Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • അപാരമായ ശാന്തി നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? A Podcast by S. Gopalakrishnan Dilli Dali 33/2022

    ഒരു സംഗീതശിൽപം നൽകിയ അനുഭൂതി  ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു  'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന  ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി  Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാപ്രകാശനത്തിലേക്ക് നടന്നുപോയ ജൂതൻ ... മെഹ്‌ലർ ...അദ്ദേഹത്തിൻ്റെ പ്രശസ്തമായ അഞ്ചാം സിംഫണി ....  പോഡ്‌കാസ്റ്റിലേക്കും സംഗീതഖണ്ഡത്തിലേക്കും സ്വാഗതം .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    28 ജൂലായ് 2022  ഡൽഹി  

    https://dillidalipodcast.com/

    26 min
  • ഉസ്താദ് ബിസ്മില്ലാ ഖാൻ സ്മാരകം : എന്തുകൊണ്ട് കേരളം മുൻകൈ എടുക്കണം ? A podcast by S. Gopalakrishnan 32/2022

    പ്രിയസുഹൃത്തേ , 

    കർണാടക സംഗീതജ്ഞനും ഗായകനുമായ അജിത് നമ്പൂതിരിയാണ് ശ്രീജിത്ത് മുല്ലശ്ശേരിയുടെ 'വരാണസിയുടെ സങ്കടരാഗം ' എന്ന ഫേസ്ബുക് പോസ്റ്റിലേക്ക് എൻ്റെ ശ്രദ്ധയെ ക്ഷണിച്ചത് . വാരാണസിയിലെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹം ഇതെഴുതിയിട്ടുള്ളത് . രാജ്യം അതിൻ്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച സംഗീതജ്ഞന്റെ വീടിൻെറ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത് .   ആരാണ് ഇന്ത്യയ്ക്കും , ഈ ഉപഭൂഖണ്ഡത്തിനുതന്നെയും ഉസ്താദ് ബിസ്മില്ലാ ഖാൻ ?  എന്തുകൊണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജീവിതത്തിന്റെ ഭൗതികമായ ശേഷിപ്പുകൾ ഇങ്ങനെ അശരണമായി കിടക്കുന്നു ?   ഉസ്താദ് ബിസ്മില്ലാ ഖാനെ വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട് . അത് മറ്റേതൊരു ഇന്ത്യൻ സമൂഹം മനസ്സിലാക്കുന്നതിലും കൂടുതൽ മനസ്സിലാകുന്ന ഒരു സമൂഹമാണ് മലയാളിസമൂഹം.  ഉത്തർ പ്രദേശ് സർക്കാരോ , ഇന്ത്യൻ സർക്കാരോ അതിന് തയ്യാറാകുന്നില്ല എങ്കിൽ കേരളത്തിന് എന്തുകൊണ്ട് ഇക്കാര്യത്തിൽ മുൻകൈ എടുത്തുകൂടാ ?  എന്തുകൊണ്ട് സ്വാതിതിരുനാൾ സംഗീത കോളെജിൽ ബിസ്മില്ലാ ഖാന്റെ പേരിൽ ഹിന്ദുസ്താനി സംഗീതവിഭാഗവും ഒരു മ്യൂസിയവും ആലോചിച്ചുകൂടാ ? അല്ലെങ്കിൽ എന്തുകൊണ്ട് കേരളാ മുഖ്യമന്ത്രിക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കോ , അല്ലെങ്കിൽ വാരാണസിയെ ഇന്ത്യൻ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിക്കോ ഒരു കത്തയച്ചുകൂടാ?  പോഡ്‌കാസ്റ്റ് തീരുമ്പോൾ അദ്ദേഹം അവതരിപ്പിച്ച അസാധാരണ ഭംഗിയുള്ള ഭൈരവി രാഗം ഉൾപ്പെടുത്തിയിരിക്കുന്നു .   

    സ്നേഹപൂർവ്വം , 

    എസ് . ഗോപാലകൃഷ്ണൻ  

    22 ജൂലായ് 2022 

    https://www.dillidalipodcast.com

    25 min
  • കമ്പൻ്റെ അഹല്യയും ജൈനൻ്റെ രാവണനും A podcast experience of AK Ramanujan's 300 Ramayanas 31/2022

    പ്രിയ സുഹൃത്തേ ,  

    രാമൻ സീതയോട് വനവാസത്തിന് കൂടെ വരേണ്ട എന്നു പറയുന്നു . സീത കൂടെ പോകണമെന്നു നിർബന്ധിക്കുന്നു . രാമൻ വീണ്ടും പറയുന്നു 'സീത വരേണ്ട ' അപ്പോൾ സീത ചോദിക്കുന്നു : 'ഇതിനു മുൻപ് എത്ര രാമായണങ്ങൾ ഉണ്ടായിരിക്കുന്നു , ഒരിക്കലെങ്കിലും സീത രാമൻ്റെ കൂടെ കാട്ടിൽ പോകാതിരുന്നിട്ടുണ്ടോ ? പിന്നെ നിങ്ങൾ എന്തിനാണ് ഈ രാമായണത്തിൽ മാത്രം എന്നെ നിർബന്ധിക്കുന്നത് ?'  കർക്കിടകമാസം തുടങ്ങി . ഈ ലക്കം ദില്ലി ദാലി കമ്പൻ്റെ അഹല്യയെക്കുറിച്ചും ജൈനന്റെ രാവണനെ കുറിച്ചുമാണ് . എത്രയെത്ര രാമായണങ്ങൾ ! എ കെ രാമാനുജൻ എഴുതിയ 'മുന്നൂറു രാമായണങ്ങ'ളുടെ ഒരു പോഡ്‌കാസ്റ്റ് അനുഭവം .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    കർക്കിടകം ഒന്ന് , 1197  

     https://www.dillidalipodcast.com/

    24 min
  • വീണ്ടെടുക്കാം നമുക്ക് ഗാന്ധി ആസാദ് ചിന്താധാരയെ A podcast by S. Gopalakrishnan Dilli Dali 30/2022

    പ്രിയ സുഹൃത്തേ ,  


    ഗാന്ധി പ്രവാചകന്റെ ജീവചരിത്രം മനസ്സിലാക്കിയത്  മൗലാന അബുൾ കലാം ആസാദ് പറഞ്ഞതിൽ നിന്നാണ് . ആസാദ് ജനിച്ചത് മെക്കയിലായിരുന്നു . ആസാദിന്റെ അച്ഛൻ അഫ്‌ഗാൻ പരമ്പരയിലെ ഇസ്‌ലാമിക പണ്ഡിതനായിരുന്നു . ആസാദിന്റെ അമ്മ മദീനയിലെ ഒരു മുസ്‌ലിം മതപണ്ഡിതന്റെ മകളായിരുന്നു . ഗാന്ധി ഉർദ്ദു പഠിച്ചത് എന്തിനാണ് ? ഇന്ത്യയിലെ മുസ്ലിങ്ങളോട് സംസാരിക്കുവാൻ മാത്രമായിരുന്നില്ല . പ്രവാചക നബിയേയും വിശുദ്ധ ഖുർ -ആനേയും കൂടുതൽ നന്നായി മനസ്സിലാക്കുവാൻ കൂടിയായിരുന്നു. അതിന് ഗാന്ധിയെ ഏറ്റവും സഹായിച്ചതും  മൗലാനാ ആസാദ് ആയിരുന്നു .  1930 കളിൽ ഒരു ഹിന്ദു യോഗിയും ഒരു മുസ്‌ലിം ഫക്കീറും തോളിൽ കയ്യിട്ടു നടന്നതായിരുന്നു ഗാന്ധിയും മൗലാനാ ആസാദും. ആ യോഗചര്യയിലാണ് ഇന്ത്യയുടെ അതിജീവനം.   ഇന്ത്യയിലെ മുപ്പത്തിയൊന്നു സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും ഒരു മുസ്‌ലിം MLA ഇല്ലാത്ത ഭാരതീയ ജനത പാർട്ടിയാണ് ഇപ്പോൾ നമ്മുടെ രാജ്യം ഭരിക്കുന്നത് . ഇനി ലോക് സഭയിലേക്കും രാജ്യസഭയിലേക്കും വന്നാൽ ...ഈവരുന്ന ജൂലായ് ഏഴാം തീയതി ബിജെപി യിലെ അവസാനത്തെ മുസ്‌ലിം രാജ്യസഭാ എംപി യുടെ  കാലാവധി തീരുകയാണ്. ഇന്ത്യയിൽ 204 ദശലക്ഷം മുസ്‌ലിങ്ങളുണ്ട് . അത് മൊത്തം രാജ്യത്തിലെ  ജനസംഖ്യയുടെ പതിനഞ്ചു ശതമാനമാണ്. അവരിൽ ഒരു യോഗ്യയോ യോഗ്യനോ ആയ  മുസ്ലിം പോലുമില്ല എന്നതുകൊണ്ടാണോ ഇന്ത്യാ രാജ്യത്തിലെ എറ്റവും വലിയ ജനാധിപത്യ കക്ഷി ഒരു ടിക്കറ്റു നൽകാത്തത് ?   കേരളത്തിൽ നിന്നും തികച്ചും ഭിന്നമാണ് വടക്കേയിന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയജീവിതം . അതുമനസ്സിലാക്കാതെ കേരളത്തിലിരുന്ന് ഇന്ത്യൻ മതേതര രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ അബദ്ധങ്ങളുണ്ട് .   

    വീണ്ടെടുക്കാം നമുക്ക് ഗാന്ധി -ആസാദ് ചിന്താധാരയെ   

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   

    എസ് . ഗോപാലകൃഷ്ണൻ  

    16 ജൂൺ 2022

    https://www.dillidalipodcast.com/podcast

    11 min
  • അവസാനം അർബുദത്തിന് മരുന്നായോ ? Dr Vijai Joseph of Memorial Sloan Kettering Cancer Center New York talks Dilli Dali 29/2022

    പ്രിയ സുഹൃത്തേ ,  


    ന്യൂയോർക്കിലെ പ്രശസ്തമായ Memorial Sloan Kettering Cancer Center (MSKCC ) അർബുദത്തിന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചു എന്ന വാർത്ത ലോകത്തെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത് . MSKCC യിൽ അസ്സോസിയേറ്റ് പ്രൊഫസറായ മലയാളി ഡോക്ടർ വിജയ് ജോസഫ് പുതിയ കണ്ടെത്തലിൻ്റെ വിശദാംശങ്ങൾ പങ്കുവെയ്ക്കുന്നു ഈ പ്രത്യേക അഭിമുഖത്തിൽ .  അദ്ദേഹം പ്രധാനമായും സംസാരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങളെക്കുറിച്ചാണ് .  1 . എന്താണ് Dostarlimab എന്ന പുതിയ മരുന്ന് മുന്നോട്ടുവെയ്ക്കുന്ന പ്രതിവിധി ? എത്രമാത്രം വിജയപ്രതീക്ഷ ഇതുനൽകുന്നു ? 2 . ഏതുതരം അർബുദങ്ങൾക്കാണ് പുതിയ മരുന്ന് ഫലപ്രദമാകാൻ ഇടയുള്ളത് ? 3 . എന്താണ് അർബുദചികിത്സാരംഗത്ത് Immunotherapy യിൽ നടക്കുന്ന പരീക്ഷണങ്ങൾ ? 4 . പുതിയ മരുന്നിനെക്കുറിച്ച് ഉയരുന്ന സംശയങ്ങൾ എന്തൊക്കെയാണ് ? 5 . അർബുദമരുന്നുകൾക്ക് തീപിടിച്ച വില എന്തുകൊണ്ട് ? ആരോഗ്യനയം എങ്ങനെ പരിഷ്കരിക്കപ്പെടണം ? 6 . പുതിയ മരുന്ന് വിജയമാണെങ്കിൽ മരുന്ന് ലോകത്ത് ലഭ്യമാകാൻ എത്രസമയമെടുക്കും ?  തിരുവനന്തപുരം Sree Chitra Tirunal Institute for Medical Sciences & Technology ൽ നിന്നും PhD കരസ്ഥമാക്കിയ   ഡോക്ടർ വിജയ് ജോസഫ് പന്ത്രണ്ടുകൊല്ലങ്ങളായി   Memorial Sloan Kettering Cancer Center (MSKCC ) ലാണ് .  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    11 ജൂൺ 2022  ഡൽഹി  

    https://www.dillidalipodcast.com/


     

    30 min
  • യുദ്ധവിരുദ്ധപ്രസ്ഥാനവും ഉക്രൈനിലെ നൂറുദിവസങ്ങളും Podcast by S.Gopalakrishnan Dilli Dali 28/2022

    ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .    സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് പറഞ്ഞ പ്ലേറ്റോ , തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ല എന്നുപറഞ്ഞ സോക്രട്ടീസ് , കീഴടങ്ങി കിട്ടുന്ന സമാധാനം സമാധാനമല്ല എന്നു പറഞ്ഞ റൂസ്സോ, ഭഗവദ് ഗീത ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞില്ല എന്ന വക്രയുക്തി പറഞ്ഞ ഗാന്ധി , എല്ലാ വെറുപ്പുകളും ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സമാധാനം എന്നുപറഞ്ഞ Immanuel Kant, രണ്ടാം ലോകയുദ്ധത്തിൽ സജീവപക്ഷം പിടിച്ച യുദ്ധവിരുദ്ധരായ റസ്സലും ഐൻസ്റ്റെയിനും , യുദ്ധത്തിൻ്റെ എതിർ ധ്രുവമല്ല സമാധാനം എന്നുപറഞ്ഞ ദലൈലാമ ...  സ്വന്തം വീടുതകർന്ന് പെരുവഴിയിലായ ഒരു Ukraine കുടുംബത്തോട് ഇതൊക്കെപ്പറഞ്ഞിട്ട് കാര്യമുണ്ടോ ?    

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    10 ജൂൺ 2022  ഡൽഹി

    23 min
  • ഒരനശ്വരഗാനത്തിൻ്റെ പിന്നാലെ: 'ബാബുൽ മൊരാ' Dilli Dali 27/2022

    ഒന്നാം സ്വാതന്ത്ര്യസമരത്തിന് തൊട്ടു മുന്നേ സ്വന്തം രാജധാനി ഉപേക്ഷിച്ച് കൽക്കത്തയിലേക്ക് നാടുകടത്തപ്പെട്ട അവധിലെ രാജാവ് എഴുതിയ ഗാനമാണ് ഹിന്ദുസ്താനി സംഗീതത്തിലെ പ്രശസ്തതുംരി 'ബാബുൽ മൊരാ'.   നവാബ് വാജിദ് അലി ഷാ എഴുതിയ ഈ  തുംരിയുടെ ചരിത്രവും അത് വിവിധ ഘരാനകളിൽ പാടുന്നതിൽ നിന്നും ചില ഉദാഹരണങ്ങളുമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  അച്ഛാ , ഞാൻ എൻ്റെ വീടുവിട്ടുപോകുന്നു .  നാലുപേർ എൻ്റെ പല്ലക്കുചുമക്കുന്നു . എന്റേതെന്ന് എന്ന് ഞാൻ കരുതിയ എല്ലാവരേയും   ഞാൻ ഇവിടെ ഉപേക്ഷിച്ചുപോകുന്നു .  അച്ഛാ , അങ്ങയുടെ ഉമ്മറം എനിക്കേതോ മഹാമേരു പോലെ തോന്നുന്നു . അങ്ങയുടെ വാതിൽ ഏതോ അന്യരാജ്യം പോലെ തോന്നുന്നു .  ഞാൻ പോകുകയാണ് അച്ഛാ , എൻ്റെ പ്രിയൻ്റെ  ഇടത്തിലേക്ക്.  കെ എൽ സൈഗാൾ , ഗിരിജാ ദേവി , ഉസ്താദ് ബിസ്മില്ലാ ഖാൻ , പണ്ഡിറ്റ് ഭീംസെൻ ജോഷി , കിശോരി അമോൻകർ , ആർജിത് സിംഗ് എന്നിവർ പാടിയ 'ബാബുൽ മൊരാ' കളും ഉൾപ്പെടുത്തിയിരിക്കുന്നു .  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    06 ജൂൺ 2022  ഡൽഹി  

    https://www.dillidalipodcast.com

    Note: I have included few excerpts for few seconds from various renditions of 'Babul Mora' in this episode and there is no monetization involved. My intention was creating an awareness about the history of this famous song amongst the Malayali listeners. I hope the copyright owners would appreciate this educational value.

    36 min
  • ശ്രീവത്സൻ ജെ . മേനോൻ്റെ എം . ഡി . രാമനാഥൻ Dilli Dali 26/2022

    എം ഡി രാമനാഥൻ്റെ മനസ്സിനെക്കുറിച്ച് ശ്രീവത്സൻ ജെ മേനോൻ ആലോചിച്ചത്ര വേറൊരാളുടെ മനസ്സിനെക്കുറിച്ച്  ഇതുവരെ ആലോചിക്കാനിടവന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.    

    എന്താണ് എം ഡി രാമനാഥൻ്റെ  സംഗീതത്തെ വ്യതിരക്തമാക്കുന്ന ഘടകങ്ങൾ ? 

    മന്ദ്രസ്ഥായിയെ എങ്ങനെ അദ്ദേഹം കർണ്ണാടകസംഗീതത്തിനായി പരുവപ്പെടുത്തി ? 

    വിളംബിതകാലത്തിലാണോ രാഗഭംഗി കൂടുതൽ അഭിവ്യക്തമാകുന്നത് ? 

    കഥകളിസംഗീതത്തിൻ്റെ സ്വാധീനം എം . ഡി . രാമനാഥനിൽ ഉണ്ടോ ? 

    പ്രമുഖ പക്കമേളക്കാരും എം ഡി രാമനാഥനോടൊപ്പം എങ്ങനെ സഹവർത്തിച്ചു ? 

    ശാസ്ത്ര- സംഗീതസംയോഗം  രാമനാഥനിൽ . 

    എന്തുകൊണ്ട് ശ്രീവത്സൻ ജെ .മേനോൻ MDR പ്രതിഭാസത്തിനുമുന്നിൽ കീഴടങ്ങുന്നു ? 

    ശ്രീവത്സൻ ജെ . മേനോനും 'സാഗരശയനവിഭോ' യും തമ്മിലുള്ള സംവാദം കാലങ്ങളിലൂടെ  . 

    കർണാടക സംഗീത കേൾവി ശീലമില്ലാത്ത , എന്നാൽ മറ്റു ലാവണ്യബോധങ്ങളിൽ തൽപരരായ മലയാളികൾക്ക് എങ്ങനെ  എം . ഡി . രാമനാഥൻ പ്രിയങ്കരനായി ?  


    സംഗീതവിദ്യാർത്ഥികളും സംഗീതപ്രണയികളും കേട്ടിരിക്കേണ്ട ദീർഘ സംഭാഷണത്തിലേക്ക്  സ്വാഗതം . ശ്രീവത്സൻ ജെ . മേനോന് നന്ദി .  

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ 

    01 June 2022 ഡൽഹി 

    https://www.dillidalipodcast.com/

    52 min
  • തരിശുഭൂമിയ്ക്ക് നൂറുവയസ്സ് I Hundred Years of 'The Waste Land' Interview with Prof E.V. Ramakrishnan I Dilli Dali 25/2022

    ' I will show you fear in a handful of dust' : T . S . Eliot , The Waste Land   

    പ്രിയ സുഹൃത്തേ , 

    ലോകകവിതയെ ആധുനികമാക്കിയ The Waste Land ( by T .S .Eliot ) എന്ന കൃതിയെക്കുറിച്ചുള്ള ഒരു ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . പ്രമുഖ നിരൂപകനും കവിയുമായ പ്രൊഫസ്സർ ഇ . വി രാമകൃഷ്ണനുമായുള്ള ഈ സംഭാഷണം 'തരിശുഭൂമി'യുടെ നൂറാം വാർഷികത്തിൽ സാഹിത്യവിദ്യാർത്ഥികളും സാഹിത്യകുതുകികളും കേൾക്കേണ്ടതാണ് .   എന്താണ് 'തരിശുഭൂമി' യെ വ്യത്യസ്തമാക്കുന്നത് ? ഭാവശിൽപത്തിലും രൂപശിൽപത്തിലും അതു ചെയ്‌ത വിപ്ലവമെന്തായിരുന്നു? ഏതൊക്കെ ദർശനങ്ങളാണ് എലിയറ്റിനെ സ്വാധീനിച്ചത് ? The Waste Land ലെ മനുഷ്യാവസ്ഥ  യൂറോപ്പ് കേന്ദ്രീകൃതമാണോ ?  കിഴക്കിൻ്റെ ആശയപ്രപഞ്ചങ്ങൾ അദ്ദേഹത്തിന് എത്രമാത്രം അറിയാമായിരുന്നു ?  പിൽക്കാല ലോകകവിത എങ്ങനെ The Waste Land നെ സ്വാംശീകരിച്ചു ? ബംഗാളി , ഹിന്ദി , മറാത്തി , മലയാളം എന്നീ ഭാഷകളിലെ ആധുനികതയിൽ The Waste Land പതിപ്പിച്ച മുദ്ര എന്താണ് ? കക്കാടും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും എങ്ങനെ വ്യത്യസ്‌തരാകുന്നു ? ലോകനാഗരികതയുടെ ഇന്നത്തെ ആത്മീയപ്രതിസന്ധിയിൽ തരിശുഭൂമിയുടെ പ്രസക്തി എന്താണ് ? നമ്മളിൽ ആരൊക്കെ ആത്മവഞ്ചകരായ വായനക്കാരാണ് ?  

     " I think we are in a rat's alley     Where the dead men lost their bones "  

     'തരിശുഭൂമിയ്ക്ക് നൂറുവയസ്സ് I Hundred Years of The Waste Land' പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   

    (E.V. Ramakrishnan is a bilingual writer who has published poetry and criticism in English and Malayalam. He is the author of three books of poetry, publishing each after symmetrical intervals of fourteen years: Being Elsewhere in Myself (1980), A Python in a Snake Park (1994) and Terms of Seeing: New and Selected Poems (2008). He is also the author of a landmark book of translations of modern Indian poetry: The Tree of Tongues.) 


    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ 

    24 മെയ് 2022 ഡൽഹി

    https://www.dillidalipodcast.com/

    59 min
  • അതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022

    പ്രിയ സുഹൃത്തേ ,  

    ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത്  തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഉടുത്തൊരുങ്ങിയ അലങ്കാരമല്ല അത് . അർത്ഥമാത്രമായ കൃശഗാത്രത്തിൻ്റെ സൂക്ഷ്മാലങ്കാരമാണത്. ആത്മനിഷ്ഠയുള്ള ഒരാളുടെ സൂക്ഷ്മശരീരം പോലെ ഭംഗിയുള്ള പരിഭാഷയാണിത്.  'അതുലോലമതലോല- മതുദൂരമതന്തികം അതു സർവ്വാന്തരമതു സർവ്വത്തിന്നും പുറത്തുമാം'  ഈ ലക്കം ദില്ലി -ദാലി ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത് പരിഭാഷയുടെ ഒരു വായനാനുഭവമാണിത് .  സ്വീകരിച്ചാലും .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    19 മെയ് 2022

    https://www.dillidalipodcast.com/

    22 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners