
Sign up to save your podcasts
Or


പ്രിയ സുഹൃത്തേ ,
റഷ്യയിൽ വ്ലാദിമിർ പുടിനെതിരെ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന വിവാദനായകനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . റഷ്യൻ സമകാലീന ആഭ്യന്തര രാഷ്ട്രീയത്തേയും സമ്പദ്‌രംഗത്തേയും വിദേശബന്ധങ്ങളേയും അടുത്ത് പഠിക്കുന്ന ഡോക്ടർ ഉമാ പുരുഷോത്തമനാണ് ദില്ലി -ദാലിയിലെ അതിഥി . സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളായിൽ International Relations and Politics ൽ അധ്യാപികയാണ് ഉമ .
വ്ലാദിമിർ പുടിൻ ഇതുവരെ നാവെടുത്തുപേര് പറയാത്ത ഒരാളാണ് അലക്സി നവൽനി എന്ന 44 കാരൻ . പക്ഷേ പുടിൻ ഈ തീപ്പൊരിയെ ഭയക്കുന്നുണ്ടോ ? അല്ലെങ്കിൽ എന്തിന് കേസ്സുകൾ കൊണ്ട് അയാളെ വേട്ടയാടണം ? വിദേശത്തുവെച്ചു നവൽനിക്ക് വിഷബാധയേൽക്കണം ? നവൽനി ഒരു നഗരപ്രതിഭാസം മാത്രമോ ?
എന്താണ് ഇയാളുടെ രാഷ്ട്രീയം ? സാമ്പത്തികദർശനം ? സ്ത്രീകളുടെ ഇടയിൽ ആരാണ് കൂടുതൽ ജനകീയൻ ? യുവാക്കൾ എന്തുകൊണ്ട് നവൽനിയെ ഇഷ്ടപ്പെടുന്നു ? എന്തുകൊണ്ട് ആഗോളമാധ്യമങ്ങൾ റഷ്യൻ കാര്യങ്ങൾ വലുതായി റിപ്പോർട് ചെയ്യാത്തത് ? നവൽനി പൂർണ്ണമായും സോവിയറ്റാനാന്തര രാഷ്ട്രീയത്തിന്റെ ഉൽപന്നമാണോ ? നവൽനിയ്ക്ക് റഷ്യയുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എങ്ങനെയാണ് ? നവൽനിയുടെ രാഷ്ട്രീയപാർട്ടിയായ Russia for the Future എത്രമാത്രം സംഘടിതമാണ് ? റഷ്യയിൽ കമ്മ്യുണിസ്റ് പാർട്ടിയുണ്ടോ ? USSR ശാസ്ത്രരംഗത്തുണ്ടാക്കിയ മുന്നേറ്റങ്ങൾ റഷ്യയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ടോ ? ഇന്ത്യയുമായുള്ള ബന്ധം ?
റഷ്യൻ രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഒരു ശ്രമം .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
23 ഫെബ്രുവരി 2021
രാഷ്ട്രീയപാർട്ടിയിൽ ചേരാതെ മൈസൂർ പ്രധാനമന്ത്രിയായ സർ മോക്ഷഗുണ്ഡം വിശ്വേശ്വരയ്യ
പ്രിയ സുഹൃത്തേ ,
ആധുനിക ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം വിശേശ്വരയ്യ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ എഞ്ചിനീയർമാരിൽ ഒരാൾ ആയിരുന്നു . മൈസൂർ രാജാവ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. ഹൈദരാബാദിലെ നിസാമും പ്രധാനമന്ത്രിയാക്കാൻ മുന്നോട്ടുവന്നു . ഗാന്ധിയോടു വിയോജിച്ചു , എന്നിട്ടും ഗാന്ധി ആദരിച്ചു . നേതാജി വികസനകാര്യങ്ങളിൽ സംശയം വന്നാൽ അദ്ദേഹത്തെ സമീപിച്ചു . ഭാവിയിലെ ഇന്ത്യ എങ്ങനെയാകണമെന്ന് പണ്ഡിറ്റ് നെഹ്‌റുവിനെ ഉപദേശിച്ചു . എന്നിട്ടും ഒരു രാഷ്ട്രീയപ്പാർട്ടിയിലും ചേരാതെ ഇന്ത്യയുടെ പഞ്ചവത്സരപദ്ധതികളുടെ അസ്ഥിവാരമിട്ടു. 1955 ൽ ജവഹർലാൽ നെഹ്രുവിനോപ്പം ഭാരതരത്നം പങ്കിട്ടു . തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ഒരു പത്രലേഖകൻ ചോദിച്ചു , എന്താണ് ഈ ദീർഘായുസിന്റെ രഹസ്യം ? അദ്ദേഹം പറഞ്ഞു : മരണം പലപ്പോഴും എന്നെ അന്വേഷിച്ചു വീട്ടിൽ വന്നു...ഞാൻ തെരക്കായതിനാൽ അവിടെ ഉണ്ടായിരുന്നില്ല .
ഈ പോഡ്കാസ്റ്റ് കേട്ടാലും
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
20 ഫെബ്രുവരി 2021
ഡൽഹി
പ്രിയ സുഹൃത്തേ ,
ചരിത്രം തുറന്ന വാഹനത്തിൽ കൈകൂപ്പി കടന്നുപോകുമ്പോൾ വഴിവക്കിൽ മിഴിനട്ടുനിന്നുകളഞ്ഞ ബാലനായിരുന്നു പുതുക്കുടി ബാലേട്ടൻ.
അനശ്വരനായ ഒരു കാണി.
ഊരിയ കത്തിയുമായി നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും ബാലേട്ടന് അതേ മാനസികാവസ്ഥയായിരുന്നു.
1940 കളിൽ എൻ വി കൃഷ്ണവാര്യർ എഡിറ്റ് ചെയ്തിരുന്ന സ്വന്തന്ത്രഭാരതം പത്രം കല്ലായിയിലെ തന്റെ മേൽനോട്ടത്തിലുള്ള തടിലോറികളിൽ കയറ്റിഅയക്കുമ്പോഴും അതേ മാനസികാവസ്ഥ . ദാർശനികനായ ഗവേഷകൻ നിസ്സാർ അഹമ്മദ് മധ്യവേനലവധിയ്ക്ക് കാൺപൂരുനിന്നും വരാൻ കാത്തിരുന്ന ബാലേട്ടൻ. വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ഓരോ ബന്ദുദിവസവും കറുത്തമുണ്ടുടുത്ത് കാറിൽ കയറി ഇടതു -വലതു ഭേദമന്യേ കല്ലേറുവാങ്ങിയ ബാലേട്ടൻ.
പുതുക്കുടി ബാലേട്ടനെ പരിചയപ്പെട്ടുകഴിഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത് കല്ലായിപ്പുഴയിൽ മാത്രമല്ല മനുഷ്യരിലും കനപ്പെട്ട ഈട്ടിത്തടികൾ ഉണ്ടാക്കാമെന്ന്.
പോഡ്കാസ്റ്റ് കേട്ടാലും, ഒരോർമ്മച്ചിത്രം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
18 ഫെബ്രുവരി 2021
മിയാൻമാർ മരീചിക
ജനാധിപത്യം പട്ടാളം സമൂഹം
The Hindu ദിനപ്പത്രത്തിൽ International Affairs Editor സ്റ്റാൻലി ജോണി , മിയാൻമാറിൽ ജീവിച്ച , ഇപ്പോൾ ചെന്നൈയിൽ ശിവ് നാടാർ കോളേജിൽ അധ്യാപകരായ ഡോ . ചെറി മാത്യു ഫിലിപ്പോസ് , ഡോ .ദീപേഷ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്ന ആഴമുള്ള
ചർച്ച
എന്തുകൊണ്ട് മിയാൻമാറിൽ ജനാധിപത്യഭരണം അട്ടിമറിക്കപ്പെട്ടു ?
ഭരണഘടനാപ്രകാരം തന്നെ എങ്ങനെ ആ രാജ്യത്തിൽ പട്ടാളത്തിന് മേൽക്കൈ വരുന്നു ?
എന്തുകൊണ്ട് ജനാധിപത്യനായിക ഓങ് സാൻ സ്യൂചിയ്ക്ക് ഒരിക്കലും രാജ്യത്തിന്റെ പ്രസിഡണ്ട് ആകാൻ കഴിയില്ല ?
എന്നിട്ടും സ്യൂചി എങ്ങനെ പട്ടാളത്തെ ജനാധിപത്യത്താൽ ചെറുക്കുന്നു ?
എന്തുകൊണ്ട് പട്ടാളക്കാരുടെ ഭാര്യമാർ സ്യൂചിയ്ക്ക് വോട്ടുചെയ്യുന്നു ?
ബർമ്മയിലെ ഏഴ് വിവിധ വംശീയവിഭാഗങ്ങളും ദേശീയതാപ്രശ്‌നവും എങ്ങനെ കൂടിക്കുഴയുന്നു ?
യുവാക്കൾ പുതിയ നീക്കങ്ങൾ നടത്തുന്നുവോ ?
സ്യൂചിയിൽ എത്ര ഗാന്ധി ?
ബുദ്ധമതത്തിലെ അക്രമശാഖകൾ ?
മിയാൻമാറും ഇന്റർനെറ്റും അവിടുത്തെ ജനാധിപത്യവും ?
റോഹിൻഗ്യൻ പ്രശ്നത്തിൽ സ്യൂചി ജനാധിപത്യവാദിയാണ് ?
ബൗദ്ധപാഠശാലകൾ രാഷ്ട്രീയശാഖകളോ ?
രാജ്യത്തെ രാഷ്ട്രീയം ഇനി എങ്ങോട്ട് ? പട്ടാളത്തിന്റെ പരിമിതികൾ ?
എന്താണ് തെരുവിൽ കുട്ടികൾ കാണിക്കുന്ന മൂന്നുവിരൽ പ്രതിഷേധം ?
അമിതാധികാരദാഹിയായ മിയാൻമാർ പട്ടാളം എങ്ങനെ മുന്നോട്ടു നീങ്ങും ?
മിയാൻമാറിലെ സ്ത്രീകളും ജനാധിപത്യപ്രസ്ഥാനവും ?
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ എത്ര ഭദ്രം ?
മിയാൻമാറിലെ ജനാധിപത്യത്തിലെ പുതിയ പ്രതിസന്ധിയിൽ എന്തുകൊണ്ട് ഇന്ത്യ ശക്തമായ നിലപാട് എടുക്കുന്നില്ല ?
സമഗ്രമായ ഒരവലോകനം .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
16 ഫെബ്രുവരി 2021
ഡൽഹി
dillidalipodcast.com
സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന
2021 പ്രണയദിന പോഡ്കാസ്റ്റ്
മൊസാർട് സി -മൈനറിൽ മഹാപ്രാർത്ഥന ചെയ്തത് കാമുകിയെ ദൈവം നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു .
അച്ഛൻ എതിരു നിന്ന പ്രണയം . അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങൾ , പരാജയങ്ങൾ .
മരിയ കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്കാസ്റ്റ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
14 ഫെബ്രുവരി 2021 , ഡൽഹി
പ്രിയസുഹൃത്തേ ,
1971 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് .
അതായത് ഇന്നേക്ക് അൻപതുകൊല്ലങ്ങൾക്കു മുൻപ് .
അദ്ദേഹത്തെ അടുത്തറിഞ്ഞ , അദ്ദേഹവുമായി കത്തിടപാടുകൾ ഉണ്ടായിരുന്ന , കൗമാരത്തിൽ സഹോദരൻ അയ്യപ്പനേയും MC ജോസഫിനെയും കുറ്റിപ്പുഴയേയും ഒരുമിച്ചു കാണാൻ കഴിഞ്ഞ ആഹ്ലാദം ഇപ്പോഴും കൊണ്ടു നടക്കുന്ന ഡോക്ടർ ബി ഇക്‌ബാൽ കുറ്റിപ്പുഴയെ അനുസ്മരിക്കുന്നു .
ലോകത്തിലെ യുക്തിവാദ ചരിത്രത്തിൽ കുറ്റിപ്പുഴ ഏത് സരണിയിൽ പെടുന്നു ? കേരള റസ്സലോ ? കുറ്റിപ്പുഴ അജ്ഞേയവാദിയായിരുന്നോ ?
ദൈവവധം എന്ന സങ്കുചിതപദ്ധതിയിൽ നിന്നും അദ്ദേഹത്തിൻറെ അന്വേഷണ പഥം എങ്ങനെ വ്യത്യസ്‌തമായി ? ഇന്നത്തെ ആഗോളതലത്തിലെ നവനാസ്തികരുടെ നിലപാടുകൾ എന്ത് ?
സഹോദരൻ അയ്യപ്പന്റേയും കുറ്റിപ്പുഴയുടേയും ശ്രീ നാരായണ ഗുരു പൈതൃകം ? 1968 ൽ വി ടി ഭട്ടതിരിപ്പാട് കാഞ്ഞങ്ങാടു നിന്നും ചെമ്പഴന്തി വരെ നടത്തിയ ഒരു ജാഥയുടെ പ്രാധാന്യം , ആ തലമുറ തുറന്ന ശാസ്ത്രാവബോധത്തിന്റെ വാതിലുകൾ പുതിയ നവോത്ഥാന ചർച്ചകളിൽ എന്തുകൊണ്ട് കടന്നുവരുന്നില്ല ? കുറ്റിപ്പുഴ മലയാളിക്ക് പരിചയപ്പെടുത്തിയ വിശ്വസാഹിത്യം , അദ്ദേഹം വിവർത്തനം ചെയ്ത ഓസ്കാർ വൈൽഡ് , കമ്മ്യുണിസത്തോടും ഗാന്ധിയോടുമുള്ള സമീപനം , ട്രോട്സ്കിയെക്കുറിച്ച് കുറ്റിപ്പുഴ എഴുതിയ ലേഖനവും അതിലെ സ്റ്റാലിനും ....
കുറ്റിപ്പുഴയുടെ ധൈഷണികജീവിതത്തെക്കുറിച്ച് വികാരപരമായ ഒരു അനുസ്മരണമാണ് ഈ പോഡ്കാസ്റ്റ് .
ഡോ . ഇക്‌ബാലിന് നന്ദി .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
11 ഫെബ്രുവരി 2021
ഡൽഹി
dillidalipodcast.com
ഫെബ്രുവരി ആദ്യവാരം അന്തരിച്ച ചരിത്രകാരൻ പ്രൊഫസ്സർ DN Jha യ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണിത് .
വിശുദ്ധപശു എന്ന മിത്ത്എന്ന പുസ്തകത്തിലെ ' മാംസം ഭക്ഷണമാണ് , യാജ്ഞവൽക്യന് ഇഷ്ടം ബീഫ് ആയിരുന്നു' എന്ന അദ്ധ്യായത്തിന്റെ പ്രസക്തഭാഗങ്ങൾ ആണിത് .
ഋഗ് വേദത്തിന്റെ പത്താം അദ്ധ്യായത്തിൽ അതിഥികൾക്കായി ഭക്ഷണമാകാൻ അർഹമായ പശുക്കളെ കുറിച്ച് പറയുന്നത് , ശതപഥബ്രാഹ്മണത്തിൽ മാംസമാണ് ഏറ്റവും നല്ല ഭക്ഷണം എന്ന് പറയുന്നത് , പശു അന്നം തന്നെയാണ് എന്ന് തൈത്തിരീയ ബ്രാഹ്മണത്തിൽ പറയുന്നത് ...
ഏറെ ചർച്ചാവിഷയമായ പുസ്തകത്തെ അവലംബിച്ച പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 09 ഫെബ്രുവരി 2021
dillidalipodcast.com
നിലാവു വിരിച്ച വെളുത്ത കമ്പളം പോലെ പുഴയ്ക്കു മേലെ പതിനായിരം ചിത്രശലഭങ്ങൾ ...അവയിലൊന്ന് ആറളത്തെ കാട്ടുചെത്തികളിൽ ഒന്നിന്റെ ഇതളിൽ ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു നോക്കി ...കബീർ എന്റെ ചെവിയിൽ പാടി 'എത്ര നേർമ്മയാണ് നിന്റെ വസ്ത്രത്തിന് ! ആരാണ് ശലഭമേ നിന്റെ ഉടയാട നെയ്തത് ? ശലഭത്തിലെ ഏത് മതം? ഏത് ജാതി നീ ?"
ഈ പോഡ്കാസ്റ്റ് ഞാനും ഒരു ചിത്രശലഭവും ഒരുമിച്ച് കുമാർ ഗന്ധർവയുടെ കബീറിനെ കേട്ടതിന്റെ ഓർമ്മയാണ്. ശലഭമേ , നീ എത്ര കരുതലോടെ നിന്റെ നേർമ്മ കാത്തുസൂക്ഷിക്കുന്നു ...ഞാൻ എന്റെ അഹന്തയുടെ മേലാടകൾ എത്ര നിരുത്തരവാദത്തോടെ കൊണ്ടു നടക്കുന്നു ! ഒറ്റ ശ്വാസകോശത്താൽ കുമാർ നെയ്ത ഗാനവസ്ത്രവും .
കേട്ടാലും ഈ പോഡ്കാസ്റ്റ്
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
06 ഫെബ്രുവരി 2021
.ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി
വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ അടുത്തായിരുന്നു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തി അടച്ചുകെട്ടിയിരുന്നു. ഇന്ത്യാ -പാകിസ്താൻ അതിർത്തിയോ ? അതോ ഏതോ നാസി തടങ്കൽ പാളയത്തിന്റെ ചുറ്റുമതിലോ ? വലിയ മുള്ളുവേലികളാൽ അടച്ചു കെട്ടിയിരുന്നു വഴികൾ . ഗാസിപൂർ അതിർത്തിയോടു ചേർന്നുള്ള പൊന്തക്കാടു വഴിയാണ് ഞാനും സുഹൃത്തായ സുരേഷ് കുറുപ്പും കർഷക സമര ഭൂമിയിലെത്തിയത്. എന്റെ പകൽ ഉറഞ്ഞുകൂടി ...ആയിരം വിചാരങ്ങൾ ...വിക്ഷുബ്ധ വികാരങ്ങൾ ...എല്ലാം ഒരു പിടി ധാന്യത്തിൽ , ഒരു നിർണ്ണായക ചോദ്യമായി ...രണ്ടു ചപ്പാത്തികളായി എന്റെ തീൻ മേശയിൽ . എന്റെ സുഖ സമ്പൂർണമായ മധ്യവർഗ്ഗ ദില്ലി തീൻ മേശയിൽ പിടയ്ക്കുന്ന രണ്ടു ചപ്പാത്തികൾ . നിലം ഒരുക്കിയവർ ...മഴമേഘങ്ങളെ പ്രാർത്ഥനയാൽ പെയ്തിറക്കിയവർ , തീയാളുന്ന ജൂണിലെ വേനലിൽ പച്ചപ്പിനെ സ്നേഹിച്ച് കതിരാക്കിയവർ ...എന്റെ രണ്ടു ചപ്പാത്തികൾക്കായി വെള്ളം കോരിയവർ ...ഉറങ്ങാതെ കാട്ടുപന്നികളെ പായിച്ചവർ ....പതിരിനെ ഒഴിവാക്കി എനിക്കായി കതിര് ഒരുക്കിയവർ ...അവർ ഇന്ത്യാ തലസ്ഥാനത്തിന്റെ അതിർത്തിയിൽ എനിക്ക് വീണ്ടും സ്നേഹപൂർവ്വം ഭക്ഷണം വിളമ്പി തന്നു . ഒരിക്കലും തീരാത്ത ദേശസ്നേഹത്തിന്റെ കെടാവിളക്കുപോലെ സർദാർ ഭഗത് സിങ്ങിന്റെ ചിത്രം ഊണു തമ്പിന്റെ മുന്നിൽ . കൊലക്കയറുകളെ നാണിപ്പിച്ച ആ ധീരത എനിക്ക് മധുരം ഒരിലപ്പാത്രത്തിൽ വിളമ്പിയ എൺപതുകാരൻ വൃദ്ധന്റെ കണ്ണിൽ ഞാൻ കണ്ടു . ആയിരക്കണക്കിന് തമ്പുകൾ ....ട്രാക്ടറുകൾ രാപാർക്കാനുള്ള മുറികൾ കൂടിയാകുമെന്ന് അതുണ്ടാക്കിയ മൾട്ടിനാഷണൽ ഭീമൻ കമ്പനി ഓർത്തിരിക്കില്ല . ഞങ്ങൾ കണ്ട എൺപതുകാരൻ ജർണയിൽ സിംഗ് ഡൽഹി പൊലീസിലെ ഉന്നത പദവിയിൽ നിന്നും വിരമിച്ച ആളാണ് . ഞാൻ ആദ്യം കൃഷിക്കാരൻ ...പിന്നെ പോലീസ്...നാനക് താടി തടവി ആ വന്ദ്യ വയോധികൻ പറഞ്ഞു : ഇന്ത്യാ ചൈനാ അതിർത്തിപോലെ കൃഷിക്കാരെ മുള്ളുവേലിയിൽ അകറ്റി നിർത്തിയാൽ തലസ്ഥാനത്തെ നിങ്ങൾക്ക് എങ്ങനെ അത്താഴം കഴിക്കാൻ കഴിയുന്നു ? ഈ പ്രായത്തിൽ ഞാൻ ഈ തണുപ്പത്ത് ദില്ലി അതിർത്തികളിലെ പൊന്തക്കാടുകളിൽ മലമൂത്ര വിസർജ്ജനം നടത്തുമ്പോൾ , എത്ര നാൾ തലസ്ഥാനത്തെ അംബരചുംബികളിലെ യൂറോപ്യൻ ഫ്ലെഷുകൾ പ്രവർത്തിക്കും ? സമര രംഗത്തുള്ള എന്റെ മകൾ ആർത്തവ കാലത്ത് ഒരു സാനിറ്ററി നാപ്കിന്നിനു വേണ്ടി എട്ടു കിലോമീറ്റർ കഴിഞ്ഞ ദിവസം നടന്നു ....തലസ്ഥാനത്തെ പുരവാസികൾ എത്രനാൾ സുഖമായി ഇങ്ങനെ ഉറങ്ങും ?
തിരികെ വന്ന് തീൻ മേശയിൽ അത്താഴത്തിന് പഞ്ചാബിലെ വയലിൽ നിന്നു വന്ന ഗോതമ്പിന്റെ ചപ്പാത്തികൾ കരയിൽ പിടിച്ചിട്ട മീനിനെ പ്പോലെ പിടഞ്ഞു ....പകൽ അതിർത്തിയിൽ കേട്ട ഒരു ഗാനമുണ്ട്. വാഹ് ഗുരു ..ഹരേ റാം ...അള്ളാ ഹു ....സിന്ദാബാദ് ....സിന്ദാബാദ് .....ഞാൻ അത് കൂടെ പാടി . ചപ്പാത്തി അപ്പോഴാണ് പിടച്ചിൽ നിർത്തിയത് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
05 ഫെബ്രുവരി 2021
dillidalipodcast.com
പ്രിയ സുഹൃത്തേ ,
'നഗ്നരും നരഭോജികളും' സിനിമാറ്റോഗ്രാഫർ വേണു എഴുതിയ പുതിയ യാത്രാവിവരണ പുസ്തകമാണ്. അസാധാരണമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം നൽകുന്നത് .
ഈ ലക്കം പോഡ്കാസ്റ്റ് ഒരു book talk ആണ് . പുസ്തകം വായിച്ചതിന്റെ അടിസ്ഥാനത്തിൽ വേണുവുമായി ഒരു സംഭാഷണം .
ഇന്ത്യയുടെ red corridor എന്നറിയപ്പെടുന്ന ഛത്തിസ്ഗഢിലെ വനമേഖലയിലൂടെയുള്ള ഒറ്റയാൻ യാത്ര.
അരവിന്ദൻ കാഞ്ചനസീത ചിത്രീകരിച്ച ദണ്ഡകാരണ്യത്തിലൂടെ ഒരു യാത്ര.
ആണിക്കസേരയിൽ ഇരുന്ന് ആദിമജനതകളെ ദൈവത്തോടടുപ്പിക്കുന്ന വെളിച്ചപ്പാടുകൾ.
അവർക്കന്യമായ സംഘടിത ഹിന്ദുമതം നടത്തുന്ന കടന്നുകയറ്റങ്ങൾ, ഹിന്ദു എന്നത് ഒരു ഫാഷൻ ആകുന്നത് വേണു നിരീക്ഷിക്കുന്നു.
കഴിച്ച ഉറുമ്പുചമ്മന്തിയും മൗവ്വ മദ്യവും.
വാളുകൾ കണങ്കാലിൽ പിടിപ്പിച്ച പൂവൻകോഴികളുടെ രക്തരൂക്ഷിത പോരാട്ടങ്ങൾ ...
ഒറ്റയ്ക്കു യാത്രചെയുമ്പോഴും ഒറ്റയാണെന്നു തോന്നാത്ത വേണുവിന്റെ മാനസികാവസ്ഥ.
വീട് , ദേശാടനം , മടക്കം , മനുഷ്യന്റെ വ്യത്യസ്ത മാനസികാവസ്ഥകൾ.
രാഷ്ട്രീയമെന്ന മഷി അതിസൂക്ഷ്മമായ അന്തർധാരയായി പടരുന്ന 'നഗ്നരും നരഭോജികളും' എന്ന പുസ്തകത്തെ കുറിച്ച് 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു സംഭാഷണം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 03 ഫെബ്രുവരി 2021
ഡൽഹി
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners