പ്രധാന വാർത്തകൾ ഒന്നിലേറെയുണ്ട് ഇന്ന്. ഷിരൂരിൽ അർജുന്റെ ലോറി ഗംഗാവാലി പുഴയിൽ കണ്ടെത്തിയെന്ന വിവരമുണ്ട്. മലയാള മനോരമ അതാണ് പരമപ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനമാണ് മാധ്യമം, മാതൃഭൂമി, ദീപിക, കേരളകൗമുദി, മംഗളം തുടങ്ങിയ പത്രങ്ങളുടെ ലീഡ്. ദേശാഭിമാനിയൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ഫീസ് കുറയ്ക്കലിനെ തെറ്റുതിരുത്തൽ നടപടിയായിട്ടാണ് എടുത്തിരിക്കുന്നത്.
മാധ്യമത്തിന്റെ തലക്കെട്ട് തന്നെ അതാണ്- തെറ്റുതിരുത്തൽ. പ്ലാൻ ബി എന്നാണ് മാതൃഭൂമിയുടെ പരിഹാസം. ഒരു കെട്ടിടത്തിന്റെ പ്ലാനിനകത്താണ് മാതൃഭൂമി വാർത്ത വിന്യസിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ, അതായത് ജുവനൈൽ പ്രായത്തിൽ കൊലക്കേസിൽ കുടുങ്ങി വലിയവരെപ്പോലെ ശിക്ഷ അനുഭവിക്കേണ്ടിവന്ന രണ്ട് സഹോദരന്മാരുടെ കഥയുണ്ട് മാതൃഭൂമി ഒന്നാം പേജിൽ. വാർത്തകൾ അങ്ങനെയേറെയുണ്ട്.