Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • മനുഷ്യൻ കാണുന്ന സ്വപ്‌നങ്ങൾ 8 യുദ്ധവിരുദ്ധഗാനങ്ങളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് Dilli Dali 13/22

    പ്രീയപ്പെട്ട സുഹൃത്തുക്കളേ ,


    ഉക്രൈനിലെ ഏതെങ്കിലും ജനപദത്തിൽ ഒരു ബങ്കറിൽ ദിനരാത്രങ്ങളായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരെഴുവയസ്സുകാരിയുടെ മാനസികാവസ്ഥയിലിരുന്നാണ് ഞാൻ ഈ പോഡ്‌കാസ്റ്റ് ചെയ്യുന്നത് .  എട്ട് യുദ്ധവിരുദ്ധ ഗാനങ്ങൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് , ഗാനങ്ങളുടെ വിവർത്തനങ്ങളോടൊപ്പം. Headphones ഉപയോഗിച്ചുകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


    ഒന്ന് : എനിക്ക് സ്വപ്നം കാണാമെങ്കിൽ 

    നല്ല ഭൂമിയെക്കുറിച്ച് എനിക്ക് സ്വപ്നം കാണാൻ കഴിയും ...

    എല്ലാ സഹോദരരും പരസ്പരം കൈകോർത്ത് നടക്കുന്നയിടം ...

    പറയൂ , എന്തുകൊണ്ട് എൻ്റെ സ്വപ്നം സത്യമായിക്കൂടാ ?


    രണ്ട് : യുദ്ധശേഷം  

    പട്ടാളക്കാരന് ഒരു കത്ത് 

    യുദ്ധം കഴിഞ്ഞാൽ നിങ്ങളുടെ ശത്രുവാര് ?

    പട്ടാളത്തിൽ നിങ്ങൾ ഒരു നമ്പർ മാത്രം .

    നുണകൾ പറഞ്ഞ് അവർ നിങ്ങളെ 

    മനുഷ്യനെ കൊല്ലാൻ പഠിപ്പിച്ചു 


    മൂന്ന് : എനിക്കു സ്നേഹം തരൂ  


    എൻ്റെ ദൈവമേ , എൻ്റെ കൈ പിടിയ്ക്കൂ ...

    ഞാൻ നിന്നെയൊന്നുമാനസ്സിലാക്കട്ടെ ...

    എൻ്റെ കൈ പിടിക്കില്ലേ ?

    ഇല്ലെന്നോ ?

    ഓം My Lord !


    നാല് : 19 


    വിയറ്റ്നാമിലെ അമേരിക്കൻ പട്ടാളക്കാരൻ്റെ 

    കുറഞ്ഞ പ്രായം 19 ആയിരുന്നു .

    തിരിച്ചുവന്നവരിൽ 

    പകുതിയും പിന്നീട് മാനസികരോഗികളായി 


    അഞ്ച് : America , the Brutal


    തോൽക്കുന്ന ഒരു യുദ്ധത്തിലായിരിക്കാം ഞാനിവിടെ ...

    അങ്ങിനെ മരിക്കുന്നതാണ് ഭേദം .

    വ്യാജ പ്രസിഡണ്ടേ, തൻ്റെ വിഴുപ്പലക്കാനല്ല ഞാനിവിടെ .


    ആറ് : നമ്മുടെ സ്വപ്നം ( ഇറാനിയൻ ഗാനം )

    എനിക്കൊരു സ്വപ്നമുണ്ട് 

    നിറമുള്ള ഒരു സ്വപ്നം 

    ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിൻ്റെ മേൽ 

    ബോംബുവീഴാത്ത ഒരു ലോകം 


    ഏഴ് : ആൺകുട്ടികളെ തിരികേ 

    വീട്ടിലേക്കു വിളിക്കുക 


    കുട്ടികളെ ഇങ്ങനെ ഒറ്റയ്ക്ക് പറഞ്ഞുവിടരുത്.

    ആൺകുട്ടികളെ തിരികേ 

    വീട്ടിലേക്കു വിളിക്കുക ...


    എട്ട് : ഒന്നു ഭാവന ചെയ്തു നോക്കൂ

    നിങ്ങൾ പറഞ്ഞേക്കാം 

    ഞാനൊരു സ്വപ്നജീവിയാണെന്ന് ...

    പക്ഷേ ഞാനൊറ്റയ്ക്കല്ല .

    എനിക്കുറപ്പാണ് 

    ഒരുദിവസം നിങ്ങളും എന്നോടൊപ്പം ചേരും 



    സ്നേഹപൂർവ്വം 


    എസ് . ഗോപാലകൃഷ്ണൻ 

    28 ഫെബ്രുവരി 2022 



    43 min
  • ബാ : ഒരു ജീവിതം Dilli Dali 12/22 Kasturba Gandhi Death Anniversary Podcast on 22 February

    പ്രിയ സുഹൃത്തേ ,


    ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂൾ ടീച്ചറാണ് ഒരിക്കൽ എന്നോട് പറഞ്ഞത് 'ബാ എന്നുച്ചരിക്കാതെ നിങ്ങൾക്ക് ബാപ്പു എന്നു പറയാൻ കഴിയില്ല' എന്ന് .

    ഇന്ന് , ഫെബ്രുവരി 22 കസ്‌തൂർബാ ഗാന്ധിയുടെ ചരമവാർഷികമാണ് . 1944 ൽ ഈ ദിവസമാണ് പൂനയിലെ ആഗാ ഖാൻ ജയിലിൽ വെച്ച് ബാ അന്തരിച്ചത് .

    മൃതദേഹം കോൺഗ്രസ്സ് പ്രവർത്തകർക്ക് കാണുവാൻ പൊതുദർശനത്തിന് വെയ്ക്കുവാൻ ജയിലധികൃതർ തയ്യാറായില്ല . ഗാന്ധി പറഞ്ഞു , കോൺഗ്രസ്സ് പ്രവർത്തകർക്കില്ലാത്ത അവകാശം ബായുടെ മക്കൾക്കും വേണ്ടാ . പൂനയിലെത്തിയ മക്കൾ അമ്മയുടെ മൃതദേഹം കാണാതെ തിരികെപ്പോയി .

    ബാ : ഒരസാധാരണ സ്ത്രീജീവിതത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .

    പോഡ്‌കാസ്റ്റ് ലിങ്ക് ഒന്നാമത്തെ കമൻറ്  ആയി നൽകിയിട്ടുണ്ട് 


    സ്നേഹപൂർവ്വം 


    എസ് . ഗോപാലകൃഷ്ണൻ 

    22 ഫെബ്രുവരി 2022 

    ഡൽഹി 

    11 min
  • കറുത്ത പെണ്ണിനായുള്ള ഒരു ടാഗോർ ഗാനം: ഒരു ലാവണ്യാനുഭവം Dilli Dali 11/22

    കാറും കോളും നിറഞ്ഞപ്പോൾ ആ പെൺകുട്ടി കുടിലിൽ നിന്നും ഓടി പുറത്തേക്കുവന്നു,  പുള്ളിപ്പശുവിനെ മാറ്റിക്കെട്ടാൻ . വയൽ വരമ്പിൽ നിന്ന ടാഗോർ അവളുടെ വലിയ കണ്ണുകൾ കണ്ടു . അവൾ ടാഗോറിനേയും .  1900 ലെ ആഷാഢമാസത്തിൽ ടാഗോർ എഴുതിയ ഗാനമാണ് 'കൃഷ്ണകൊലി അമിതാരേ ബോലി'.  'നാട്ടുകാർ അവൾ കറുത്തവൾ ആണെന്നുപറയുന്നു .  എന്നാൽ എനിക്കവൾ ഒരാമ്പൽ പൂവ് '  എക്കാലത്തേയും പ്രിയങ്കരമായ ഒരു രബീന്ദ്രസംഗീതത്തെക്കുറിച്ചുള്ള ഒരു പോഡ്‌കാസ്റ്റ് ആണീലക്കം ദില്ലി -ദാലി .   ഒരു ഗാനത്തിൻ്റെ ചരിത്രം, ലാവണ്യഭംഗികൾ .  പോഡ്‌കാസ്റ്റിൽ സുചിത്ര മിത്ര , ഹേമന്ത് മുഖർജി , കബീർ സുമൻ , കമലിനി മുഖർജി എന്നിവർ പാടിയ 'കൃഷ്ണകൊലി അമിതാരേ ബോലി'യും, 'മതമെന്താണ് മനുഷ്യനോട് ചെയ്യുന്നത് ' എന്ന  ഫക്കീർ ലാലോൻ ഷാ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .  നല്ല ശ്രവ്യാനുഭവത്തിന് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    1117 ഫെബ്രുവരി 2022

    17 min
  • ഹൂതികൾ, പശ്ചിമേഷ്യൻ രാഷ്ട്രീയം : ചരിത്രവും പൂർണ്ണചിത്രവും Interview with Dr Shelly Johny Dilli Dali 9/22

    പ്രിയ സുഹൃത്തേ ,  

    അബുദാബിയെ ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങൾ വന്നതോടെയാണ് ഒരു വലിയ വിഭാഗം മലയാളികൾ യെമനിലെ ഹൂതി സംഘർഷത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാൻ തുടങ്ങിയതുതന്നെ. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പ്രശ്നം ? ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഹൂതി  സംഘർഷത്തിൻ്റെ  ചരിത്രപശ്ചാത്തലവും ഇസ്‌ലാമിക ലോകത്തും അറബ് രാഷ്ട്രങ്ങളിലും ഇതുണ്ടാക്കുന്ന ആഘാതങ്ങളും ആഴത്തിൽ പരിശോധിക്കുകയാണ് . ഈ മേഖലയുടെ ചരിത്രവും രാഷ്ട്രീയവും നന്നായി പഠിച്ചിട്ടുള്ള ഡോക്ടർ ഷെല്ലി ജോണിയുമായുള്ള ഒരു സുദീർഘ അഭിമുഖമാണിത്. ആരാണീ ഹൂതികൾ ? ഷിയാകളിലെ ഏതു വിഭാഗമാണിവർ? ഷിയാ -സുന്നി വൈരങ്ങളിലെ പുതിയ ആഗോളസാഹചര്യമെന്താണ് ? ദുർബലമായ ഇറാഖ് എങ്ങനെയാണ്  അറബ് ലോകത്തെ ആകെത്തന്നെ അസ്ഥിരപ്പെടുത്തിയിരിക്കുന്നത് ? പുതിയ സംഘർഷങ്ങളിൽ സൗദി അറേബ്യ ഒറ്റപ്പെട്ടിരിക്കുകയാണോ? ഹൂതികളുമായി പോരാടാനിറങ്ങിയ UAE നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ് ?  ഈ പോഡ്‌കാസ്റ്റ് കേൾക്കുക .  ഡോക്ടർ ഷെല്ലി ജോണി ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്നും പശ്ചിമേഷ്യൻ പഠനങ്ങളിൽ ഡോക്ടറേറ്റ് നേടി . ഡൽഹിയിലെ Centre for Air Power Studies ൽ ഗവേഷണം നടത്തി . Centre for Public Policy Research ൽ ഇപ്പോൾ സീനിയർ ഫെല്ലോ ആണ് . തൃശൂർ എൽത്തുരുത്തിലെ സെയിന്റ് അലോഷ്യസ് കോളേജിൽ രാഷ്ട്രമീമാംസയിൽ അസ്സോസിയേറ്റ് പ്രൊഫസറാണ് ഇപ്പോൾ .  

    അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ 

    11 ഫെബ്രുവരി 2022

    48 min
  • ഭീമസേനൻ്റെ സഭാതലം Pt Bhimsen Joshi birth centenary podcast Dilli Dali 08/2022

    ഭീമസേനൻ്റെ  സഭാതലം 


    പ്രിയ സുഹൃത്തേ ,

    മരിക്കുന്നതിന് രണ്ടുവർഷങ്ങൾക്കു മുൻപ് മഹാഗായകൻ  പണ്ഡിറ്റ് ഭീംസെൻ ജോഷിയോട് ഒരു പത്രലേഖകൻ ചോദിച്ചു , ഒരു സംഗീതജ്ഞനുവേണ്ട ഏറ്റവും വലിയ മൂല്യമെന്താണ് എന്ന് . അദ്ദേഹം മറുപടി പറഞ്ഞു : 'സത്യസന്ധത'. 


    പ്രഭാതത്തെ ഉണർത്തിയ ആ രാംകലിയെ ,  രാത്രിയിലേക്ക് പാടിവിലയിച്ച ആ മാരുബിഹാഗിനെ സജീവമാക്കിയത് , വ്യതിരക്തമാക്കിയത് അസാമാന്യപ്രതിഭയിൽ ശ്രുതിചേർന്ന സത്യസന്ധത മാത്രമായിരുന്നു . 


    1922 ഫെബ്രുവരി നാലാം തീയതിയാണ് അദ്ദേഹം ജനിച്ചത് . 

    2022 ലെ ഈ ദിവസം അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ തുടക്കമാണ് .


    സംഗീതനിരൂപകൻ അശോക് റാനഡെ എഴുതി , പണ്ഡിതനേയും പാമരനേയും വിസ്മയിപ്പിച്ചു എന്നതാണ് പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഔന്നത്യം എന്ന്.


    ഈ പോഡ്‌കാസ്റ്റ് മഹാഗായകൻ്റെ ജീവചരിത്രവും സംഭാവനകളും അനുസ്മരിക്കുന്നു , കൂടാതെ അദ്ദേഹം പാടിയ പ്രഭാതരാഗം രാംകലി , മധ്യാഹ്നരാഗം തോടി , സായാഹ്നരാഗം പൂരിയ ധനശ്രീ , രാത്രിരാഗം മാരുബിഹാഗ് എന്നിവയുടെ ഖണ്ഡങ്ങളും .


    ദയവുചെയ്ത് headphones ഉപയോഗിച്ചു കേൾക്കുവാൻ അഭ്യർത്ഥിക്കുന്നു .


    സ്നേഹപൂർവ്വം 


    എസ് . ഗോപാലകൃഷ്ണൻ   

    38 min
  • റഷ്യ-ഉക്രൈൻ സംഘർഷം : പൂർണചിത്രം Interview with Dr Stanly Johny by S. Gopalakrishnan 07/2022

    പ്രിയ സുഹൃത്തേ ,  

    The Hindu ദിനപ്പത്രത്തിൽ International Affairs എഡിറ്ററായ ഡോ . സ്റ്റാൻലി ജോണിയുമായി റഷ്യ -ഉക്രൈൻ സംഘർഷത്തിനെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് ഈ ലക്കം ദില്ലി -ദാലി . 

    ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്   

    1 . റഷ്യയുടെ അതിർത്തിവ്യാപനം വഴി പുടിൻ എന്താണ് യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ? 

    2 . വിവിധ കാരണങ്ങളാൽ ശക്തി ക്ഷയിച്ച നാറ്റോയെ എന്തിനാണ് പുടിൻ ഭയക്കുന്നത് ? 

    3 . മറ്റു രാജ്യങ്ങളിൽ നിരന്തരം അതിക്രമിച്ചു കയറിയിട്ടുള്ള അമേരിക്കയ്ക്ക് റഷ്യയുടെ മേൽ ധാർമ്മിക അധികാരമുണ്ടോ ? അന്താരാഷ്ട്രീയരംഗത്ത് ധാർമ്മിക നിലപാടുകൾക്ക് പ്രസക്തിയുണ്ടോ ? 

    4 . ശക്തമാകുന്ന ചൈന -റഷ്യ സൗഹൃദവും ഈ സംഘർഷവും എങ്ങനെ പൊരുത്തപ്പെടും ? 

    5 . കിഴക്കൻ -പടിഞ്ഞാറൻ ധ്രുവീകരണമുണ്ടായാൽ ഇന്ത്യ എവിടെ നിൽക്കും ? 

    6 . റഷ്യയുടെ എണ്ണ - പ്രകൃതിവാതക രാഷ്ട്രീയത്തെ  പുതിയ സംഘർഷം എങ്ങനെ ബാധിയ്ക്കും ? യൂറോപ്പിന് റഷ്യയുടെ എണ്ണയില്ലാതെ നിലനിൽക്കാൻ കഴിയുമോ  

    7 . പുതിയ സംഘർഷം ലോകവിപണിയെ എങ്ങനെ ബാധിക്കും ? 

    8 . യുദ്ധം ഉണ്ടാകുമോ ? ഉണ്ടായാലും ഇല്ലെങ്കിലും റഷ്യയ്ക്കാണോ ലാഭം ?  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    ദില്ലി ദാലി  

    1 ഫെബ്രുവരി 2022

    40 min
  • മരണത്തിൽ ജീവിതം Dilli Dali Episode on Gandhi Martyrdom Day 2022 06/2022

    പ്രിയ സുഹൃത്തേ ,


    ഇന്ന് ജനുവരി മുപ്പത് . 

    മരണത്തിലും ജീവിതം എന്നു പറയാവുന്ന മരണങ്ങളിൽ ഒന്നായിരുന്നു  ഗാന്ധിയുടേത് . സോക്രട്ടീസിൻ്റെ  മരണവും, ക്രിസ്തുവിൻ്റെ മരണവും പോലെയൊന്നായിരുന്നു അതും.  ജീവിതം പോലെ തന്നെ നിത്യപ്രസക്തമായി തുടരുന്ന ഒരു മരണമായി  ഗാന്ധിയുടെ മരണം മാറുകയായിരുന്നു . ആ ജീവിതത്തെക്കാളേറെ ഒരു പക്ഷേ  ആ മരണം ഇന്ത്യൻ സാമൂഹികപ്രതിസന്ധികളിൽ യാത്രികർക്ക്  ദിശാസൂചന നൽകി വഴിയരികിൽ നിൽക്കുന്നു .

    ഗ്രീക്ക് സ്റ്റോയിക് ദാർശനികരുടെ സ്വാധീനം ഗാന്ധിയുടെ ജീവിത -മരണ ദർശനങ്ങളിൽ എത്രമാത്രമുണ്ടായിരുന്നു ? ഗാന്ധിയുടെ ജീവിതത്തേക്കാൾ എന്തുകൊണ്ട് ഗാന്ധിയുടെ  മരണം ഹിന്ദു ദേശീയവാദികൾക്ക് ഒരു കീറാമുട്ടിയായി തുടരുന്നു ?

    13 മിനിറ്റ് ദൈർഘ്യമുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ജനുവരി മുപ്പതാം തീയതി ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വന്ന മുഖലേഖനത്തിൻ്റെ ശബ്ദരൂപമാണിത് .

    Headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    30 ജനുവരി 2022 

    15 min
  • ചരിത്രവായനയിലേയും പ്രതിരോധത്തിലേയും ലളിതയുക്തികൾ ചതിക്കുഴികൾ 5/2022

    'രാജാക്കന്മാരുടെ രാജാവേ , ഭീതിയുമായി വരാതിരിയ്ക്കൂ , കരുണയുമായി വരൂ' (From Abide with me )


    പ്രിയ സുഹൃത്തേ ,


    ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണങ്ങളുടെ അവസാനപാദമായ Beating Retreat ൽ ഇന്ത്യൻ സൈനിക ബാൻഡ്  ഏറ്റവും അവസാനത്തെ ഇനമായി അവതരിപ്പിച്ചുവരാറുള്ള ഒരു ഭക്തിഗാനമാണ് Abide with me  .  ഗാന്ധിയുടെ പ്രിയങ്കരഗാനങ്ങളിൽ ഒന്ന് .ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം മുതൽ  ആ ഗാനം പിൻവലിക്കപ്പെട്ടത് ചർച്ചയായിരിക്കുകയാണ് .

    നമ്മുടെ അനായാസ മതേതരവാദങ്ങളുടെ ലളിതയുക്തികൊണ്ട്  നേരിടാവുന്ന പ്രതിസന്ധിയല്ല രാജ്യം നേരിടുന്നത് . ഈ ഗാനത്തിനുപകരം  Aye Mere Watan Ke Logon എന്തുകൊണ്ട് വരുന്നു ? ആ ഗാനവും നെഹ്‌റുവും തമ്മിലുള്ള ബന്ധമെന്താണ് ? 

    പ്രത്യക്ഷത്തിൽ തെറ്റെന്നു തോന്നാത്ത കാര്യങ്ങൾ ഓരോന്നോരോന്നായി നടപ്പിലാക്കുന്നത്തിലെ ആപൽക്കരമായ  സമഗ്രതയാണ് നാം കരുതലോടെ വീക്ഷിക്കേണ്ടത് .  ആർക്കാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദേശാഭിമാനോത്തോട് സംശയമുള്ളത് ? കറയറ്റ ദേശസ്‌നേഹത്തിന്റേയും സാഗരോപമമായ ധൈര്യത്തിന്റെയും നിദർശനമായിരുന്നില്ലേ ആ ജന്മം ? എന്നാൽ ഏത്  ഒഴിഞ്ഞയിടങ്ങളിലാണ് ഇന്ത്യയിലെ ഭൂരിപക്ഷമതവർഗ്ഗീയത അവരുടെ പുതിയ  പ്രതിഷ്ഠാപനങ്ങൾ നടത്തുന്നത് ? ഇന്ത്യയിലെ പുതിയ ഹിന്ദു മുന്നേറ്റം സവർക്കറെയും നേതാജിയേയും  ഒരു രഥത്തിലെ രണ്ടു  കുതിരകളാക്കാൻ ശ്രമിക്കുകയാണോ ? 

     ഈ ലക്കം ദില്ലി -ദാലിയിൽ Abide with Me എന്ന  ഗാനവും  ഉൾപ്പെടുത്തിയിട്ടുണ്ട് . 

    Headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


    ചരിത്രവായനയിലേയും പ്രതിരോധത്തിലേയും ലളിതയുക്തികൾ ചതിക്കുഴികൾ


    സ്നേഹപൂർവ്വം 


    എസ് . ഗോപാലകൃഷ്ണൻ 

    24 ജനുവരി 2022 


    21 min
  • എം കെ പ്രസാദും ഇനിയുള്ള കേരളവും : ഡോ . കെ .പി . കണ്ണൻ സംസാരിക്കുന്നു Dilli Dali 4/2022

    ഈ ലക്കം ദില്ലി -ദാലി ജനുവരി പതിനേഴാം തീയതി എൺപത്തൊൻപതാം വയസ്സിൽ അന്തരിച്ച പ്രൊഫസ്സർ എം . കെ പ്രസാദിനുള്ള ആദരമാണ് . പ്രമുഖ സാമൂഹ്യസമ്പദ്ശാസ്ത്രജ്ഞനായ ഡോ . കെ പി കണ്ണനുമായുള്ള ഒരഭിമുഖമാണിത് .  എന്താണ് ഇന്നത്തെ കേരളം പ്രസാദ് സാറിൽ നിന്നും മനസ്സിലാക്കേണ്ട സന്ദേശം ? സൈലൻറ് വാലി പ്രക്ഷോഭം വിജയിച്ചത് എന്തുകൊണ്ടാണ് ? അതിൽ കൂടുതൽ സാമൂഹികാവബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടും നർമ്മദാ അണക്കെട്ടുവരുന്നത് തടയാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ് ? താർക്കിക കേരളത്തിൽ ഏതുവിഷയവും YES / NO എന്ന ദ്വന്ദത്തിലേക്ക് ലഘൂകരിക്കപ്പെടുന്നുവോ ? ആരോഗ്യകരമായ സംവാദത്തിൻ്റെ ആവശ്യത്തെക്കുറിച്ച് എം . കെ . പ്രസാദിൻ്റെ  ജീവിതം നമ്മോട് പറയുന്നതെന്താണ് ? മരണത്തിനു തൊട്ടുമുന്നേ അദ്ദേഹം നടത്തിയ അവസാന സാമൂഹ്യയിടപെടലിൽ  കേരളാ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് എന്താണ് ?  ഡോക്ടർ കെ .പി കണ്ണനുമായുള്ള അഭിമുഖത്തിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം   

    എസ്‌ . ഗോപാലകൃഷ്ണൻ  

    17 ജനുവരി 2022

    37 min
  • തകഴിയുടെ 'കന്യാസ്ത്രീ' ഒരു വായനാനുഭവം A podcast by S Gopalakrishnan Dilli Dali 3/2022

    " കന്യാസ്ത്രീയുടെയും പുരോഹിതൻ്റെയും കുപ്പായങ്ങൾ മാറിയാൽ പിന്നീട് രക്തവും മാംസവും കൊണ്ടുനിർമ്മിച്ച മനുഷ്യരൂപങ്ങളാണ് ....മാംസത്തിന് മാംസത്തിനോട് ചേരാൻ അഭിനിവേശമുണ്ട് " : തകഴി   


    പ്രിയ സുഹൃത്തേ ,  

    വക്കീലന്മാരും ന്യായാധിപൻമാരും പൊതുവേ സമ്മതിക്കുന്ന ഒരു കാര്യമാണ് കോടതി നിയമവശമാണ് നോക്കുന്നത് നീതിയല്ല എന്നത് . അതുകൊണ്ടാണ് അവർ തന്നെ പറയുന്നത് കേസ് കൊടുക്കാൻ അറിഞ്ഞാൽ പോരാ , കേസ് നടത്താനും അറിയണമെന്ന് . കേസ് നടത്തുക എന്ന നീതി-ന്യായ വ്യവഹാരയിടത്തിലാണ്  അശരണരും ആലംബഹീനരും നിശ്ശബ്ദരും കോടതിയിൽ ഒറ്റപ്പെട്ടുപോകുന്നത് . പുറത്തുനിൽക്കുന്നവർ ഈ കോടതി എന്നുവെച്ചാൽ നമുക്കു മനസ്സിലാകാത്ത ഒരു സംവിധാനമാണെന്ന് കരുതിത്തുടങ്ങുന്നത് ...അവർക്കു മനസ്സിലാകാത്ത ഇംഗ്ളീഷിൽ , അവർക്കു മനസ്സിലാകാത്ത നിയമവ്യാഖ്യാനങ്ങളിൽ അവരുടെ ജീവിതത്തിലെ ഒരു ദുരനുഭവത്തെ ചില മാന്യന്മാർ വിലയിരുത്തുന്നതിലും ഒരുതരം ബലാത്സംഗം ഇല്ലേ ?  ഈ ലക്കം ദില്ലി -ദാലി ഏകദേശം അറുപതാണ്ടുകൾക്കുമുൻപെങ്കിലും തകഴി എഴുതിയ ഒരു കഥയുടെ വായനാനുഭവമാണ് . അസാധാരണമാണ് ഇക്കഥ . അവിടെ പുരോഹിതൻ എന്ന പുരുഷൻ നൈതികമായി ദുർബലനായി ഒരു വെള്ളവസ്ത്രത്തിൽ നിൽക്കുന്നു . എന്നാൽ അയാളെ പള്ളിയും നിയമവും ഒരു മ്യൂസിയത്തിൽ കാലഹരണപ്പെട്ട  ശിലായുഗപാത്രത്തെ സംരക്ഷിക്കുംപോലെ സംരക്ഷിക്കുന്നു . എന്നാൽ തകഴിയുടെ കന്യാസ്ത്രീ ഒറ്റക്കു നടക്കുന്നു ....ഒരു ചെറിയകാറ്റ് അനക്കം വെച്ച് , ഇലകളിളക്കി , വളർന്ന് , ചുഴലിക്കാറ്റായി വളർന്ന് പള്ളിമണികളെ കശക്കിയെറിഞ്ഞ് ആകാശങ്ങളിലേക്ക് ഉയരുന്നു .  പോഡ്‌കാസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം : AVE MARIA - Sister Choir Gregorian Chant - Benedectine Nuns  നല്ല കേൾവിയനുഭവത്തിന് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  


    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  15 ജനുവരി 2022

    19 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners