ ' എന്ന ഹോളിഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
2021 ഹോളിദിനം
dillidalipodcast.com
ദില്ലിദാലിയുടെ പ്രീയപ്പെട്ട ശ്രോതാക്കളെ ,
ഒരസാധാരണ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് .
എന്താണ് നമുക്ക് യമുന ?
വിധവകൾ വനമാലിക്കുവേണ്ടി നിലാവുപോലെ കുളിച്ചുകയറുന്ന നദിയോ ?
പണിഞ്ഞ താജിനും പണിയാത്ത താജിനും ഇടയിൽ ഒഴുകുന്ന ചരിത്രമോ?
മെഗസ്തനീസും അലക്‌സാണ്ടറും പറഞ്ഞ പുകൾപെറ്റ പുഴയോ ?
ഈ നദി കടന്നുകഴിഞ്ഞാൽ പിന്നെ ആകാശമില്ല , സമയമില്ല എന്ന് കവി പാടിയ നദിയോ ?
എനിക്ക് പക്ഷേ ഈ നിമിഷം യമുന ഒരു ഗാനമാണ് , ഒരു തുംരി .
ഉസ്താദ് അബ്ദുൽ കരീം ഖാൻ 1934 ൽ പാടി അനശ്വരമാക്കിയ ഗാനം . ബേഗം അഖ്തർ 1974 ൽ മരിക്കും മുന്നേ അവസാനം പാടിയ ഗാനം . പണ്ഡിറ്റ് ഭീംസെൻ ജോഷി ഉസ്താദിനുള്ള ഗുരുദക്ഷിണയായി പാടിയ ഗാനം , പണ്ഡിറ്റ് കുമാർ ഗന്ധർവ പാടിയ ജമുനാ കെ തീർ ....
ഈ നാലു ശബ്ദനദികൾ ഇതാ ഒരു പോഡ്‌കാസ്റ്റിൽ .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
25 മാർച്ച് 2021
ലോകജലദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം!
എഴുപത്തെട്ടുകിലോമീറ്റർ നീളമുള്ള മീനച്ചിലാർ ആരോഗ്യവത്തായി നിലനിൽക്കണമെങ്കിൽ മൂവായിരം കിലോമീറ്റർ വരുന്ന അനുബന്ധതോടുകൾക്ക് ജീവനുണ്ടാകണമെന്ന തിരിച്ചറിവിൽ നദീനാഡികളെ അന്വേഷിച്ചിറങ്ങിയ കുറേപ്പേരുടെ കഥ .
എങ്ങനെ മലരിക്കൽ ആമ്പൽതടാകം ഉണ്ടായി ? അയ്യായിരം ഏക്കർ തരിശുനിലത്ത് എങ്ങനെ കതിരണിഞ്ഞു ?
കോട്ടയം പ്രദേശത്തെ ഭൂഗർഭജലസമ്പത്ത് എങ്ങനെ വർദ്ധിച്ചു ? പദ്ധതിയ്ക്ക് പ്രാദേശിക ഉടമസ്ഥത എങ്ങനെ കൈവന്നു ?
എങ്ങനെ വേമ്പനാട്ടുകായൽ കോട്ടയം നഗരത്തോട് അടുക്കുവാൻ പോകുന്നു ?
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനഃ സംയോജനപദ്ധതിയെക്കുറിച്ച് അഡ്വ . കെ അനിൽകുമാർ സംസാരിക്കുന്നു
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
22 മാർച്ച് 2021
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹിയുടെ ചിറകരിയുമ്പോൾ
പുതിയ രാഷ്ട്രീയനീക്കത്തെക്കുറിച്ച് ഒരു സംഭാഷണം : ഇക്കണോമിക് ടൈംസ് ഒപ്പീനിയൻ എഡിറ്റർ ടി കെ അരുൺ സംസാരിക്കുന്നു
പുതിയ നിയമനിർമ്മാണം ഡൽഹിയിലെ ജനങ്ങളുടെ സ്വയംഭരണത്തിനുള്ള ജനാധിപത്യാവകാശങ്ങൾ അപഹരിക്കുകയാണോ ? ചില യൂറോപ്യൻ രാജ്യങ്ങളുടെ വലുപ്പമുള്ള ജനപദമാണ് ഡൽഹി, രണ്ടുകോടിയിലേറെ ജനങ്ങൾ പാർക്കുന്ന സ്ഥലം. അതിനെ വാഷിങ്ടൺ ഡിസിയെ കാണുന്നതുപോലെ കാണാൻ കഴിയുമോ ?
ഷീലാ ദീക്ഷിതിന്റെ കാലത്ത് വാജ്‌പേയ് സർക്കാരിന്റെ സമീപനം എന്തായിരുന്നു ?മോദി സർക്കാരിന്റെ അമിതാധികാരകേന്ദ്രീകരണം ഉയർത്തുന്ന ഭീഷണികൾ എന്തൊക്കെ ?ഭാവിയിൽ ഇന്ത്യയിലെ വൻ മെട്രോനഗരങ്ങളെ മുഴുവൻ കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന ഒരു നിയമം വന്നാലോ ?
കേരളത്തിലെ ജനാധിപത്യബോധം മറ്റിന്ത്യൻ പ്രദേശങ്ങളിൽ ചരിത്രപരമായി ഉണ്ടോ ? വോട്ടവകാശത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടേയും വില നമുക്ക് എത്രമാത്രമറിയാം ? അതുചോർന്നുപോകുമ്പോൾ നാം പ്രതിഷേധിക്കാത്തത് എന്തുകൊണ്ട് ?
ജനാധിപത്യം ജന്മാർജ്ജിതമല്ല , നിരന്തര ശീലത്തിലൂടെ ഒരു ജനത നേടേണ്ടതാണ്.
പുതിയ ബിൽ നിയമമായാൽ സുപ്രീം കോടതി ഇടപെടുമോ ?
ഡൽഹി എന്ന ഏകകോശത്തിൽ നടക്കുന്ന പരീക്ഷണം ഇന്ത്യൻ ജനാധിപത്യത്തെ എങ്ങനെ ബാധിക്കും എന്ന് ആഴത്തിൽ അന്വേഷിക്കുന്ന ഒരു പോഡ്കാസ്റ്റ് .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
18 മാർച്ച് 2021
ഡൽഹി
അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും
മൂന്നുവർഷങ്ങളായി ആ പെൺകടുവയെ മനുഷ്യൻ വേട്ടയാടാൻ പഠിപ്പിച്ചു . അവൾ അവനിയുടെ മകൾ എന്നറിയപ്പെട്ടു . നരഭോജിയായ 'അമ്മയെ സുപ്രീം കോടതിവിധിയാൽ വെടിവെച്ചുകൊല്ലുകയായിരുന്നു . അപ്പോൾ മനുഷ്യന് അറിയില്ലായിരുന്നു പത്തുമാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അവനിയ്ക്കുണ്ടായിരുന്നു എന്ന് . മനുഷ്യൻ കുഞ്ഞുങ്ങളെ എടുത്തുവളർത്തി . അമ്മക്കടുവയുടെ ഭാഗം മനുഷ്യൻ അഭിനയിച്ചു . വനത്തിൽ വേട്ടയാടാൻ പഠിപ്പിച്ചു . മൂന്നുവയസ്സായ മകൾ കടുവയെ മനുഷ്യൻ വനത്തിലേക്ക് തുറന്നുവിട്ടു . 48 മണിക്കൂറിനുള്ളിൽ ആ പെൺകടുവ മരിച്ചു . എങ്ങനെ ? ഈ പോഡ്കാസ്റ്റ് കേട്ടാലും .
മനുഷ്യനു മനസ്സിലാകാത്ത വനാന്തരത്തിൽ വനംവകുപ്പിന്റെ നിയമങ്ങളെക്കാൾ നല്ലത് വനനിയമങ്ങളല്ലേ ? അമ്മക്കടുവയാകാൻ ശ്രമിച്ചു പരാജയപ്പെട്ട മനുഷ്യന്റെയും ഒരു കടുവയുടേയും കഥ
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
മാർച്ച് 16 , 2021
dillidalipodcast.com
പൂക്കളും കനികളും നിലംപതിക്കുന്നു .
വാനമ്പാടിക്കൂടുകളും .
ഓരോ മുട്ട തകരുമ്പോഴും
മറ്റൊരു നാളെ
ഛിദ്രിക്കപ്പെട്ട ഭ്രൂണം കണക്കെ
വായ് തുറന്നവസാനിക്കുന്നു
...........................................
പുരുഷാ , നീ യൂദാസാണ്
നാളെ കോഴി കൂവുംമുമ്പ്
നീ എന്നെ ഒറ്റുകൊടുക്കും
......................................
യുവപ്രഭാഷകാ
മഴക്കാലത്തെ മരപ്പൂപ്പൽ പോലെ
ആ വേദന എന്നിൽ വളരുന്നു .
നീയെന്റെ ആരാണ് ?
മിത്രമോ ശത്രുവോ ?
.....................................
യാ അള്ളാഹ്
ഇനിയെങ്കിലും എന്നെ ശിക്ഷിക്കുക
നിന്നിലുമധികം ഞാനവനെ സ്നേഹിച്ചുപോയി.
ഈ വരും വെള്ളിയാഴ്ച
നാഗരാതിർത്തിയിൽ
കുന്നിൻ ശിഖരത്തിൽ
എന്നെ ബന്ധനസ്ഥയാക്കുക.
പിഴച്ചുമിടിക്കുന്ന ഹൃദയത്തെ
പറിച്ചുകളയുക
കൂലിപ്പട്ടാളം , പ്രകൃതിയും പുരുഷനും , പുഴ , ഈ വരും വെള്ളിയാഴ്ച, പൂനിലാവ്, മറവി എന്നീ കവിതകൾ ഈ പോഡ്‌കാസ്റ്റിൽ കേട്ടാലും .
സ്നേഹത്തോടെ ,
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
14 മാർച്ച് 2021
dillidalipodcast.com
പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും
പോപ്പ് ഫ്രാൻസിസിന്റെ ഇറാഖ് സന്ദർശനത്തിന്റെ സാമൂഹിക , സാംസ്കാരിക , രാഷ്ട്രീയ , സാമ്പത്തിക , മത മാനങ്ങളാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്.
ക്രിസ്തീയസമൂഹങ്ങളിൽ പോപ്പ് നടത്തുന്ന സാംസ്കാരികഇടപെടലുകളുടെ പ്രത്യേകതകൾ എന്തൊക്കെ ?
ഷിയാ -സുന്നി ലോകങ്ങളുമായുള്ള ഈ പോപ്പിന്റെ ഇടപെടലുകൾ 800 വർഷങ്ങൾക്കുമുൻപ് ഫ്രാൻസിസ് അസ്സീസ്സി ചെയ്ത ഇടപെടലുകളുമായി ഈ സന്ദർശനത്തിനുള്ള സമാനതകൾ ,
ലോകത്തിൽ പുതുതായി കണ്ടുവരുന്ന സംസ്കാരകൃസ്തീയതയിലെ ഇസ്‌ലാം വിരുദ്ധ ഭാവത്തെ പോപ്പ് അഭിമുഖീകരിക്കുന്ന രീതി എന്താണ് ?
ഈ സന്ദർശനത്തിന്റെ അമേരിക്കൻ -ഇറാൻ വശം എന്താണ് ?
അബ്രഹാമിന്റെ വ്യത്യസ്ത മതങ്ങളിൽ പെട്ട എല്ലാ സന്തതികളെയുമാണോ ഈ സന്ദർശനം ഉന്നം വെയ്ക്കുന്നത് ?
എത്രപ്രാചീനമാണ് ഇറാഖിലെ കൃസ്തീയത ?
ഇറാഖ് ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നേരിട്ട വെല്ലുവിളികൾ ,
സദ്ദാമിന്റെ കാലത്ത് കൃസ്ത്യാനികൾ എങ്ങനെ ? ISIS വിതച്ച നാശം.
ഒരിടുങ്ങിയ വഴിയിൽ ഒതുങ്ങിജീവിക്കുന്ന ഷിയാ പുരോഹിതശ്രേഷ്ഠനെ കാണുവാൻ പോപ്പ് പോയതിന്റെ പ്രാധാന്യം ,
പോപ്പിന്റെ യാത്രയിലെ ക്ഷമാപണങ്ങൾ , , ,
ഇന്ന് യൂറോപ്യൻ രാഷ്ട്രീയത്തിൽ ക്രിസ്തീയമൂല്യങ്ങൾ എത്രത്തോളമുണ്ട് ?
മഹാത്മാഗാന്ധി സർവകലാശാല ഗാന്ധിയൻ പഠന വിഭാഗം തലവൻ പ്രൊഫസ്സർ M H ഇല്യാസ് സംസാരിക്കുന്നു
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
10 മാർച്ച് 2021
dillidalipodcast.com
നാം പ്രത്യാശയെ നാട്ടുനനയ്ക്കുന്നു , തൊഴിലില്ലാത്തവരും തടവുപുള്ളികളും ചെയ്യന്നതുപോലെ ...
കവി പറഞ്ഞു : കടൽകാക്കകൾ തട്ടിപ്പറിച്ച തിര എന്റേതാണ് ...
ആരാണ് കവി ? ഒരു വാതിലിൽ നിന്നും മറ്റൊരു വാതിലിലേക്ക് നടക്കുന്നവൻ ...മമതകൾ ഇല്ലാത്തവൻ .
അപ്പോൾ കവിയെ നമ്മൾ എവിടെ മറവുചെയ്യും ? മറവിയിലോ ?
Mahmoud Darwish നെ ചുറ്റിപ്പറ്റി അലയുന്ന ഒരു പോഡ്കാസ്റ്റ് കാറ്റ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
09 March 2021
dillidalipodcast.com
PROMETHEUS 1930
ഒരു ചുവർചിത്രവും കലാകാരനും
ദില്ലി -ദാലിയിൽ ഒരു പോഡ്കാസ്റ്റ്
ഒരഗ്നിബാധയിൽ ഇടതുകൈ നഷ്ടപ്പെട്ട മെക്സിക്കൻ ചുവർചിത്രകാരൻ അഗ്നിയ്ക്ക് നൽകിയ മറുപടിയാണ് ലോകോത്തരമായ fresco Prometheus (1930 )
ക്രിസ്തു സ്വന്തം കുരിശുതകർക്കുന്ന ചിത്രത്തിലൂടെ മെക്സിക്കോ ശ്രദ്ധിച്ച ഈ കലാപകാരിയെ ലോകം ശ്രദ്ധിച്ചത് Prometheus ലൂടെയാണ്. Jackson Pollock പറഞ്ഞത് വടക്കേ അമേരിക്കയിലെ എക്കാലത്തെയും പ്രധാനപ്പെട്ട painting ഇതാണെന്നാണ് .
പോഡ്കാസ്റ്റ് കേട്ടാലും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
06 മാർച്ച് 2021
മിയാൻ കി തോടി
ഒരു ആത്മഛായാശബ്ദചിത്രം
ഒരു പരീക്ഷണപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
1963 ൽ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ മിയാൻ കി തോടി കേട്ടപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ച ദൂരങ്ങൾ ഒരു ശബ്ദചിത്രമാക്കാൻ ശ്രമിച്ചതാണിത് .
33 ആനകളുടെ വലുപ്പമുള്ള ഒരു നീലത്തിമിംഗലം, ഒരു ചിത്രശലഭത്തിന്റെ ജന്മം , ശ്രീനാരായണഗുരു ജീവിച്ചപ്പോൾ ജീവിച്ച ദസ്തയ്വ്സ്കിയുടെ നരകചിന്ത , ബാപ്പുവിനോട് കലഹിക്കുന്ന ബാ, ആനന്ദനോട് ബുദ്ധൻ പറഞ്ഞത് , വാസവദത്ത ഉപഗുപ്തനോട് പറഞ്ഞത്, പിക്കാസോയുടെ പകൽ , വിശുദ്ധയൂദായുടെ ആത്മഹത്യ , അരവിന്ദന്റെ മരണം , കബീറിന്റെ തോളുരുമ്മൽ , സുഗതകുമാരിയുടെ കാലിലെ ചങ്ങലകൾ ....
ഒരസാധാരണഗായകൻ എന്നെ നയിച്ച വിഭ്രാന്തശബ്ദഘരാന
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
25 ഫെബ്രുവരി 2021
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners