
Sign up to save your podcasts
Or


പ്രിയ സുഹൃത്തേ ,
ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് .
നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല .
പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം .
ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്ല ....ട്രാക്ടർ ആണ് ഭവനം . വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ പോകുന്നു ..
അൻപതുപേർ ഇതിനോടകം മരിച്ചുകഴിഞ്ഞു . അതിർത്തിയിൽ 24 ബാരിക്കേഡുകൾ ....ആംബുലൻസുകൾക്ക് പോകാൻപോലും വഴി തുറക്കില്ല ...
സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സമരം.
ജൻ സ്വാസ്ഥ്യ അഭിയാൻ സമരഭൂമിയിൽ നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ പൊതുജനാരോഗ്യ പ്രവർത്തകനായ വി ആർ രാമൻ വിശദീകരിക്കുന്നു .
ഓരോ ഇന്ത്യാക്കാരനും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ്
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 08 ജനുവരി 2021
പ്രിയ സുഹൃത്തേ ,
എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ നാഗേശ്വര റാവു സംഭാഷണമോ , 1950 -1960 കാലങ്ങളിലെ തമിഴ് ഗാനസാഹിത്യമോ ആണ്. ഞാൻ ആകസ്മികമായിട്ടാണ് ശാന്തയെ കണ്ടത് . അമ്പരന്നുപോയി അവർ ജീവിതത്തെ തമിഴ് സിനിമയുമായി ഇടകലർത്തുന്ന രീതിയും അവരുടെ ഓർമ്മയും കണ്ടപ്പോൾ . സംഭാഷണത്തിന്റെ കുറച്ചു ഭാഗങ്ങൾ record ചെയ്യാൻ കഴിഞ്ഞു . അതാണ് ഈ പോഡ്കാസ്റ്റ് . കൂടെ അവർ പറയുന്ന ഗാനങ്ങളും സംഭാഷണങ്ങളും , ശിവാജിഗണേശന്റെ ഏറ്റവും ദൈർഘ്യമേറിയ സംഭാഷണശകലവും ഉൾപ്പെടുത്തിയിരിക്കുന്നു .
"തമിഴ് തിരൈപ്പട നിനൈവുകൾ "
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 07 ജനുവരി 2021
www.dillidalipodcast.com
പ്രീയ സുഹൃത്തേ,
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'പതിനെട്ടു കവിതകൾ' പ്രസിദ്ധീകൃതമായിട്ട് 2020ൽ നാൽപതാണ്ടുകൾ തികഞ്ഞു.
ആ കവിതകൾ തൻ്റെ കൗമാര- യൗവ്വനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ ആർ മീര സംസാരിക്കുന്നു.
ഒന്ന്: മീരയുടെ ആമുഖം
രണ്ട്: മീരയുമായി സുദീർഘമായ അഭിമുഖ സംഭാഷണം
സ്നേഹത്തോടെ
എസ്. ഗോപാലകൃഷ്ണൻ
27 ഡിസമ്പർ 2020
ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ ,
മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി .
ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്.
മൂന്ന് അവതാരികകളും ഒരു കവിതയും
1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം )
2 . ജി . ശങ്കരക്കുറുപ്പ് -1965 (പ്രീയപ്പെട്ട സുഗതേ , ഉഷസ്സ് ആരുടേയും അവതാരികയുമായിട്ടല്ലല്ലോ പ്രപഞ്ചത്തിലേക്കു കടന്നുവരുന്നത് ! ഈ സ്വപ്നഭൂമിയ്‌ക്കെന്തിനാണ് ഒരാമുഖം ?
3 . ബാലചന്ദ്രൻ ചുള്ളിക്കാട് -2016 (ഉന്മാദിനിയായ ഈ വിപിനദുർഗ്ഗയാണ് എന്റെ കാവ്യദേവത . അവളുടെ മുൻപിൽ ശിരസ്സു ഛേദിച്ച് നിവേദിച്ച് ഞാൻ അടങ്ങട്ടെ )
4 . സുഗതകുമാരിയുടെ 'കടൽ പോലൊരു രാത്രി ' കവി അൻവർ അലി ചൊല്ലുന്നു .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 23 ഡിസംബർ 2020
പക്ഷിയാണ് ഗുരുത്വാകർഷണത്തിൻ്റെ ആജന്മശത്രു, പ്രാചീനശത്രു.
ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ ഒരു നിമിഷത്തിൽ?
വൈലോപ്പിള്ളി 1939 ൽ എഴുതിയ കവിതയിൽ പറയാൻ ശ്രമിക്കുന്നത് മരിക്കുമെന്നുറപ്പായ നിമിഷം നർത്തകി എല്ലാം മറന്ന് നൃത്തം ചെയ്യുമെന്നാണ്.
ഗുരുത്വാകർഷണബലത്തിനെതിരേ പക്ഷി നടത്തുന്ന കലാപം പോലൊന്ന് വൈലോപ്പിള്ളിയുടെ നർത്തകി അന്ത്യനർത്തനം കൊണ്ട് ചെയ്യുന്നു... ശവകുടീരഗഭീരശാന്തിയിലും ചിറകു മുളയ്‌ക്കുന്ന ജീവിതപ്രണയത്തിൻ്റെ അനശ്വര കവിതയെക്കുറിച്ച് ഒരു പോഡ്കാകാസ്റ്റ്.
കേട്ടാലും...
ഹെഡ് ഫോൺ ഉപയോഗിച്ചാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം കിട്ടും.
ദൈർഘ്യം : പതിനഞ്ചു മിനിറ്റ്
സ്നേഹത്തോടെ
എസ്. ഗോപാലകൃഷ്ണൻ
ഡൽഹി, 21 ഡിസമ്പർ 2020
സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു
1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് .
വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ അലഞ്ഞു, നാടകത്രയം എഴുതിയ കാലത്തെക്കുറിച്ച് സി എൻ ശ്രീകണ്ഠൻ നായർ പറഞ്ഞതിനെ കുറിച്ച് മകൻ പറയുന്നു ...ഇരുളിൽ തപ്പിത്തടഞ്ഞ അനുഭവങ്ങൾ ...
മുപ്പതാമത്തെ വയസ്സിൽ കാഞ്ചനസീത എഴുതിയ പ്രതിഭ ! കൗമാരത്തിലെ സ്വാതന്ത്ര്യ സമരകാല രാഷ്ട്രീയപ്രവർത്തനം ...ഒളിവുകാലം ...ഡോക്ടർ പി എ വേലായുധൻ പിള്ളയും കാഞ്ചനസീതയും ....'രാവണൻ എന്ന വിശ്വരൂപത്തെ ലങ്കാലക്ഷ്മി എന്ന എന്റെ കമുകിൻ പാളക്കീറിൽ വരഞ്ഞുവെച്ചതിന് മാപ്പ് ' എന്ന് സി എൻ പറഞ്ഞ കാലങ്ങൾ. സാകേതം എഴുതിയ കോട്ടയം കാലങ്ങൾ . നടരാജഗുരു,കെ . ബാലകൃഷ്ണൻ, പുളിമാന പരമേശ്വരൻ പിള്ള , എം . ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ ,അരവിന്ദൻ , അടൂർ ഗോപാലകൃഷ്ണൻ , എം വി ദേവൻ ,നിത്യചൈതന്യയതി , എൻ എൻ പിള്ള , പി കെ വേണുക്കുട്ടൻ നായർ, അടൂർ ഭാസി , മധു , കെ പി ഉമ്മർ, എം കെ കെ നായർ തുടങ്ങിയവർ വീട്ടിൽ വരുന്ന കാലങ്ങൾ ..തേജോമയിയായ സ്ത്രീരൂപം ഹിന്ദി നടി വഹീദ റഹ്‌മാൻ ഒരു ദിവസം അച്ഛനെ കാണാൻ വന്നത്. ജി അരവിന്ദൻ വീട്ടിൽ ആസ്ഥാനഗായകനായി എത്തുന്ന സായാഹ്നങ്ങൾ . എറണാകുളത്ത് കേരള കലാപീഠം തുടങ്ങുന്ന കാലങ്ങൾ...നാൽപ്പത്തിയാറാം വയസ്സിൽ ലങ്കാലക്ഷ്മി എഴുതി തളരുന്നത് , തന്ത്രവിദ്യ പഠിക്കുന്നത്, എഴുതാതെ പോയ ഒരു നാടകം, മലമ്പുഴയിലെ യക്ഷിയ്ക്ക് ആ പേരിട്ടത് , തനതുനാടകവേദിയുടെ ബീജം, ...എന്തെല്ലാം ഓർമ്മകളാണ് തെളിമയോടെ ഈ മകൻ പറയുന്നത് !
നന്ദി , പ്രീയപ്പെട്ട ഉണ്ണി , വലിയ മലയാളികളിൽ ഒരാളായ അച്ഛനെ കുറിച്ച് ഇങ്ങനെ ഓർത്തതിന് .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 18 ഡിസംബർ 2020
Dear friends,
Dilli Dali is a podcast initiative from Delhi, India on our life and times.
This episode is looking at certain recent developments in India from a music lover's sociological point of view.
With warm regards,
S. Gopalakrishnan
Delhi, 17 December 2020
ഡി വിജയമോഹന് ആദരാഞ്ജലി
അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം .
ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം .
പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം കാട്ടാൻ മരണം മറന്നു പോയ ഒരു വേളയായി മാറി ഇത് .
വിജയമോഹന് ആദരം അർപ്പിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത്
ഒന്ന് : എഴുത്തുകാരനായ സക്കറിയ
രണ്ട് : പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായ തോമസ് ജേക്കബ്
മൂന്ന് : പ്രമുഖ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ .പി . ഉണ്ണി
നാല് : The Week മാഗസീൻ ഡൽഹിയുടെ ചീഫ് ഓഫ് ബ്യൂറോ ആർ . പ്രസന്നൻ
ദൈർഘ്യം : മുപ്പതു മിനിറ്റ്
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി 16 ഡിസംബർ 2020
നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ
John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു
പ്രിയ സുഹൃത്തേ ,
ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി .
ശീതയുദ്ധകാലത്തെ മനുഷ്യാവസ്ഥകളെയും രണ്ടുധ്രുവങ്ങളിലേയും അധികാരകേന്ദ്രങ്ങളുടെ രഹസ്യലോകത്തേയും അന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ . ജെയിംസ് ബോണ്ടിന് വിപരീതനായ രഹസ്യാന്വേഷകനെ le Carré എങ്ങനെ വാർത്തെടുത്തു ?
അദ്ദേഹം പാശ്ചാത്യ ഉപരിവർഗ്ഗത്തിന്റെ മൂല്യവ്യവസ്ഥയുടെ പൊള്ളത്തരങ്ങളെ എങ്ങനെ ചിത്രീകരിച്ചു ?
ജർമ്മൻ തത്വചിന്തയിലുള്ള താൽപര്യം എഴുത്തിൽ എങ്ങനെ പ്രതിഫലിച്ചു ?
അമൃത് ലാൽ നടത്തുന്ന ആദര പോഡ്കാസ്റ്റ് : ഒരു സംഭാഷണം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി 14 ഡിസംബർ 2020
പ്രിയ സുഹൃത്തേ ,
ബീഥോവന്റെ ഇരുനൂറ്റിയൻപതാം ജന്മവാർഷികമാസമാണ് ഡിസംബർ 2020 . അദ്ദേഹത്തെ ജ്ഞാനസ്നാനം ചെയ്തത് 1770 ലെ ഡിസമ്പർ പതിനേഴാം തീയതിയായിരുന്നു . ജനനത്തീയതിയെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഇന്നത്തെ ദില്ലി-ദാലി ബീഥോവൻ എന്ന അസാധാരണ സംഗീത പ്രതിഭയ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണ് .
അദ്ദേഹത്തിൻറെ ഒൻപതാം സിംഫണിയെ കുറിച്ച് ഒരാലോചനയാണിത്. മനുഷ്യന്റെ ചെവിയുടെ കേൾവി സാധ്യതകളാണ് ഒൻപതാം സിംഫണി അനാവരണം ചെയ്യുന്നത് ...ഉറുമ്പുകൾ നടക്കുന്ന ശബ്ദം പോലെ ചില സ്വരവിന്യാസങ്ങൾ ....കൊടുങ്കാറ്റുലച്ച മഹാവനം പോലെ മറ്റൊരിടം ....ഇതെല്ലാം കൽപന ചെയ്യുമ്പോൾ അദ്ദേഹം ബധിരനായിരുന്നു എന്നറിയുമ്പോൾ കേൾക്കുന്നത് ചെവി കൊണ്ടല്ല എന്നതും കൂടി നാമറിയുന്നു .
ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഒൻപതാം സിംഫണിയുടെ ശബ്ദലേഖനത്തിന്റെ സഹായത്തോടെയാണ് .
Headphone ഉപയോഗിച്ചു കേട്ടാൽ കൂടുതൽ ശ്രവ്യസുഖം ലഭിക്കും എന്നോർമ്മിപ്പിക്കുന്നു
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 13 ഡിസംബർ 2020
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners