
Sign up to save your podcasts
Or


ഒരു സ്യുഡോ സെക്കുലർ കഥ
ഒരു കൊൽക്കത്ത നവരാത്രിയും രണ്ടു പെൺകുട്ടികളും
ശബ്ദത്തിനിത്ര ശബ്‌ദമുണ്ടോ എന്നുതോന്നിപ്പിക്കുന്ന പൂജാപന്തലിൽ ശൈലസുതയുടെ വിശ്വവിനോദിനികളായ കണ്ണുകൾ. അവിടെ കണ്ട സഞ്ചിതി , പൂരബി എന്ന സഹോദരിമാർ . ടാഗോർ പറഞ്ഞതുപോലെ ദൈവം അവർ കളിക്കുന്നതു നോക്കിനിന്നു ...ദൈവം പൂജാരിയെ മറന്നു . ഈ കുട്ടികൾ ഖിസീർപുരിലെ ദർഗയിലെ ഉറൂസിന് സുഹാനയും മഹ്‌റീനുമാകുന്നു ... അവിടെ അവർ വെളുത്ത മെഴുതിരികൾ വിൽക്കും ...ഫക്കീർ ലാലോൻ എഴുതിയ ഗാനം പാടും , "സുന്നത്തുകൊണ്ട് നിങ്ങൾ മുസൽമാനെ തിരിച്ചറിഞ്ഞാൽ സ്ത്രീയെ എങ്ങനെ തിരിച്ചറിയാം ? ബ്രാഹ്മണസ്ത്രീയുടെ പൂണൂൽ എവിടെ ?"
Wonder That is India !
Please use earphone to listen this podcast
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
പ്രിയ സുഹൃത്തേ ,
മഹാഗായകാ , താങ്കൾക്കെങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു ? ടാഗോർ ഇങ്ങനെയൊരു ഗാനമെഴുതി ഉസ്താദ് ഫൈയാസ് ഖാൻ പാടിയത് കേട്ടപ്പോൾ. 'Tumi kemon kore gaan koro hey guni' എന്ന അനശ്വര രബീന്ദ്രഗീതം അങ്ങനെയാണുണ്ടായത്.
ബർമൻ കടലിടുക്കിൽ മൂടൽമഞ്ഞ് നിറഞ്ഞ സന്ധ്യയിൽ ആനകൾ നീന്തിക്കടക്കുന്നതുപോലെ തോന്നും ഫൈയാസ് ഖാൻ പാടുന്നത് കേട്ടാൽ .
ടാഗോർ പറഞ്ഞു : 'അദ്ദേഹം പാടുന്നതു കേട്ടപ്പോൾ എനിക്ക് അൻപതു വയസ്സു കുറഞ്ഞതു പോലെ'
ഈ പോഡ്കാസ്റ്റ് ടാഗോറിനെ തടവിലാക്കിയ സംഗീതത്തെക്കുറിച്ചും , അദ്ദേഹം എഴുതിയ ഗാനത്തെക്കുറിച്ചുമാണ് .
കൂടാതെ പങ്കജ് കുമാർ മല്ലിക് പാടിയ അസാമാനമായ 'തൂമി കെമോൺ കോരേ ഗാൻ കോരോ ഗുണി' എന്ന രബീന്ദ്രസംഗീതവും
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
സുഹൃത്തേ ,
കേരളാ കോൺഗ്രസ്സിനെ കുറിച്ച് സുഹൃത്തായ ഡിജോ കാപ്പനോട് സംസാരിച്ചിരുന്നപ്പോൾ തോന്നി രസകരമായ ആ സംഭാഷണം ഒരു പോഡ്കാസ്റ്റ് ആക്കിയാലോ എന്ന് .
ഐക്യകേരളം ഉണ്ടാകുന്നതിനു മുൻപുതന്നെ, പട്ടം താണുപിള്ളയുടെ കാലം മുതലുള്ള പടലപ്പിണക്കങ്ങങ്ങളിൽ കേരളാ കോൺഗ്രസിന്റെ വേരുകളിൽ ഉണ്ട് എന്നാണ് ഡിജോ പറയുന്നത് . 25 കൊല്ലങ്ങളോളം പാർട്ടിപ്രവർത്തനം നടത്തി , പിന്നീട് പൂർണമായും രാഷ്ട്രീയ പ്രവർത്തനം നിർത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്വന്തന്ത്ര കർഷക സംഘങ്ങളിൽ പ്രവർത്തിച്ചു പോരികയാണ് ഡിജോ കാപ്പൻ.
പട്ടം , പനമ്പിള്ളി , സി . കേശവൻ , എ ജെ ജോൺ , പറവൂർ ടി കെ നാരായണപിള്ള , മന്നത്ത് പത്മനാഭൻ , ആർ . ശങ്കർ , ഫാദർ വടക്കൻ , പ്രഹ്ലാദൻ ഗോപാലൻ , സി . കെ . ഗോവിന്ദൻ നായർ പി ടി ചാക്കോ, കെ എം ജോർജ് തുടങ്ങി കുഞ്ഞുമാണി എന്ന മാണിസാർ വരെയുള്ള ചരിത്രങ്ങൾ ആണ് ഈ പോഡ്കാസ്റ്റ് . കുളമാവിൽ വെച്ച് 1976 ൽ കുഞ്ഞുമാണി എങ്ങനെ മാണിസാർ ആയി മാറി ? പി ടി ചാക്കോയുടെ കൂടെയുണ്ടായിരുന്ന 15 MLA മാരിൽ 8 ഹിന്ദുക്കളും ഒരു ദളിത് കൃസ്ത്യാനിയും ഒരു സ്ത്രീയും ഉണ്ടായിരുന്ന കാലം ...പിന്നീട് മന്ത്രിസ്ഥാനം കൊതിച്ചു കൊതിച്ചു മെലിഞ്ഞുപോയ ഒരു രാഷ്ട്രീയധാരയുടെ ചരിത്രമാണ് ഈ പോഡ്കാസ്റ്റ് .
സ്നേഹത്തോടെ
എസ് ഗോപാലകൃഷ്ണൻ
നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ എന്നതായിരുന്നു അക്കിത്തത്തിന്റെ ദർശനം എന്ന് കൽപറ്റ നാരായണൻ പറയുന്നു .
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത അദ്ദേഹത്തിന്റെ മറ്റു പ്രധാന കവിതകൾ മനസ്സിലാക്കുന്നതിൽ മലയാളിയെ തടഞ്ഞോ ?
കമ്മ്യൂണിസ്ററ് വിരുദ്ധൻ എന്ന കുറ്റച്ചാർത്തിൽ ചില മലയാളികൾക്കെങ്കിലും അക്കിത്തത്തെ നഷ്ടപ്പെട്ടുവോ ?
ആ കവിതകളിലെ അപരബോധം എന്തായിരുന്നു ?
കൽപറ്റ മാഷ് ചൊല്ലുന്ന അതിമനോഹരങ്ങളായ രണ്ട് അക്കിത്തം കവിതകൾ
ഒന്ന് : നിത്യമേഘം
രണ്ട് : ആ മൊഴി നിന്റേയോ ?...അസാധാരണ ഭംഗിയുള്ള ഒരു കവിതയാണിത്
മഹാകവിയ്ക്ക് ദില്ലി -ദാലിയുടെ ആദരാഞ്ജലി
കൽപറ്റ നാരായണന് നന്ദി .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
സുഹൃത്തേ ,
'ബാ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ദില്ലിയിലെ തീസ് ജനുവരി മാർഗിൽ വെച്ച് വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീ എന്നോടു പറഞ്ഞു , ബാ എന്നു തുടങ്ങാതെ ബാപ്പു എന്ന് പൂർത്തീകരിക്കാൻ കഴിയില്ല എന്ന് .
ഒരിക്കൽ ഗാന്ധി കസ്തുർബായെ കുറിച്ചെഴുതി : ' എന്റെ ഭാര്യയ്ക്ക് ഞാൻ നൽകിയ വേദനകൾ മറക്കാനാവില്ല . എനിക്ക് സ്വയം മാപ്പു നൽകുവാനും കഴിയില്ല '
ബായുടെ ജീവിതത്തിൽ നിന്നും കുറേ അനുഭവങ്ങൾ ഇന്നത്തെ പോഡ്‌കാസ്റ്റിൽ. ഗാന്ധി എന്ന പുരുഷന്റെ സംശയങ്ങൾ, ഗാന്ധി എന്ന സത്യാന്വേഷകന്റെ പരീക്ഷണങ്ങൾക്ക് ബാ ഇരയായ സന്ദർഭങ്ങൾ , മരണശയ്യയിൽ മദ്യപിച്ചു അർദ്ധബോധത്തിൽ വേച്ചുവന്ന മകൻ, മക്കളെ കാണിക്കാതെ ഗാന്ധി ബായുടെ മൃതദേഹം ദഹിപ്പിച്ചത് .... ഒരു പക്ഷേ ബാപ്പുവിനോട് നമുക്ക് അകൽച്ച തോന്നിപ്പിക്കാനിടയുള്ള ആറനുഭവങ്ങൾ.
കേട്ടാലും ഈ പോഡ്കാസ്റ്റ് .
Please use earphones if possible
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
സുഹൃത്തേ ,
ഇന്നത്തെ പോഡ്കാസ്റ്റ് 2020 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവി ലൂയിസ് ഗ്ലിക് (Louise Glück )ന്റെ A Summer Garden എന്ന കവിതയുടെ ആദ്യഖണ്ഡം കവിയുടെ ശബ്ദത്തിലാണ് . തുടർന്ന് കവിതയുടെ മലയാളത്തിലുള്ള വിവർത്തനവുമുണ്ട്.
Earphone ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
'സത്യത്തിൽ പഴയ ഫോട്ടോകളിലെ പൊടിയാണ് ബാല്യത്തിന്റെ അവശേഷിപ്പുകളെ നിതാന്തമായി സംരക്ഷിച്ചു നിർത്തുന്ന ഗൃഹാതുര മേഘം '
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
www.dillidalipodcast.com
സുഹൃത്തേ ,
നക്ഷത്രങ്ങളുടെ മരണത്തിനു ശേഷമെന്ത് ? സ്ഥലവും കാലവും ഗുരു ത്വ ആകർഷണത്താൽ തകർന്നടിഞ്ഞിട്ട് , ഒരു നിശ്ചിതബിന്ദുവിൽ എത്തിച്ചേരുന്ന കാവ്യസമാനമായ ഒരവസ്ഥയുടെ ശാസ്ത്രീയാവലോകനം എന്താണ് ?
ഇന്ന് ദില്ലി -ദാലിയിൽ പ്രപഞ്ചോത്ഭവത്തിനും മുൻപുള്ള സ്ഥല-കാലങ്ങളെ കുറിച്ചുള്ള ഒരു പോഡ്കാസ്റ്റ് ആണ് . 2020 ൽ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹനായ റോജർ പെൻറോസിന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്നത് ശാസ്ത്രാന്വേഷകനും എഴുത്തുകാരനുമായ ഡോക്ടർ എ . രാജഗോപാൽ കമ്മത്താണ്. മുപ്പതുവർഷങ്ങളായി റോജർ പെൻറോസിന്റെ പരീക്ഷണങ്ങളെ പഠിച്ചുപോരുന്ന കമ്മത്ത് മുപ്പതു മിനിറ്റ് ദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നത് പ്രധാനമായും ഇനി പറയുന്ന കാര്യങ്ങളാണ് .
ഒന്ന് . റോജർ പെൻറോസിനെ പരിചയപ്പെട്ട നേരങ്ങൾ
രണ്ട് . ഐൻസ്റ്റീൻ കണ്ട സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ പെൻറോസ് എത്രകണ്ട് മുന്നോട്ടു കൊണ്ടുപോയി ?
മൂന്ന് . തമോഗർത്തത്തിലെ Singularity : പെൻറോസ് എങ്ങനെ നിർവചിച്ചു ?
നാല് . പ്രപഞ്ചവിജ്ഞാനീയത്തിന്റെ ആശയാടിത്തറകളും മഹാവിസ്ഫോടനവും
അഞ്ച് . എന്താണ് പ്രാപഞ്ചിക പശ്ചാത്തല സൂക്ഷ്മ തരംഗ വികിരണം ?
ആറ് . നമ്മുടെ ആകാശഗംഗയിൽ തന്നെ നാൽപതിനായിരം കോടി നക്ഷത്രങ്ങൾ ..എന്നിട്ടും പ്രപഞ്ചം മുഴുവൻ ഇരുട്ടോ ?
ഏഴ് . എന്താണ് Hawking radiation ?
എട്ട് . സൂര്യനും നക്ഷത്രങ്ങളും എന്തുകൊണ്ട് വിശിഷ്ടവസ്തുക്കൾ ആകുന്നില്ല ?
ഒൻപത് . എന്താണ് പ്രപഞ്ചത്തിന്റെ ആന്തോളന മാതൃക?
പത്ത് . പ്രപഞ്ചം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് Penrose വിശ്വസിക്കുന്നത് എന്തുകൊണ്ടാണ് ?
പതിനൊന്ന് : മേശപ്പുറത്തെ ചില്ലുപാത്രം വീണുടയുമ്പോലെ നമ്മൾ ?
പോഡ്കാസ്റ്റ് കേട്ടാലും
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
കൊൽക്കത്ത വിടും മുൻപേ എ . രാമചന്ദ്രൻ , ഗുരുവിനോട് ചോദിച്ചു : എന്നെ മറക്കുമോ ?
"നിന്നെ എങ്ങനെ മറക്കാനാണ് ? നീ രാമചന്ദ്രനല്ലേ ? ഞാൻ വെറും രാംകിങ്കർ മാത്രം " ഇതായിരുന്നു മറുപടി .
ഈ ലക്കം പോഡ്കാസ്റ്റ് ഒരു വായനാനുഭവമാണ്.
സുഹൃത്തേ ,
താങ്കളെ ഈ പോഡ്‌കാസ്റ്റിലേക്ക് ക്ഷണിക്കുവാൻ സന്തോഷമുണ്ട് . കാരണം ഇത് അതിമനോഹരമായ ഒരു പുസ്തകത്തിന്റെ വായനാനുഭവമായതുകൊണ്ട്.
എ . രാമചന്ദ്രൻ ഗുരുവിനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകളാണിവ.
കെ ജി സുബ്രഹ്മണ്യൻ പറഞ്ഞതുപോലെ രാംകിങ്കർ ഒരു 'ഖേപ്പ ബാവുൽ' ആയിരുന്നു . തലയ്ക്കു സ്ഥിരതയില്ലാതെ അലയുന്ന ബാവുൽ ...
പുസ്തകത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങൾ ദില്ലി -ദാലിയിൽ വായിക്കുകയാണ് :
ഒന്ന് : ശിഷ്യൻ ഗുരുവിനെ ആദ്യം കാണുന്നത്
രണ്ട് : രാംകിങ്കർ ഒരു വന്യമൃഗത്തെപ്പോലെ കളിമണ്ണിനെ സമീപിക്കുന്നത്
മൂന്ന് : സന്താൾ കുടുംബം എന്ന ശിൽപാനുഭവം
നാല് : ശിഷ്യൻ അനുഭവിക്കേണ്ടിവന്ന തിക്താനുഭവം
അഞ്ച് : ചിത്രരചനാസങ്കേതങ്ങൾ
ആറ് : 1974 ൽ അപ്രതീക്ഷിതമായി ദില്ലിയിലെ എ . രാമചന്ദ്രന്റെ വീട് സന്ദർശിക്കുന്ന രാംകിങ്കർ
മലയാളത്തിൽ കേരളാ ലളിത കലാ അക്കാദമി പ്രസിദ്ധീകരിച്ച ഈ പുസ്‌തകം പരിഭാഷപ്പെടുത്തിയത് പി . സുധാകരനാണ് .
167 പേജുകളുള്ള പുസ്തകത്തിൽ നിന്നും കുറച്ചു ഭാഗങ്ങൾ മാത്രമാണ് ഈ പോഡ്‌കാസ്റ്റിൽ .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഹാഥ്റസ്സിലെ ദലിത് പെൺകുട്ടിയുടെ ജീവിതവും മരണവും മരണാനന്തരവും
അഡ്വക്കേറ്റ് പി എം ആതിരയുമായി ഒരു സംഭാഷണമാണ് ഈ ലക്കം പോഡ്കാസ്റ്റ്. സാമൂഹ്യപ്രവർത്തകയും , അഭിഭാഷകയും കോഴിക്കോട് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറും അഡിഷണൽ ഗവണ്മെന്റ് പ്ളീഡറുമാണ് ആതിര.
പ്രധാനമായും അഞ്ചുചോദ്യങ്ങൾക്കാണ് ആതിര മറുപടി പറയുന്നത് .
ഒന്ന് : ഒരു സ്ത്രീയും അഭിഭാഷകയും എന്ന നിലയിൽ ഹാഥ്റസ്സിലെ പ്രശ്നത്തെ എങ്ങനെ കാണുന്നു ?
രണ്ട് : ഉത്തർപ്രദേശിലെ നീതിന്യായ -പോലീസ് -ഭരണ സംവിധാനങ്ങൾ എങ്ങനെയാണ് ഇതിൽ ഇടപെട്ടത് ? തെളിവുനശിപ്പിക്കൽ കോടതി നടപടിയെ എങ്ങനെ ബാധിക്കും ?
മൂന്ന് : ഒരു ബലാൽസംഗ കേസിന്റെ ഭാവി ഒരു ശരാശരി ഇന്ത്യൻ കോടതിയിൽ എങ്ങനെയാണ് ?
നാല് : ഇന്ത്യയിലെ ദുർബലരായ ദളിത് സ്ത്രീസമൂഹത്തിന് കോടതിയിലെ നീണ്ട യുദ്ധത്തിൽ വിജയിക്കാനാകുമോ ?
അഞ്ച് : ജാതിക്കോയ്മയുള്ള സമൂഹത്തിൽ ഇത് രാഷ്ട്രീയമായി എങ്ങനെ നേരിടാം ?
ആതിരയുടെ ആഴമുള്ള വാക്കുകളിലേക്ക് സ്വാഗതം
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
സുഹൃത്തേ ,
ദില്ലി -ദാലിയുടെ ശ്രോതാക്കളിൽ ഒട്ടുമിക്ക പേരോടും നജ്മൽ എൻ . ബാബു എന്ന ടി എൻ ജോയിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . എങ്കിലും ഈ പോഡ്‌കാസ്റ്റിലേക്ക് ക്ഷണിക്കാനായി ഒരു ആമുഖക്കുറിപ്പ് .
കണ്ടുമുട്ടിയവർ എല്ലാവരും സ്നേഹിച്ചയാൾ . അയാൾ കണ്ടുമുട്ടിയവരെ എല്ലാവരേയും തിരിച്ചും സ്നേഹിച്ചു . കൊടുങ്ങല്ലൂരുനിന്നും കേരളത്തോളം വളർന്ന മനുഷ്യന്റെ പച്ച . ഓരോ മനുഷ്യനും സുന്ദരനും സുന്ദരിയുമെന്ന് കരുതിയ സുന്ദരമായ തലച്ചോറ് . മനുഷ്യൻ മരിക്കും വരെ സുന്ദരമായി തുടരണമെന്ന് ആഗ്രഹിച്ച ആൾ . അവിഭക്ത സിപിഐ ML ന്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം. കേരളത്തിലെ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്ന ജോയ് 2015 ൽ ഇസ്‌ലാം മതം സ്വീകരിച്ചു. 2018 ഗാന്ധിജയന്തി ദിവസം അന്തരിച്ചു .
ഈ ലക്കം ദില്ലി -ദാലിയിൽ മനുഷ്യസ്നേഹിയും , അസാധാരണ സുഹൃത്തുമായിരുന്ന ആ മനുഷ്യനെ അനുസ്മരിക്കുന്നത് കവി സാവിത്രി രാജീവനാണ് . 1970 കളിലെ തീക്ഷ്ണരാഷ്ട്രീയനാളുകൾ മുതൽക്കുള്ള പരിചയം സാവിത്രി ഓർക്കുന്നു ....കേരളത്തിലെ സ്ത്രീകൾക്ക് ഇടപെടാൻ പറ്റിയ അസാധാരണനായിരുന്ന സുഹൃത്തിനെ, ഭാവിയിലെ മാതൃകാപുരുഷൻ, ലോകത്തിലെ ഓരോ ആണും പെണ്ണും സുന്ദരനും സുന്ദരിയുമാണെന്ന് വിശ്വസിച്ചിരുന്ന ജോയിയെ, സ്വാർത്ഥത ഏൽക്കാതിരുന്ന ഒരു നല്ല ജീവിതത്തെ സാവിത്രി ഓർമ്മിക്കുന്നു .
സാവിത്രി രാജീവൻ സൗമ്യഭാഷിയാണ്. ഇത് ഫോണിൽ എടുത്ത അഭിമുഖമാണ്. അതിനാൽ earphones ഉപയോഗിച്ച് ഈ പോഡ്കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners